കര്‍ണാടകത്തില്‍ ഇത്തവണ പോരാട്ടം കനക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ആരും പിന്നിലല്ലെന്ന് പറയേണ്ടി വരും. കോണ്‍ഗ്രസും ബി. ജെ. പി.യും തമ്മിലാണ് ശക്തമായ പോരാട്ടമെങ്കിലും തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസിനോട് മല്‍സരിക്കുന്നത് ജനതാദള്‍. എസാണ്. 61 സീറ്റുള്ള തെക്കന്‍ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ജനതാദള്‍. എസ് തകര്‍ത്താല്‍ നേട്ടം കൊയ്യുന്നത് ബി. ജെ. പി.യായിരിക്കും. അടുത്തിടെ പുറത്തുവന്ന രണ്ട് അഭിപ്രായ സര്‍വ്വെകളും കര്‍ണാടകത്തില്‍ തൂക്കുസഭയാണെന്നാണ് പ്രവചിക്കുന്നത്. ഇതില്‍ സന്തോഷിക്കുന്നത് ജനതാദള്‍ എസാണ്. 

ഞങ്ങളായിരിക്കും 'കിങ് മേക്കര്‍' എന്നാണ് കുമാരസ്വാമിയുടെ അവകാശവാദം. നിലവില്‍ കോണ്‍ഗ്രസിനുള്ള മേല്‍ക്കൈ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇല്ലാതാകുമെന്നാണ് ബി. ജെ. പി.യുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബി. ജെ. പി. മുഖ്യമന്തിമാര്‍ എന്നിവര്‍ കാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറിയേക്കും. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യ ടുഡെ സര്‍വ്വെയില്‍ കോണ്‍ഗ്രസിന് 90 മുതല്‍ 101 വരെ സീറ്റും ബി ജെ പിക്ക് 78 മുതല്‍ 86 സീറ്റുവരെയും ജനതാദള്‍ എസിന് 34 മുതല്‍ 43 വരെ സീറ്റുമാണ് പ്രവചിക്കുന്നത്. 224 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 113 സീറ്റാണ് ആവശ്യം. എന്നാല്‍ സര്‍വ്വെയില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനം മാത്രമാണ്. ഇതില്‍ നിന്നും ഇത്തവണത്തെ പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് വ്യക്തമാകും. 

sidharamayya

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ഇത്തവണ പ്രത്യേകത. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്ഷേമ പദ്ധതികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു രൂപക്ക് 30 കിലോ അരി നല്‍കുന്ന അന്നഭാഗ്യ പദ്ധതിക്ക് ഗ്രാമങ്ങളില്‍ വന്‍ സ്വകരണം ലഭിച്ചു. ഇതോടൊപ്പം അഞ്ച് രൂപക്ക് പ്രഭാത ഭക്ഷണവും പത്ത് രൂപക്ക് ഉച്ച ഭക്ഷണവും നല്‍കുന്ന ഇന്ദിര കാന്റീന്‍ നഗരങ്ങളിലും സ്വീകരിക്കപ്പെട്ടു. എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങളൊന്നും തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നില്ലെന്നാണ് പ്രത്യേകത. ജതീയതയും വര്‍ഗ്ഗീയതയുമാണ് പ്രധാന ചര്‍ച്ച വിഷയം. ബി. ജെ. പി.യുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തെ മുഖ്യമന്ത്രി നേരിട്ടത് ജാതീയതും പ്രാദേശിക വാദവും കൊണ്ടാണ്. ഇതുവരെ കാണാത്ത പ്രാദേശിക വാദത്തിനാണ് ഇത് തുടക്കമിട്ടത്. 


ജാതീയതയും പ്രാദേശീക വാദവും

ലിംഗായത്തിന് പ്രത്യേക മതം, കര്‍ണാടകത്തിന് സ്വന്തം പതാക, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം ബി. ജെ. പി.യെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്. ജാതി രാഷ്ട്രീയത്തിന് എക്കാലത്തും പ്രധാന്യമുള്ള കര്‍ണാടകത്തില്‍ സിദ്ധരാമയ്യയുടെ ചാണക്യതന്ത്രം ഫലിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാനും അനുകൂലിക്കാനും കഴിയാത്ത അവസ്ഥയിലാണ് ബി. ജെ. പി. വീരശൈവ ലിംഗായത്ത് വിഭാഗത്തിന് എന്നും നിര്‍ണയാക സ്വാധീനുമണ്ട്. ലിംഗായത്ത് മഠങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ച ബി. എസ്. യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് 2008 ല്‍ ബി. ജെ. പി. ദിക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിപ്പിച്ചത്. 

