തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഇതിനകം യാത്ര ചെയ്തിട്ടുണ്ട്.  ഗ്രാമങ്ങളിലും നഗരങ്ങളിലും  ഇരമ്പങ്ങള്‍ അറിഞ്ഞിട്ടുണ്ട്. കര്‍ണാടകം പുതുമയാണ്. വേദനയും . കടന്നു പോകുന്നത് പാലിയേറ്റീവ് പരിചാരകന്റെ മനസ്സോടെ മാത്രം ജനാധിപത്യത്തെ സമീപിക്കാവുന്ന മുഹൂര്‍ത്തങ്ങളാണ്.

സാധാരണ വോട്ടെണ്ണിത്തീരുന്നതാണ് ജനാധിപത്യത്തിന്റെ അനിശ്ചിതത്വം. മുമ്പും കണ്ടിട്ടുണ്ട് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത അനുഭവങ്ങള്‍. ഒന്നും പക്ഷേ ഇതു പോലെയല്ല. കര്‍ണാടകം സങ്കടപ്പെടുത്തുന്നത് ജനാധിപത്യ വിശ്വാസങ്ങളെത്തന്നെയാണ്. അതെന്തുമാകട്ടെ, ബംഗളുരുവിലെ വിധാന്‍ സഭയില്‍ നാളെ വോട്ടടുപ്പ്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത തിരഞ്ഞെടുപ്പിന് ശേഷം ആരും ഒന്നും അംഗീകരിക്കുന്നില്ല. 

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 117 പേരും അംഗീകരിക്കുന്ന തീരുമാനത്തെ ഗവര്‍ണര്‍അംഗീകരിച്ചില്ല. വലിയ ഒറ്റക്കക്ഷിയെ അപ്രസക്തമാക്കിയ വലിപ്പത്തെ ബിജെപി അംഗീകരിച്ചില്ല. അധികാരഭ്രഷ്ടമാക്കപ്പെട്ട ജനവിധിയെ കോണ്‍ഗ്രസ്സും. 

ഭൂരിപക്ഷമില്ലെന്നറിഞ്ഞിട്ടും യെദ്യൂരപ്പയെ സത്യപ്രതിജഞ ചെയ്യിച്ച വാജുഭായ് വാലയുടെ നിലപാടിനെ പരമോന്നത നീതിപീഠം തന്നെ വിമര്‍ശിച്ചു കഴിഞ്ഞു. അദ്ദേഹം പിന്നേയും നിര്‍ത്തുന്നില്ല. 

യെദ്യൂരപ്പ തിരക്കിട്ട് നടത്തുന്ന നടപടികളെല്ലാം ചാക്കിട്ടുപിടിക്കാന്‍ വേണ്ടിയാണ്. പോലീസ് അഴിച്ചുപണിയും എജിയെ മാറ്റിയതുമെല്ലാം. ബൊപ്പയ്യ അതില്‍ ഇതെഴുതുമ്പോഴത്തെ അവസാനത്തേതു മാത്രം.

കെജി ബൊപ്പയ്യ സ്പീക്കറാവാന്‍ അര്‍ഹനല്ല. പറഞ്ഞത് സുപ്രീം കോടതിയാണ്.. വര്‍ഷങ്ങള്‍ക്കു മുമ്പ്. അന്ന് സ്വന്തം പാളയത്തിലെ വിമതപ്പടയെ ഒതുക്കാനാണ് ബൊപ്പയ്യ യെദ്യൂരപ്പയെ സഹായിച്ചത്. 16  എംഎല്‍എമാരെ അയോഗ്യരാക്കി. സഭയില്‍ പ്രവേശിക്കാനെത്തിയപ്പോഴാണ് പലരും പുറത്താക്കപ്പെട്ടത് അറിഞ്ഞത്. സുപ്രീം കോടതി സ്പീക്കറെ ശാസിച്ചു. മുഴുവന്‍ എംഎല്‍എമാരേയും തിരിച്ചെടുത്ത് സ്പീക്കറുടെ തീരുമാനം റദ്ദാക്കി. പക്ഷേ മുഖ്യമന്ത്രിക്ക് താല്‍ക്കാലികാശ്വാസം നല്‍കി. ഇത്തവണയും അതേ ചുമതലയാണ് യെദ്യൂരപ്പ പ്രിയ സുഹൃത്തിനെ ഏല്‍പിച്ചിട്ടുള്ളത്. 
ഗവര്‍ണര്‍ ഭരണഘടനയുടെ 188 വകുപ്പ് പ്രകാരമാണ് ബൊപ്പയ്യയെ ചുമതല ഏല്‍പിച്ചത്. ഇതില്‍ പക്ഷേ പ്രോ ടേം സ്പീക്കര്‍ എന്ന വാക്കു പോലും പറയുന്നില്ല. എല്ലാ എംഎല്‍എമാര്‍ക്കും ബൊപ്പയ്യയ്ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് മാത്രം. പതിവുള്ള 181 ആം വകുപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഈ അസാധാരണത്വമെന്ന് നിയമപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. 

