ര്‍ണാടകത്തില്‍ യെദ്യൂരപ്പ പിന്‍വാങ്ങിക്കഴിഞ്ഞു. തല്‍ക്കാലത്തേക്ക്. ഇനി കുമാരസ്വാമിയുടെ ഊഴം. എത്രകാലത്തേക്ക് എന്ന് ആര്‍ക്കും പറയാനാവില്ല. പാപഗ്രഹങ്ങള്‍ രാജകൊട്ടാരത്തിന് മീതെ ഉച്ചസ്ഥായിയില്‍ നില്‍പ്പുണ്ടെന്ന് വിശ്വസിക്കുന്നു കര്‍ണാടകത്തില്‍ ജ്യോതിഷികള്‍. കുമാരസ്വാമി തന്നെ ഔദ്യോഗിക വസതി ഉപയോഗിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല ഇതുവരെ. 

ജനാധിപത്യത്തിന്റെ  വിജയം ആഘോഷിക്കുന്നുണ്ട് യെദ്യൂരപ്പയുടെ പരാജയത്തില്‍ ഇടതു മതേതര പാര്‍ട്ടികള്‍. ഡി.കെ.  ശിവകുമാറിന് വീരപരിവേഷവുമുണ്ട്. എങ്കിലും ഒന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ. ആ എം.എല്‍.എമാര്‍ എല്ലാവരും ഇപ്പോഴും റിസോര്‍ട്ടിലാണ്. 

റിസോര്‍ട്ടിലെ തടവുകാരെ കുറിച്ച് സത്യം പറഞ്ഞാല്‍ അഭിമാനിക്കാനൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ രാജിക്ക് പിമ്പേ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ുണനാഥ് പറഞ്ഞത് പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ചെത്തിയ സാമാജികരെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ്. 150 കോടി രൂപയേക്കാള്‍ അവര്‍ വില മതിച്ചത് ജനാധിപത്യത്തെയാണല്ലോ എന്നും.

അങ്ങനെ വിലമതിക്കുന്നവരല്ല അവരൊന്നും എന്ന് പറയുകയാണ് ഈ റിസോര്‍ട്ടിലെ തടവുകാലം. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിക്ക് കഴിയുവോളം ഇവര്‍ ബന്ധുരകാഞ്ചനക്കൂട്ടില്‍ ബന്ധനത്തിലാണ്. കാര്യമായൊന്നും പറയാനോ കാര്യമായെന്തെങ്കിലും ചെയ്യാനോ കഴിയാതെ. വീട്ടുകരോടു സംസാരിക്കുന്നത് പോലും നിരീക്ഷിക്കപ്പെട്ടു കൊണ്ട്.

ചില ജനാധിപത്യ പ്രശ്നങ്ങളുണ്ടിവിടെ. ഇതേ എം.എല്‍.എമാരെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ്സും ജെഡിഎസ്സും ജനവിധി തേടിയത്. സ്വന്തം പ്രകടനപത്രിക പുറത്തിറക്കിയത്. അത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. അതേ എം.എല്‍.എമാരെ ഭയപ്പെട്ടാണ് കുമാരസ്വാമിയും ശിവകുമാറും ഈ മണിക്കൂറുകള്‍ ചെലവിടുന്നത്. 

ബി.ജെ.പിക്ക് തല്‍ക്കാലം ഒന്നും പറയാന്‍ അവശേഷിക്കുന്നില്ല. ഹിന്ദുത്വം പോലുമല്ല വെറും കച്ചവടം മാത്രമാണ് രാഷ്ട്രീയം എന്ന് വ്യത്യസ്തമായ പാര്‍ട്ടി ബോധ്യപ്പെടുത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് കൂറുമാറാന്‍ പറയുന്നത് ലോകം കേട്ടു കഴിഞ്ഞു. സ്പീക്കറുടെ സവിശേഷാധികാരം ഉപയോഗിച്ച് കൂറുമാറ്റ നിരോധന നിയമത്തെ ലംഘിക്കാമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കുന്നതും വോട്ടര്‍മാര്‍ കേട്ടു. അതിലേറെ 150 കോടി രൂപ ജനാര്‍ദ്ദന റെഡ്ഡി വാഗ്ദാനം ചെയ്യുന്നതും എല്ലാവരും അറിഞ്ഞു കഴിഞ്ഞു.

സ്വകാര്യതയിലാണ് ഈ വാഗ്ദാനങ്ങളെങ്കില്‍ കളി മാറുമായിരുന്നു എന്ന് കോണ്‍ഗ്രസ്സും അറിയുന്നു. അതാണ് റിസോര്‍ട്ടിലെ തടവിന്റെ രഹസ്യം. എണ്ണം തികച്ച ശേഷം ബാക്കി കാര്യങ്ങള്‍. ഓരോരുത്തരും ജനങ്ങളോടുള്ള കൂറുകൊണ്ടൊന്നുമല്ല സഭയില്‍ ഇരിക്കുന്നതെന്ന് വ്യക്തമാക്കുന്നു കാര്യങ്ങള്‍. 900 കോടി പ്രഖ്യാപിത ആസ്തിയുള്ള ശിവകുമാറും ഭരണം പിടിച്ചു കഴിഞ്ഞ കുമാരസ്വാമിയും ചേര്‍ന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ ആക്കത്തൂക്കത്തില്‍ തീരെ കുറഞ്ഞുപോകാനൊന്നും പോകുന്നുമില്ല. 