Yedyurappa

ആരോപണങ്ങള്‍ ഏറെയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യെദ്യൂരപ്പയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതും ലിംഗായത്ത് പിന്തുണ കണ്ടാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയായിരുന്നു. എന്നാല്‍ 1990ല്‍ ലിംഗായത്ത് നേതാവായ വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കിയതോടെയാണ് ലിംഗായത്ത് കോണ്‍ഗ്രസുമായി ഇടഞ്ഞത്. സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന് 224 നിയമസഭ മണ്ഡലങ്ങളില്‍ 100 എണ്ണത്തില്‍ നിര്‍ണയാക ശക്തിയാണ്. ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കുന്നതിനെ ആര്‍. എസ്. എസും എതിര്‍ത്തിരുന്നു. ഹിന്ദു മതത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നാരോപണമാണ് ബി. ജെ. പി. ഉന്നയിക്കുന്നത്.  

ലിംഗായത്ത് നേതാവായ യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയെന്നതാണ് ലക്ഷ്യമെന്നും ആരോപിക്കുന്നു. പരമ്പരാഗതമായി ബി. ജെ. പി. പിന്തുണച്ച വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ വോട്ട് ഒറ്റയടിക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിലൂടെ 20 മുതല്‍ 30 ശതമാനം വരെ പിന്തുണ ലഭിക്കുമൊണ് കണക്കുക്കൂട്ടല്‍. ഇതിലൂടെ 25 സീറ്റുകള്‍ വരെ നേടാനാകും. ഇഞ്ചോടിഞ്ച് പേരാട്ടത്തില്‍ ഇത്തരമൊരു അടിയൊഴുക്ക് നിര്‍ണായകമായേക്കും. വടക്കന്‍ കര്‍ണാടകത്തില്‍ വിജയമുറപ്പിക്കാന്‍ ലിംഗായത്ത് മതം സഹായിക്കുമെന്നും സിദ്ധരാമയ്യ കരുതുന്നു. 

ജാതീയതയുടെയും പ്രാദേശിക വാദത്തിന്റേയും വിളവെടുപ്പായിരിക്കും കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ്. വികസന പ്രശ്നങ്ങളൊന്നും ചര്‍ച്ചയാകുന്നില്ല. എല്ലാ പാര്‍ട്ടകളും ജാതിയുടെ പിന്നാലെയാണ്. ജാതിയും വര്‍ഗ്ഗീയതയും ചര്‍ച്ചയാകുമ്പോള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളാണ് അവഗണിക്കപ്പെടുത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും  ബി. ജെ. പി. അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാനത്തെത്തിയപ്പോള്‍ ആദ്യം സന്ദര്‍ശിച്ചത് വിവിധ സമുദായ മഠങ്ങളായിരുന്നു. ജാതി നേതാക്കളുമായി ചര്‍ച്ച നടത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് മുേന്നറുന്നത്. 

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് കര്‍ണാടകത്തിലാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 3515 പേര്‍ ജീവനൊടുക്കി. വടക്കന്‍ കര്‍ണാടകയില്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമി 
വെള്ളം കിട്ടാതെ നശിച്ചു. കടക്കെണിയും കാര്‍ഷികോത്പങ്ങളുടെ വില തകര്‍ച്ചയും കര്‍ഷകരുടെ നട്ടൊല്ലൊടിക്കുകയാണ്. എന്നാല്‍ ഇതൊന്നും നേതാക്കളുടെ പ്രചാരണത്തില്‍ ചര്‍ച്ചയാകുന്നില്ല. ലിംഗായത്ത്, വൊക്കലിഗ, കുറുമ്പ, ദളിത് മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയാണ് സംസ്ഥാനത്തെ പ്രധാന സമുദായങ്ങള്‍. വൊക്കലിഗ എട്ട് ശതമാനം, ദളിത് പിന്നാക്ക വിഭാഗം 24 ശതമാനം, മുസ്ലിം 12 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. ഇവരെ തൃപതിപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. 

h d kumaraswamy

ജനതാദള്‍.എസ് ആരെ പിന്തുണക്കും? 