കോണ്‍ഗ്രസിന്റെ ആശങ്കയില്‍ കഴിമ്പില്ലെന്ന്  പറഞ്ഞു മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി. താല്‍ക്കാലിക സ്പീക്കര്‍ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാം. മുതിര്‍ന്ന സഭാംഗം സ്പീക്കറാവുന്നതാണ് കീഴ് വഴക്കം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആളെ ചുമതലപ്പെടുത്താനല്ലാതെ ഗവര്‍ണര്‍ക്ക് അധികാരമില്ല. സുപ്രീം കോടതി ശ്രദ്ധിക്കുന്ന വിധിയെഴുത്തില്‍ കൃത്രിമത്വത്തിന് സാധ്യതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു . 

സഭയില്‍ ആകെയുള്ള അംഗബലം- 221

രണ്ടിടത്ത് നിന്ന് ജയിച്ച കുമാരസ്വാമിക്ക് ഒറ്റവോട്ടു മാത്രമായതിനാലാണിത്. രണ്ടു പേര്‍ സ്വതന്ത്രര്‍. ബിജെപിക്ക് 104 . കോണ്‍ഗ്രസിന് 78. ജെഡിഎസിന് ബാക്കി 37.

യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഇനി പറയുന്ന സാധ്യതകളാണ് നാളെ വോട്ടെടുപ്പിലുള്ളത് 

  • കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിലെ 14 അംഗങ്ങള്‍ രാജിവയ്ക്കുകയോ വിപ് ലംഘിച്ച് അയോഗ്യരാവുകയോ ചെയ്യുന്നു. വോട്ടെടുപ്പില്‍ നിന്ന് ഇവര്‍ വിട്ടു നില്‍ക്കുന്നു. അപ്പോള്‍ അംഗബലം 107 ആവും . 104 കേവലഭൂരിപക്ഷമാകും. യദ്യൂരപ്പയ്ക്ക് വിജയസ്മിതം. 
  • രണ്ടു സ്വതന്ത്രരും ബിജെപിക്ക് ഒപ്പം നില്‍ക്കുന്നു. ബിജെപിയുടെ ബലം 106 ആവുന്നു. പിന്നെ എതിരാളികളില്‍ 12 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. അപ്പോള്‍ പത്തു പേര്‍ വിട്ടു നിന്നാല്‍ മതിയാവും. യദ്യൂരപ്പയ്ക്ക് തുടരാം. 
  • എതിരാളികളില്‍ 14 പേര്‍ സത്യപ്രതിജ്ഞ ചെയ്യാതിരിക്കുന്നത്. അപ്പോഴും കേവലഭൂരിപക്ഷമാകും. 
  • ജെഡിഎസ് പിളര്‍ത്തുന്നു. 25 പേരെ ഒപ്പം ചേര്‍ക്കുന്നു. കൂറുമാറ്റ നിരോധനത്തിന്റെ ആശങ്കയില്ലാതെ പുതിയ മുന്നണിക്ക് ആഹ്ളാദത്തോടെ മുന്നോട്ട് പോകാം. സാധ്യത  വളരെ കുറവ്.
  • കോണ്‍ഗ്രസില്‍ നിന്ന് മൂന്നില്‍ രണ്ട് ഭാഗത്തെ ഒപ്പം കൂട്ടുന്നു. അപ്പോഴും ബിജെപി തുടരും.എംഎല്‍എമാര്‍ അയോഗ്യരാവില്ല. 
  • പ്രോടേം സ്പീക്കര്‍ കളിക്കുന്നു. ആവശ്യത്തിന് എതിര്‍ വോട്ടുകള്‍ അസാധുവാക്കുന്നു. കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. പക്ഷേ താല്‍ക്കാലിക വിജയം.
  • വിട്ടു നില്‍ക്കലും സത്യപ്രതിജ്ഞ മുടങ്ങലും അസാധുവും ചേര്‍ന്ന ഡെഡ്‌ലി മിക്‌സ്.

