ർണാടകത്തിൽ ബി. ജെ.പി.യുടേത് അഭിമാന പോരാട്ടമാണ്‌. പുറത്തുവന്ന അഭിപ്രായ സർവേകളിൽ നാലെണ്ണവും  തൂക്കുസഭയാണ് പ്രവചിക്കുന്നത്. ഇത്തരമൊരു സാഹചര്യം വന്നാൽ ജനതാദൾ എസുമായി സഖ്യമുണ്ടാക്കുമെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്നത്‌.

ഉഡുപ്പിയിൽ നടന്ന ബി.ജെ.പി. റാലിയിൽ ജനതാദൾ എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയെ നരേന്ദ്രമോദി വാനോളം പുകഴ്ത്തി. രാജ്യം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയനേതാവാണെന്നും മണ്ണിന്റെ പുത്രനെന്നുമാണ് ദേവഗൗഡയെ വിശേഷിപ്പിച്ചത്. ഒന്നും കാണാതെയല്ല ഇത്തരമൊരു പുകഴ്ത്തൽ. ജനതാദൾ എസ്., ബി. ജെ.പി.യുമായി സഖ്യത്തിന് ധാരണയിലെത്തിയിട്ടുണ്ടെന്നും എച്ച്.ഡി. കുമാരസ്വാമി ബി.ജെ. പി. ദേശീയാധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തിയതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

മതേതരമുഖം നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ പാർട്ടി ദേശീയാധ്യക്ഷൻ കൂടിയായ എച്ച്.ഡി. ദേവഗൗഡ നിലപാട് കടുപ്പിച്ചു. 2006-ൽ ബി.ജെ.പി.യുമായി കുമാരസ്വാമി സഖ്യമുണ്ടാക്കിയത് തനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ഇനിയും സഖ്യത്തിന് ശ്രമിച്ചാൽ താനും കുടുംബവും കുമാരസ്വാമിയെ ഒഴിവാക്കുമെന്നും ദേവഗൗഡ പ്രസ്താവിച്ചു. എന്നാൽ, ഇതിന് പിന്നാലെ വന്ന പ്രധാനമന്ത്രിയുടെ പുകഴ്ത്തൽ സിദ്ധരാമയ്യയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു.ബി.ജെ.പി.-ജനതാദൾ സഖ്യത്തിന് കോൺഗ്രസിനെ തോൽപ്പിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് റാലികളിൽ ആരോപണത്തിന് മറുപടി പറഞ്ഞ്‌ കുമാരസ്വാമിയും കുഴങ്ങി. ഒരിക്കൽ ചെയ്ത തെറ്റ് ആവർത്തിക്കില്ലെന്ന ഉറപ്പാണ് കുമാരസ്വാമി പ്രവർത്തകർക്ക് നൽകുന്നത്.

കാണാം ഒത്തുകളികൾ

ഇത്തവണ രാഷ്ട്രീയ അടിയൊഴുക്കുകൾക്കുള്ള സാധ്യത തള്ളാനാകില്ല. പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണെങ്കിലും ഒത്തുകളി പലയിടത്തും പ്രകടം. ബി.ജെ.പി.യും ജനതാദൾ എസും മുഖ്യശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയിൽ ദൾ സ്ഥാനാർഥിക്ക് സഹായകരമായ നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചത്. മൈസൂരു മേഖലയിൽ പലയിടത്തും ഇത് കാണാൻ കഴിയും. മൈസൂരു ഉൾപ്പെടുന്ന തെക്കൻ ജില്ലകൾ കോൺഗ്രസിന് നിർണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നുള്ള 61 സീറ്റിൽ 27 എണ്ണവും കോൺഗ്രസാണ് നേടിയത്. 25 സീറ്റ് നേടി ജനതാദൾ എസും തൊട്ടുപിന്നിലുണ്ട്. ബി.ജെ.പി.ക്ക് നാലുസീറ്റാണ് ലഭിച്ചത്. കോൺഗ്രസും ജനതാദൾ എസും തമ്മിൽ നേരിട്ട് പോരാട്ടം നടക്കുന്ന മേഖലയിൽ കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കാനുള്ള തന്ത്രത്തിലാണ് ബി. ജെ.പി. വൊക്കലിഗ സമുദായത്തിന് നിർണായക സ്വാധീനമുള്ള ഇവിടെ സമുദായധ്രുവീകരണത്തിനുള്ള ദളിന്റെ നീക്കം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.

ചാമുണ്ഡേശ്വരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ നേരിടാത്ത വെല്ലുവിളിയാണ് നേരിടുന്നത്. പഴയ സുഹൃത്തും ജനതാദൾ എസ് സിറ്റിങ് എം. എൽ.എ.യുമായ ജി.ടി. ദേവഗൗഡയ്ക്ക് ബി.ജെ.പി.യുടെ രഹസ്യപിൻതുണയുണ്ടെന്ന് സ്ഥാനാർഥിനിർണയത്തിൽ വ്യക്തമാണ്. ലിംഗായത്തിനും വൊക്കലിഗയ്ക്കും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ജെ.പി. ബ്രാഹ്മണസ്ഥാനാർഥിയെ നിർത്തി.വടക്കൻ കർണാടക ജില്ലകളിലാണ് ബി.ജെ.പി.യും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. ബി.ജെ.പി. ഏറെ പ്രതീക്ഷവയ്ക്കുന്നതും ഇവിടെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു  ഇതിനുകാരണം യെദ്യൂരപ്പയുടെ കെ.ജെ.പി.യും ബി. ശ്രീരാമുലുവിന്റെ ബി. എസ്.ആർ. കോൺഗ്രസുമാണ്. ഇന്ന് ഈ രണ്ടു പാർട്ടികളും ബി.ജെ.പി.യിലാണ്. വടക്കൻ കർണാടക ജില്ലകളിൽ 90 സീറ്റാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതിൽ 54 സീറ്റു നേടിയത് കോൺഗ്രസാണ്. യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്റെയും പാർട്ടികൾ ബി.ജെ.പി.യുടെ വീഴ്ചയെസഹായിച്ചു.