കര്‍ണാടകത്തില്‍ തൂക്കുസഭ വന്നാല്‍ ജനതാദള്‍. എസ് ആരെ പിന്തുണക്കും? ഇതറിയാന്‍ രാഷ്ട്രീയ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അധികാരം പടിക്കാന്‍ ബി. ജെ. പി. ആരുമായും കൂട്ടുകൂടിയേക്കും. ഭൂരിപക്ഷമില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യ സര്‍ക്കാറിന് ശ്രമിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് റാലികളില്‍ ജനതാദള്‍. എസിനെ വിമര്‍ശിക്കാന്‍ ബി. ജെ. പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയ്യാറായിട്ടില്ല. ജനതാദള്‍. എസിനോടുള്ള മൃദു സമീപനം ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണൊണ് വ്യക്തമാണ്. 2013 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാദള്‍. എസ് 40 സീറ്റില്‍ വിജയിച്ചിരുന്നു. ഇതേ പ്രകടനം കാഴ്ചവെച്ചാല്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തില്‍ ജനതാദള്‍.എസ് നിര്‍ണായക ശക്തിയാകും. 

ഇത്തവണ ആദ്യമായി  ജനതാദള്‍ എസ് -ബി. എസ്. പിയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്.  ഇതോടെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മല്‍സരമായിരിക്കും. കോണ്‍ഗ്രസ് ബ.ി ജെ. പി. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജനതാദള്‍. എസിന് ഭൂരിപക്ഷം ആരും പ്രവചിക്കുന്നില്ല. അതിനാല്‍, സഖ്യ സര്‍ക്കാറുണ്ടാക്കാനുള്ള അവസരം വാന്നല്‍ തട്ടിമാറ്റാനിടയില്ല. ദീര്‍ഘക്കാലം അധികാത്തില്‍ നിന്ന് മാറി നിന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെയും ബാധിച്ചേക്കും. 2005 ല്‍ ജനതാദള്‍. എസ് വിട്ട് കോണ്‍ഗ്രസിലെത്തിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. അതിനാല്‍, സിദ്ധരാമയ്യക്ക് പിന്തുണ നല്‍കാന്‍ ജനതാദള്‍. എസ് നേതൃത്വം തയ്യാറാകില്ലെന്ന് രാഷ്രടീയ നിരീക്ഷകര്‍ പറയുന്നു. 

2006 ലെ രാഷ്ട്രീയ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ല. കോണ്‍ഗ്രസിലെ ധരംസിങ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചാണ് 2006ല്‍ ബി. ജെ. പി. പിന്തുണയോടെ എച്ച്. ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായത്. ഇത്തരമൊരു സാധ്യത തള്ളാനാകില്ല. മൈസൂരു കോര്‍പ്പറേഷനില്‍ ബി. ജെ. പി.യും ജനതാദള്‍. എസും ചേര്‍ന്നാണ് ഭരിക്കുന്നത്. നിയമനിര്‍മ്മാണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ബി. ജെ. പി. നേടിയത് ജനതാദള്‍ എസിന്റെ പിന്തുണയോടെയാണ്. ബെംഗളൂരു കോര്‍പ്പറേഷനില്‍ ജനതാദള്‍ എസ് കോണ്‍ഗ്രസിനോടൊപ്പാണ്. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഹചര്യം വാന്നല്‍ ബി. ജെ. പി. കേന്ദ്ര നേതൃത്വം സഖ്യത്തിന് വേണ്ടി എന്തും ചെയ്തേക്കാം. ജനതാദളിനെ പാട്ടിലാക്കാന്‍ ബി. ജെ. പി. ഏത് തന്ത്രവും പ്രയോഗിക്കും. കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്ന ജനതാദള്‍ എസിന്റെ നിലപാടിനോട് ഇടത് പാര്‍ട്ടിള്‍ക്കും എതിര്‍പ്പുണ്ട്. ' ഞങ്ങളുടെ മുഖ്യശത്രു ബി ജെ പിയാണ്. എന്നാല്‍ ദളിന്റെ ശത്രു കോണ്‍ഗ്രസാണ്' തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് സി പി എമ്മിന്റെ മറുപടിയിതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെടുത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ബി ജെ പിയും ജനതാദള്‍ എസും. 