ഇനി തലയെണ്ണിക്കഴിഞ്ഞാല്‍ കുമാരസ്വാമി മുന്നിലെത്തും. പക്ഷേ ഇതേ എം.എല്‍.എമാര്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇല്ലെന്നതാണ് വാസ്തവം. വിശാലമായ ദേശീയ താല്‍പര്യത്തിന്റെ ഫലമായി ഉയര്‍ന്ന സഖ്യവുമല്ല കര്‍ണാടകത്തിലേത്. മോദിക്കെതിരായ മഹാഗഡ്ബന്ധന്റെ തുടക്കമേയല്ല. രാഷ്ട്രീയ നിസ്സഹായതയില്‍ ഉരുത്തിരിഞ്ഞ കേവലബാന്ധവമാണിത്. കുടുംബാധിപത്യം നിലനില്‍ക്കുന്ന രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള കൂട്ടുകെട്ട്. 

തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.മാരില്‍ മിക്കവരും അടുത്ത തിരഞ്ഞെടുപ്പിനല്ലാതെ സ്വന്തം മണ്ഡലങ്ങളിലേക്ക് പോകാറില്ലാത്ത കര്‍ണാടകത്തിലെ പല ഗ്രാമങ്ങളും ഏത് ബീമാരു സംസ്ഥാനങ്ങളെ ഏതു ഗ്രാമത്തേക്കാളും ദയനീയമാണ്. സി.എം. സ്റ്റീഫനേയും വീരേന്ദ്ര പാട്ടീലിനേയും തൊട്ട് ഇപ്പോള്‍ മല്ലികാര്‍ജന ഖാര്‍ഗെയെ വരെ തിരഞ്ഞെടുത്തയച്ച ഗുല്‍ബര്‍ഗ മേഖല ഉദാഹരണം.

ഈ തിരഞ്ഞെടുപ്പിലും കര്‍ണാടകം ചര്‍ച്ച ചെയ്തത് പൊതുവായ വികസന പ്രശ്നങ്ങളല്ല. സ്വന്തം നേട്ടങ്ങളും എതിരാളികളുടെ കോട്ടങ്ങളും പൊലിപ്പിക്കുന്ന മോദി ശൈലിയില്‍ പോലും വികസനവിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നതും ശ്രദ്ധേയമായി. പലായനം ചെയ്യുന്ന ഗ്രാമങ്ങളുടെ അസംതൃപ്തി സിറ്റിംഗ് എം.എല്‍.എമാരെ കടപുഴക്കിയെന്നതു കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വായനകളിലൊന്ന്. അത്തരമൊരു നാട്ടിലാണ് പ്രവിശ്യാത്തലവന്മാര്‍ ഇടപ്രഭുക്കളെപ്പോലെ റിസോര്‍ട്ടില്‍ താമസിക്കുന്നത്. അധികാരത്തിന് വേണ്ടി താല്‍ക്കാലിക സഖ്യം രൂപപ്പെടുത്തുന്നത്. വിടപറയാന്‍ മാത്രം ഒന്നിച്ച് കൂടി വേദനകള്‍ പങ്കുവയ്ക്കുന്നത്.  

പക്ഷേ അതിനെപ്പോലും പ്രതീക്ഷയോടെ നോക്കിക്കാണാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹാഗതികേട്. അത് ബിജെപി മുഴുവന്‍ ജനാധിപത്യസ്ഥാപനങ്ങളേയും വെല്ലവിളിക്കുന്നതിനാലാണ്. പണ്ട് കോണ്‍ഗ്രസ് അധികാരം ഉപയോഗിച്ച് ചെയ്തതിനേക്കാള്‍ കൂടുതലായി ജനങ്ങളെ പരമദരിദ്രരാക്കുന്നതിനാലാണ്. തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍ അവരായി പിന്നെ മുതലാളി വര്‍ഗ്ഗം എന്ന് കവിവചനം അനുനിമിഷം ബോധ്യപ്പെടുത്തുന്നതിലാണ്. 

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകത്തിലെ സഖ്യം പിളര്‍ത്തലാണ്  ബി.ജെ.പിയുടെ ലക്ഷ്യം. ഒറ്റക്കെട്ടായി കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും നിന്നാല്‍ 2014 ല്‍ കിട്ടിയ 17 സീറ്റുകളുടെ നാലിലൊന്നു പോലും കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് കിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിരുന്നു കൂടുതല്‍ പ്രതികാരദാഹിയായി യെദ്യൂരപ്പ  ചെയ്യുമെന്നുറപ്പ്. 

വാജുഭായി വാല വെറും കാഴ്ചക്കാരനാവില്ല. രാഷ്ട്രപതി ഭരണത്തിലേക്ക് കര്‍ണാടകം നീങ്ങുമ്പോള്‍ പ്രത്യേകിച്ചും. 
ഉടയതമ്പുരാന്റെ തലയ്ക്ക് മേല്‍ തൂങ്ങിയാടുന്നുണ്ട് ഉടവാള്‍.