ന്യൂഡല്‍ഹി:കര്‍ണാടകയിലേറ്റ തിരിച്ചടിയിലും നാണക്കേടിലും പരസ്യമാവുന്നത് ബി.ജെ.പി.യുടെ ഇരട്ടമുഖം. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയനോട്ടീസ് ഒരുതരത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് ബി.ജെ.പി. കഴിഞ്ഞസമ്മേളനത്തില്‍ സ്വീകരിച്ചത്. അതേസമയം, കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലെന്ന് തുടക്കത്തിലേ വ്യക്തമായിട്ടും കോണ്‍ഗ്രസിനെയും ജനതാദളിനെയും പിളര്‍ത്തി വിശ്വാസവോട്ട് നേടാനുള്ള ശ്രമം അവര്‍ നടത്തി. രണ്ടും ജനാധിപത്യവിരുദ്ധം.

പ്രധാനമന്ത്രി മോദിയും പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായും പയറ്റിയ എല്ലാ അടവുകളും പ്രതിപക്ഷ ഐക്യത്തിന്റെയും കോടതി ഇടപെടലിന്റെയും മതിലില്‍തട്ടി തകരുകയായിരുന്നു. 'വ്യത്യസ്തമായ പാര്‍ട്ടി'യാണ് തങ്ങളെന്ന ബി.ജെ.പി.യുടെ പ്രഖ്യാപിത മുദ്രാവാക്യത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സഖ്യങ്ങളും ധാരണകളും ഉണ്ടാക്കാന്‍ കരുത്തുപകരുന്നതാണ് കര്‍ണാടകയിലെ സംഭവങ്ങള്‍. തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സാധ്യമായ എല്ലായിടങ്ങളിലും ബി.ജെ.പി.ക്കെതിരേ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കും. ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷം എല്ലായിടങ്ങളിലും നടപ്പാക്കുക.

യു.പി.യില്‍ എസ്.പി.-ബി.എസ്.പി.-കോണ്‍ഗ്രസ് സഖ്യം ഇന്നത്തെ നിലയില്‍ ബി.ജെ.പി.ക്ക് കനത്ത വെല്ലുവിളിയാകും. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തോടെ സംസ്ഥാനത്തെ ബി.ജെ.പി.യുടെ ലോക്‌സഭാ സീറ്റുകള്‍ ആറായി കുറയുമെന്നാണ് പ്രവചനം. പൊതുതിരഞ്ഞെടുപ്പിനുമുന്‍പ് എസ്.പി., ബി.എസ്.പി., ആര്‍.ജെ.ഡി., തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., ശിവസേന, തെലുഗുദേശം, തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദള്‍, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷപാര്‍ട്ടികളുമെല്ലാം അതതിടങ്ങളില്‍ ബി.ജെ.പി.ക്കെതിരേ സാധ്യമായ സഖ്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. തങ്ങള്‍ക്ക് സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും നീക്കുപോക്കുകള്‍ക്ക് തയ്യാറാകും.

ഫലത്തില്‍ 1996-ല്‍ ബി.ജെ.പി. ഏറ്റവുംവലിയ ഒറ്റകക്ഷിയായിമാറിയശേഷം കോണ്‍ഗ്രസിതര പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഐക്യമുന്നണി ഉണ്ടാക്കിയതിന് സമാനമായ അന്തരീക്ഷമാണ് ദേശീയതലത്തില്‍ ഉരുത്തിരിയുന്നത്. ബി.ജെ.പി. ഒരുവശത്തും ഫെഡറല്‍ മുന്നണി മറുവശത്തും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ആശ്ചര്യപ്പെടാനില്ല.

1996-ല്‍ ഭൂരിപക്ഷമില്ലാതെ വാജ്‌പേയി 13 ദിവസത്തെ സര്‍ക്കാരുണ്ടാക്കിയതിന് ഏതാണ്ട് സമാനമായ സ്ഥിതിയാണ് കര്‍ണാടകത്തിലും നടന്നത്. നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസിന് ലഭിച്ചത് 140 സീറ്റാണ്. 161 സീറ്റുമായി ബി.ജെ.പി. ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ വാജ്‌പേയിയെ ക്ഷണിച്ചു. പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായിരുന്നിട്ടുകൂടി അദ്ദേഹം സര്‍ക്കാരുണ്ടാക്കുകയും 13 ദിവസത്തെ ഭരണത്തിനുശേഷം സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജിവയ്ക്കുകയും ചെയ്തു. വാജ്‌പേയിക്കുശേഷം കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായത് ഐക്യമുന്നണി നേതാവ് ദേവഗൗഡയാണ്. അദ്ദേഹത്തിന്റെ മകന്‍ കുമാരസ്വാമിയാണ് കര്‍ണാടകത്തില്‍ ഇപ്പോള്‍ ബി.ജെ.പി. മുഖ്യമന്ത്രിക്കുപകരം ചുമതലയേല്‍ക്കുന്നതെന്നത് ശ്രദ്ധേയമാണ്.

1996-ല്‍ ബി.ജെ.പി.യോടൊപ്പം പോകാന്‍ ശിവസേനയും അകാലിദളും നിതീഷ് കുമാറിന്റെ സമതാപാര്‍ട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, രണ്ടുകൊല്ലംകൊണ്ട് സ്ഥിതിമാറി. 1998 ആകുമ്പോഴേക്കും എന്‍.ഡി.എ. എന്ന രാഷ്ട്രീയസഖ്യം തിരഞ്ഞെടുപ്പിനുമുന്‍പുതന്നെ നിലവില്‍വന്നു. ഒട്ടേറെ സഖ്യകക്ഷികളുടെ പിന്തുണയോടെ വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി. ഇന്നത്തെ എന്‍.ഡി.എ.യില്‍ ബി.ജെ.പി.യോടൊപ്പം നില്‍ക്കുന്നത് ഇവരില്‍ അകാലിദളും നിതീഷ് കുമാറിന്റെ ജനതാദളും മാത്രമാണ്. ശിവസേന സഖ്യത്തിലുണ്ടെങ്കിലും ബി.ജെ.പി.യുടെ നിരന്തര വിമര്‍ശകരാണ്.