ബെംഗളൂരുവില്‍ മലയാളിവോട്ടുകള്‍ നിര്‍ണായകമാകും. ഇവിടുത്തെ 28 മണ്ഡലങ്ങളിലായി 12 ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടുള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മലയാളി വോട്ടര്‍മാരുടെ നിലപാടുകള്‍ നിര്‍ണായകമാണ്.

ബെംഗളൂരുവിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കച്ചവടവും മറ്റുമായി മലയാളികള്‍ നിറഞ്ഞുനില്‍ക്കുകയാണ്. എങ്കിലും മലയാളികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തലാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കാത്തത് പോരായ്മയാണ്.

കെ.ആര്‍. പുരം, ബാട്രായനപുര, ദാസറഹള്ളി, സര്‍വജ്ഞനഗര്‍, മഹാദേവപുര, സി.വി. രാമന്‍നഗര്‍, ബി.ടി.എം. ലേഔട്ട്, ബൊമ്മനഹള്ളി, ബെംഗളൂരു സൗത്ത്, ശാന്തിനഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് മലയാളി വോട്ടര്‍മാര്‍ ഏറെയുള്ളത്. ബൊമ്മനഹള്ളിയില്‍ മുപ്പതിനായിരത്തിലധികം മലയാളി വോട്ടര്‍മാരുണ്ട്. ബി.ടി.എം. ലേഔട്ടിലും ബെംഗളൂരു സൗത്തിലും ഇരുപത്തി അയ്യായിരത്തോളം മലയാളി വോട്ടര്‍മാരാണുള്ളത്. മലയാളികള്‍ ഏറെയുള്ള സര്‍വജ്ഞനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നിവിടങ്ങളില്‍ മലയാളികളാണ് മത്സരിക്കുന്നത്.

മേയ് 4, 5 തീയതികളില്‍ കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാട്രായനപുര, ദാസറഹള്ളി, കെ.ആര്‍. പുരം, സര്‍വജ്ഞനഗര്‍, സി.വി. രാമന്‍നഗര്‍, ബി.ടി.എം. ലേഔട്ട്, ജയനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. മലയാളി വോട്ടര്‍മാരെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ബല്ലാരി ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ബി.ജെ.പി. മലയാളി സെല്ലും സജീവമായി മലയാളി വോട്ടര്‍മാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.