ഇടത് പാര്‍ട്ടികളും ചെറുപാര്‍ട്ടികളും

നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇടത് പാര്‍ട്ടകള്‍. 2004ന് ശേഷം ചുവപ്പ് കൊടിയെ പ്രതിനിധീകരിച്ച് ആരും വിധാന സൗധയിലെത്തിയിട്ടില്ല. സി. പി. എം. സംസ്ഥാന സെക്രട്ടറി ജി. വി. ശ്രീരാം റെഡ്ഡിയുടേതായിരുന്നു വിധാന സൗധയിലെ അസാനത്തെ ഇടതിന്റെ ശബ്ദം. നിയമസഭയില്‍ ഒരംഗത്തെയെങ്കിലും എത്തിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് സി. പി. എം. നേതൃത്വം. സഖ്യശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലാണ് സി. പി. എം. മല്‍സരിക്കുന്നത്. സി. പി. ഐ.യുടെ സഹകരണത്തോടെയാണ് മല്‍സരം. നാല് മണ്ഡലങ്ങളില്‍ സി. പി. ഐയും മല്‍സരിക്കുുണ്ട്. സി. പി. ഐ(എം. എല്‍. ലിബറേഷന്‍) എസ്.യു. സി. ഐ(സി) എീ പാര്‍ട്ടികളുമായുള്ള സഖ്യത്തിനും നീക്കം നടക്കുന്നുണ്ട്. ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഡി ഇത്തവണയും മല്‍സരിക്കുന്നുണ്ട്.  1994ലും 2004ലും ഇവിടെ നിന്ന് ശ്രീരാമ റെഡ്ഡി വിജയിച്ചിരുന്നു. ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെ് ജനതാദള്‍. എസ് എച്ച്. ഡി. ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സി. പി. എം. സംസ്ഥാന നേതാക്കളുമായി  ചര്‍ച്ചക്ക് തയ്യാറായില്ല. സി. പി. എം. രണ്ടു തവണ മല്‍സരിച്ച ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍ സി. പി. എം. നേതൃത്വം നല്‍കുന്ന എല്‍. ഡി. എഫില്‍ ജനതാദള്‍. എസ് സഖ്യകക്ഷിയാണ്. എന്നാല്‍ ഈ പരിഗണന കര്‍ണാടകത്തില്‍ ജനതാദള്‍. എസ് നേതാക്കള്‍ നല്‍കുന്നില്ലെന്നും സി. പി. എം. നേതാക്കള്‍ക്ക് പരാതിയുണ്ട്. 

ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള ചെറുപാര്‍ട്ടികള്‍ മല്‍സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസിനേയും ജനതാദള്‍ എസിനേയുമാണ് ആശങ്കയിലാക്കുന്നത്. മതേതരവോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുന്നത് കോണ്‍ഗ്രസിനേയും ജനതാദള്‍ എസിനേയുമാണ് ബാധിക്കുന്നത്. ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ മത്സരിക്കാനുള്ള തീരുമാനം റദ്ദാക്കി ജെഡിഎസിനെ പിന്തുണക്കാന്‍ അവസാന നിമിഷം തീരുമാനിച്ചു. ആള്‍ ഇന്ത്യ മഹിള എംപവര്‍മെന്റ് പാര്‍ട്ടി, എസ് ഡി പി ഐ, എന്നീ പാര്‍ട്ടികളും മല്‍സര രംഗത്തുണ്ട്. കോണ്‍ഗ്രസിനും ദളിനും ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഇത് വിള്ളലുണ്ടാക്കും. സംസ്ഥാനത്തെ 26 മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ഇതുകൂടാതെ ആം ആദ്മി പാര്‍ട്ടി, യോഗേന്ദ്ര യാദവിന്റെ സ്വരാജ്, അഹിന്ദ പാര്‍ട്ടി, ഭാരതീയ ജനശക്തി പാര്‍ട്ടി, എന്നീ പാര്‍ട്ടികളും മല്‍സര രംഗത്തുണ്ട്. ചെറുപാര്‍ട്ടികളെ മല്‍സര രംഗത്തുമാറ്റി നിര്‍ത്താനുള്ള ശ്രമമവും നടക്കുന്നുണ്ട്

Content Highlights: Karnataka election, Congress, BJP, JDS