ന്ത്യന്‍ ജനാധിപത്യത്തിന് ഒരേയൊരു വിശുദ്ധ ഗ്രന്ഥമേയുള്ളൂ - ഭരണഘടന. ഭരണഘടനാ ശില്‍പികള്‍ അതീവ ജാഗ്രതയോടെ രൂപം നല്‍കിയ ഈ ഗ്രന്ഥമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവും പരമാത്മാവും. ഈ ഭരണഘടനയുടെ അന്തഃസത്ത ഭരണകൂടം പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട കടമ സുപ്രീംകോടതിയില്‍ നിക്ഷിപ്തമാണ്. ഭരണഘടനയുടെ കാലോചിതമായ വ്യാഖ്യാനത്തിലൂടെ സുപ്രീകോടതി ഉറപ്പുവരുത്തുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തുടര്‍ച്ചയും പാരസ്പര്യവുമാണ്.  ഇതിപ്പോള്‍ കര്‍ണ്ണാടകത്തില്‍ ജനാധിപത്യത്തിന്റെ നിലവിളി ഉയരുമ്പോള്‍ സുുപ്രീംകോടതി ചരിത്രപരമായ ദൗത്യം നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ പൗരസമൂഹം. 

 ഭരണഘടനയുടെ 361 ാം വകുപ്പ് പ്രകാരം ഗവര്‍ണ്ണര്‍ ഇത്തരം ഘട്ടങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. നീതിപൂര്‍വവും നിക്ഷ്പക്ഷവുമായ തീരുമാനങ്ങളാണ് ഗവര്‍ണ്ണര്‍ എടുക്കുക എന്ന അനുമാനത്തിലാണ് ഭരണഘടനാശില്‍പികള്‍ ഗവര്‍ണ്ണര്‍ക്ക് ഈ പരിരക്ഷ നല്‍കിയത്. പക്ഷേ,  തീരുമാനം ഏകപക്ഷീയമാണെന്നും ദുരുദ്ദേശപരമാണെന്നും ബോദ്ധ്യപ്പെട്ടാല്‍ സുപ്രീംകോടതിക്ക് ഇടപെടാമെന്നാണ് എസ് ആര്‍ ബൊമ്മയും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. അതായത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളുടെ സംരക്ഷണം സുപ്രീംകോടതിയുടെ ബാദ്ധ്യതയും കടമയുമാണ്.

1989 ല്‍ കര്‍ണ്ണാടകത്തില്‍ എസ്. ആര്‍. ബൊമ്മൈ സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെതിരെയുള്ള കേസില്‍ ഒമ്പതംഗ സുപ്രീംകോടതി ബഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356 ാം വകുപ്പ് വിശകലനം ചെയ്തുകൊണ്ട് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് അടിസ്ഥാനപരമായി നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ , ദുരുദ്ദേശപരമായാണ് ഭരണഘടനയുടെ വകുപ്പുകള്‍ പ്രയോഗിക്കപ്പെടുന്നതെങ്കില്‍ രാഷ്ട്രപതിയുടെ നടപടികള്‍ സുപ്രീംകോടതിക്ക് പുനഃപരിശോധനയ്ക്ക് വിധേയമാക്കാമന്നൊണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷം നിയമസഭയിലാണ് തെളിയിക്കപ്പെടേണ്ടതെന്നും സുപ്രീംകോടതി  ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടേതെന്ന പോലെ തന്നെ ഗവര്‍ണ്ണറുടെ നടപടികളും പുനഃപരിശോധനയ്ക്ക് വിധേയമാണെന്നതാണ് സുപ്രീംകോടതിയുടെ ഈ വിധിയുടെ പൊരുള്‍.

കര്‍ണ്ണാടകത്തില്‍ യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിയില്‍ നീതിനിഷേധമുണ്ടെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു സ്വതന്ത്രന്റേതുള്‍പ്പെടെ 105 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. അതേസമയം ഒരു ബി എസ് പി എം എല്‍എയുടേതും രണ്ടു സ്വതന്ത്ര എംഎല്‍എമാരുടേതുമടക്കം  117 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസ്സും ജനതാദളും ഗവര്‍ണ്ണര്‍ക്ക് നല്‍കിയിട്ടുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിക്ക് നിയമസഭയില്‍ ഭൂരിപക്ഷമില്ലെന്ന് വ്യക്തമായിരിക്കെ ഗവര്‍ണ്ണര്‍ ബിജെപി നേതാവ് യെദ്യൂരപ്പയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച നടപടിയാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. 

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 15 ദിവസമാണ് ഗവര്‍ണ്ണര്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയിരിക്കുന്നത്. എതിര്‍കക്ഷികളിലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാതെ ഈ ഘട്ടത്തില്‍ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. ഇവിടെയാണ് ഗവര്‍ണ്ണറുടെ നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന്  ബോദ്ധ്യപ്പെടുത്താന്‍ പരാതിക്കാര്‍ക്കായാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സുപ്രിംകോടതിക്കാവും.

ജനാധിപത്യം അട്ടിമറിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ ഭരണഘടനാശില്‍പികള്‍ എടുത്തിട്ടുണ്ട്. ഈ പ്രക്രിയയില്‍ സുപ്രീംകോടതിയുടെ പങ്ക് നിര്‍ണ്ണായകവും സുപ്രധാനവുമാണ്. കാലവും ചരിത്രവും ജനാധിപത്യ വിശ്വാസികളും അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സുപ്രീംകോടതിയെ ഉറ്റുനോക്കുന്നത്.