ടുവില്‍ പന്ത് ജനതാദള്‍ എസിന്റെ കോര്‍ട്ടില്‍ തന്നെ വന്നു. രാഷ്ട്രീയനാടകങ്ങളുടെ ശുഭാന്ത്യത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി. അഭിപ്രായസര്‍വ്വേകളില്‍ കുമാരസ്വാമിക്ക് കിങ്‌മേക്കര്‍ പരിവേഷമായിരുന്നു. കിങ്‌മേക്കര്‍ അല്ല താന്‍ കിങ് തന്നെയാവുമെന്ന് കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമാനതകളില്ലാത്ത വഴിത്തിരിവായി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാറിയപ്പോള്‍ അത് ജനതാദളിന്റെയും കുമാരസ്വാമിയുടെയും ശക്തമായ തിരിച്ചുവരവിനുള്ള മുഹൂര്‍ത്തം കൂടിയായി.

കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിയാതെ വന്നിടത്താണ് ജനതാദള്‍ നേട്ടം കൊയ്തത്. സര്‍ക്കാര്‍ രൂപീകരണത്തിനായി ജെഡിഎസിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന്‌ കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ജെഡിഎസ് അങ്ങനെ ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിലെത്തി.

സിനിമാ നിര്‍മ്മാതാവില്‍നിന്ന് രാഷ്ട്രീയനേതാവിലേക്കുള്ള കളംമാറ്റമാണ് കുമാരസ്വാമിയുടെ ജീവിതം. കന്നഡിഗര്‍ക്ക് മണ്ണിന്റെ മകനും കുമാരണ്ണയുമൊക്കെയാണ് അദ്ദേഹം. യാദൃശ്ചികമായായിരുന്നു കുമാരസ്വാമിയുടെ രാഷ്ട്രീയപ്രവേശം. 1996ല്‍ ബംഗളൂരു റൂറലിലെ കനകപുരയില്‍ നിന്നായിരുന്നു കന്നിയങ്കം. അന്ന് തിളക്കമേറിയ വിജയം നേടിയ കുമാരസ്വാമിയുടെ രാശി തെളിഞ്ഞത് ജനതാദള്‍ എസ് വിട്ട് സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെയാണ്.

അന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുണ്ടായിരുന്ന ധരംസിങ് സര്‍ക്കാരിനെ തകിടംമറിച്ച് ജെഡിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയുമായി കൂട്ടുചേരുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. ചുരുങ്ങിയകാലത്തെ മുഖ്യമന്ത്രിസ്ഥാനം കൊണ്ടുതന്നെ ഏറെ ജനകീയനാകാനും കുമാരസ്വാമിക്ക് കഴിഞ്ഞതാണ് ചരിത്രം. അന്ന് മുതല്‍ ഇന്നു വരെ സിദ്ധരാമയ്യ ജെഡിഎസിന് ശത്രുസ്ഥാനത്താണ്. ആ ശത്രുത മാത്രമാണ് കോണ്‍ഗ്രസിനോട് ജെഡിഎസിന് ഉണ്ടായിരുന്ന അനിഷ്ടവും. ഒന്നാം സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ ഒന്നുമല്ലാതായിത്തീര്‍ന്ന കോണ്‍ഗ്രസാണ് ഇപ്പോഴത്തേത്. തങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് സൗഹൃദത്തിലാകാന്‍ ഇതിലും നല്ല വേറൊരു അവസരമില്ലെന്ന് ജെഡിഎസും കണക്കുകൂട്ടുന്നു.

ചരിത്രം ആവര്‍ത്തിച്ച് ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം ഇടയ്‌ക്കെങ്കിലും ഉയര്‍ന്നിരുന്നു. മൈസൂരു കോര്‍പ്പറേഷനില്‍ നിലവില്‍ ബി.ജെ.പിയും ജനതാദള്‍ എസും ചേര്‍ന്നാണ് ഭരണം. നിയമനിര്‍മ്മാണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി. നേടിയത് ജനതാദള്‍ എസിന്റെ പിന്തുണയോടെയാണ്. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ബിജെപി-ജെഡിഎസ് സഖ്യസാധ്യത ഏവരും മുന്നോട്ട് വച്ചത്.

എന്നാല്‍, പഴയ തെറ്റ് ഇനി ആവര്‍ത്തിക്കാനില്ലെന്ന് ദേവഗൗഡ നിലപാട് ഉറപ്പിച്ചു. കുമാരസ്വാമിയെങ്ങാനും ബിജെപിയോട് കൂട്ട് കൂടാന്‍ ശ്രമിച്ചാല്‍ കുടുംബത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്ന കാര്‍ക്കശ്യവും പരസ്യമായുണ്ടായി. എന്തായാലും, ഒടുവില്‍ എല്ലാം ജെഡിഎസിന്റെ വഴിക്ക് തന്നെ എത്തി. പതിനെട്ടടവും പയറ്റി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ തോല്‍പ്പിച്ച ജെഡിഎസിന്റെ കാല്‍ക്കല്‍ തന്നെ പത്തൊമ്പതാമത്തെ അടവു പുറത്തെടുത്ത് കോണ്‍ഗ്രസ് സാഷ്ടാംഗം വീണു, ബാക്കിയൊക്കെ കാത്തിരുന്ന് കാണാം!!

content highlights: Karnataka Election 2018, karnataka election results, jds-congress alliance to form government, H.D.Kumaraswami