എല്ലാ സാധ്യതകളും എല്ലാവരും പരിഗണിക്കുന്നുണ്ട്. പ്രവര്‍ത്തകരോട് വൈകിട്ട് ആഹ്ളാദപ്രകടനത്തിന് ഒരുങ്ങിക്കൊള്ളാനാണ് യെദ്യൂരപ്പയുടെനിര്‍ദേശം. തികഞ്ഞ ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു. ചേരിമാറാമെന്ന് ആരും കരുതരുതെന്ന് ഡികെ ശിവകുമാറും സിദ്ധരാമയ്യയും എംഎല്‍എമാരെ ഓര്‍മ്മിപ്പിക്കുന്നു. അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് എച്ച് ഡി കുമാരസ്വാമി വികാരാധീനനാവുന്നു. 

2007 ല്‍ ഏഴു ദിവസം ദിവസം ഭരിച്ചു യെദ്യൂരപ്പ. അന്നും വോട്ടെടുപ്പിന് മുമ്പ് ഇതേ ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. പിന്നെ അവസാന നിമിഷം സഭയിലെത്തി അതിവൈകാരികമായി പ്രസംഗിച്ചു. പിന്നെ വോട്ടെടുപ്പിന് നില്‍ക്കാതെ രാജിവച്ചു രക്തസാക്ഷിയായി. പിറ്റേക്കൊല്ലം ബിജെപി തിരിച്ചു വന്നത് ആ തന്ത്രത്തിന്റെ പിന്‍പറ്റിയെന്ന് ഇന്നും ഓര്‍ക്കുന്നവരുണ്ട് കന്നഡനാട്ടില്‍. നാളെ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നു.

ജനാര്‍ദ്ദന റെഡ്ഡി 150 കോടി രൂപയാണ് എംഎല്‍എമാര്‍ക്ക്  വാഗ്ദാനം ചെയ്തതെന്ന ശബ്ദരേഖ പുറത്തു വിടുന്നു കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ. ഒറ്റ ദിവസംകൊണ്ട് ആയുസ്സില്‍കാണാത്ത  പണവും അധികാരവും കിട്ടുമെന്ന് പ്രലോഭിപ്പിക്കുന്നു. 

ഇനിയും അവശേഷിക്കുന്ന ജനാധിപത്യം  പൊടിപ്പ് തേടുകയാണ് അടുത്ത മണിക്കൂറുകളില്‍.  വരാനിരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തസായന്തനമാകുമോയെന്ന ആശങ്കയ്ക്കിടെ ബംഗളുരുവില്‍ ഒത്തുകൂടാന്‍ രഹസ്യകേന്ദ്രങ്ങളില്‍ നിന്നെത്തുകയാണ് ജനപ്രതിനിധികള്‍. 

NB: നാളേയും ഇത് തീരാനും പോകുന്നില്ല. യെദ്യൂരപ്പ വിശ്വാസ വോട്ട് നേടില്ലെങ്കില്‍ പിന്നെ കുമാരസ്വാമിയുടെ ഊഴമാണ്. കുമാരണ്ണ സഭയില്‍ വിശ്വാസം തേടേണ്ടി വരും. എംടി പറഞ്ഞതു പോലെ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ പഴശ്ശിയുടെയുദ്ധങ്ങള്‍.