തിരഞ്ഞെടുപ്പില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടികള്‍. സംസ്ഥാന ജനസംഖ്യയില്‍ 24 ശതമാനം വരുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ണായക ശക്തിയാണ്. ഗ്രാമങ്ങളില്‍ വിജയമുറപ്പാക്കാന്‍ ഇവരുടെ പിന്തുണ അനിവാര്യവും.

ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍, 2008-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി.യാണ്. 2013-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിത് പിന്തുണ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരേ ദളിത് സംഘടനകള്‍ സമരത്തിലായതിനാല്‍ ഇത്തവണ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ 36 എണ്ണം ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുമുണ്ട്. ദളിത് ജനസംഖ്യ 1.08 കോടിയാണ്. 60 മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഇവര്‍ക്കാകും. ഇതാണ് പിന്തുണ ഉറപ്പാക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നത്. ദളിത് വീടുകളിലെത്തി ബി.എസ്. യെദ്യൂരപ്പ ഭക്ഷണം കഴിച്ചതും വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം വിളമ്പിയതും പിന്തുണ ഉറപ്പാക്കുന്നതിനാണ്.

സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പിങ് സൊസൈറ്റി അടുത്തിടെ നടത്തിയ സര്‍വേയില്‍ 50 ശതമാനം ദളിതരുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ബി.ജെ.പി.ക്ക് 20 ശതമാനത്തിന്റെ പിന്തുണയും ലഭിക്കും. 2008-ലാണ് ബി.ജെ.പി.ക്ക് ദളിത് വിഭാഗത്തിന്റെ കൂടുതല്‍ പിന്തുണ ലഭിച്ചത്. 36 സംവരണ സീറ്റില്‍ 22 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞു. എന്നാല്‍, 2013-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിച്ചത് കോണ്‍ഗ്രസാണ്. പിന്നാക്കവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്കിടയില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ജസ്റ്റിസ് സദാശിവ കമ്മിഷന്‍ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ പിന്തുണനല്‍കിയത് ദളിത് വിഭാഗങ്ങളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ ആഭ്യന്തരസംവരണം ഏര്‍പ്പെടുത്തുന്നതിനെ ദളിത് വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. സദാശിവ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. പിന്നാക്കവിഭാഗത്തില്‍ 101 ജാതികളുണ്ട്. ഇതിനെ നാലായി വിഭജിച്ച് ഒരോ വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തണമെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

ജനതാദള്‍-എസ്, ബി.എസ്.പി.യുമായി സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസിന് ലഭിക്കുന്ന ദളിത് വോട്ടില്‍ വിള്ളലുണ്ടാക്കിയേക്കും. പിന്നാക്ക സംവരണ മണ്ഡലങ്ങളില്‍ ദള്‍-ബി.എസ്.പി. സഖ്യമാണ് മത്സരിക്കുന്നത്. പട്ടികജാതി ആക്ട് സംബന്ധിച്ച വിധിയില്‍ രാജ്യവ്യാപകമായി ദളിത് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇത് ദളിത് പിന്നാക്ക മേഖലകളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വികാരത്തിനിടയാക്കി. കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ ദളിത് വിരുദ്ധ പരാമര്‍ശവും ബി.ജെ.പി.ക്ക് തിരിച്ചടിയാകും.

അനന്തകുമാര്‍ ഹെഗ്‌ഡെക്കെതിരേ ദളിത് സംഘടനകള്‍ പ്രതിഷേധത്തിലാണ്. കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം ദളിത് വിഭാഗങ്ങള്‍ക്കെതിരേ ആക്രമണങ്ങളുടെ പരമ്പരയാണ് അരങ്ങേറിയതെന്ന് ദളിത് നേതാവ് ആഞ്ജനേയ പറഞ്ഞു. ബി.എസ്.പി. നേതാവ് മായാവതിയും ഗുജറാത്തില്‍നിന്നുള്ള ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ബി.ജെ.പി.ക്കെതിരേ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ദളിത് പിന്നാക്ക കൂട്ടായ്മയായ അഹിന്ദ് ദളിതര്‍ക്കിടയില്‍ സജീവമായി പ്രചാരണത്തിലുണ്ട്.

ജാതി നിര്‍ണായകം

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജാതീയതയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ദേശീയ പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രാഥമിക പരിഗണന നല്‍കിയത് സമുദായത്തിനാണ്. ലിംഗായത്ത്, വൊക്കലിഗ, കുറുംബ എന്നിവയാണ് പ്രധാന സമുദായങ്ങള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാക്ക വിഭാഗമായ കുറുംബ സമുദായാംഗമാണ്.