എന്നാൽ, ബി.ജെ.പി. ഒറ്റക്കെട്ടായി മത്സരത്തിനിറങ്ങിയാൽ ചിത്രം മാറുമെന്ന് കോൺഗ്രസിനറിയാം. ഇതുകൂടി മുന്നിൽക്കണ്ടാണ് ബാഗൽകോട്ടയിലെ ബാദാമിയിൽ സിദ്ധരാമയ്യയെ സ്ഥാനാർഥിയാക്കിയത്. മേഖലയിൽനിന്ന് മുഖ്യമന്ത്രി മത്സരിക്കുന്നത് അണികളിൽ ആത്മവിശ്വാസം ഉയർത്തുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇതിനെ നേരിടാൻ ബി.ജെ.പി. ശ്രീരാമുലുവിനെ ബാദാമിയിൽ മത്സരത്തിനിറക്കി. അനധികൃത ഖനനക്കേസിൽ കുറ്റവാളിയായിട്ടും  ജനാർദന റെഡ്ഡിയെ പ്രചാരണരംഗത്തിറക്കി. ഇതിന് പിന്നിൽ വടക്കൻ കർണാടകയിലെ ഹൈദരാബാദ്- കർണാടക മേഖലയിൽ ഉൾപ്പെടുന്ന ആറ് ജില്ലകളിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ്. 40 സീറ്റാണ് മേഖലയിൽ നിന്നുള്ളത്. റെഡ്ഡി സഹോദരങ്ങളും ബി. ശ്രീരാമുലുവും മത്സരത്തിനിറങ്ങിയതോടെ കൂടുതൽ സീറ്റുകളിൽ ബി.ജെ. പി.ക്ക് വിജയിക്കാനായേക്കും.

പിടിമുറുക്കുന്ന ഖനിലോബി

ബല്ലാരിയിലെ ഖനിലോബികൾ രാഷ്ട്രീയത്തിൽ വീണ്ടും പിടിമുറുക്കുകയാണ്. 50,000 കോടി രൂപയുടെ അനധികൃത ഖനനക്കേസിൽ ജയിലിലായ മുൻ മന്ത്രി ജനാർദനറെഡ്ഡി ബി.ജെ.പി.യിൽ പിടിമുറുക്കിയതാണ് കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.

ജനാർദനറെഡ്ഡിയുടെ സഹോദരങ്ങളും അനുയായികളുമായി എട്ടുപേർ സ്ഥാനാർഥികളായതോടെ അഴിമതിക്കെതിരേയുള്ള നിലപാടുകൾ ചോദ്യംചെയ്യപ്പെട്ടു.  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബി.എസ്. യെദ്യൂരപ്പ എന്നിവരോടൊപ്പം ജനാർദന റെഡ്ഡി വേദി പങ്കിട്ടു. ഇതിൽ അമിത് ഷായ്ക്കെതിരേ ദേശീയതലത്തിൽ വിമർശനമുയർന്നു. ഒടുവിൽ മുഖംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടു നിൽക്കാൻ ജനാർദനറെഡ്ഡിക്ക് നിർദേശം നൽകി. ബല്ലാരിയിലെ റാലിയും അമിത് ഷാ ഒഴിവാക്കി. എന്നാൽ, ബി.ജെ.പി.ക്കകത്തും പുറത്തും അമർഷം പുകയുകയാണ്. റെഡ്ഡി  ബി.ജെ.പി.ക്കുള്ളിലും  വിഭാഗീയതയ്ക്കിടയാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാൻ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരപ്പ തയ്യാറായിട്ടില്ല. ദേശീയ അധ്യക്ഷൻ അമിത് ഷായും പാർട്ടിയുടെ ചുമതലയുള്ള മുരളീധർ റാവുവും റെഡ്ഡിയെ തള്ളിപ്പറഞ്ഞു.

ജനാർദന റെഡ്ഡി പ്രചാരണത്തിനെത്തിയതോടെ 15 സീറ്റുകൾ കൂടുതലായി കിട്ടുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെട്ടത്. റെഡ്ഡിയുടെ സഹായം തേടാൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെദ്യൂരപ്പ അവകാശപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ബി.ജെ.പി.ക്കുള്ളിൽ വിഭാഗീയത കനത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കും. മൈസൂരുവിലെ വരുണയിൽ യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചത് പാർട്ടിയുടെ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയ്ക്കെതിരേ 20 ദിവസത്തോളം പ്രചാരണം നടത്തിയതിനുശേഷമാണ് വിജയേന്ദ്രയെ പിൻവലിച്ചത്. ഇതിനുപിന്നിൽ കേന്ദ്രമന്ത്രി എച്ച്. എൻ. അനന്തകുമാറും ആർ.എസ്.എസ്. നേതാവ് ബി. എൽ. സന്തോഷുമാണെന്നാണ് യെദ്യൂരപ്പപക്ഷത്തിന്റെ ആരോപണം. മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിക്കെതിരേ പ്രവർത്തകർ പ്രചാരണത്തിലാണ്.