ബി.ജെ.പി.ക്ക് സ്വാധീനമുള്ള മേഖലയാണ് മധ്യകര്‍ണാടക. പ്രബലമായ ലിംഗായത്ത് സമുദായവും മഠങ്ങളുമാണ് ഇവിടെ നിര്‍ണായക ശക്തികള്‍. ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗ, ചിത്രദുര്‍ഗ്ഗ, ദാവന്‍ഗരെ, ചിക്കമഗളൂരു എന്നീ ജില്ലകളാണ് മധ്യകര്‍ണാടകയില്‍ ഉള്‍പ്പെടുന്നത്. നാലു ജില്ലകളിലായി 26 സീറ്റുകള്‍.

2013-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15 എണ്ണത്തില്‍ വിജയിച്ചു. ബി.ജെ.പി. മൂന്നെണ്ണത്തിലും ജനതാദള്‍ (എസ്) ആറെണ്ണത്തിലും വിജയിച്ചു. ബി.ജെ.പി. മൂന്നായി പിളര്‍ന്നതിന്റെ നേട്ടം കോണ്‍ഗ്രസിനും ദളിനും കിട്ടി. യെദ്യൂരപ്പയുടെ കെ.ജെ.പി.യും ബി. ശ്രീരാമുലുവിന്റെ ബി.എസ്.ആര്‍. കോണ്‍ഗ്രസും ഓരോ സീറ്റിലും വിജയിച്ചു. 10 മണ്ഡലങ്ങളില്‍ കെ.ജെ.പി. രണ്ടാംസ്ഥാനത്തെത്തി. യെദ്യൂരപ്പ ഉയര്‍ത്തിയ വെല്ലുവിളിയാണ് ബി.ജെ.പി.യെ തകര്‍ത്തത്.

ചിത്രദുര്‍ഗ്ഗയിലും ദാവന്‍ഗരയിലുമായി നിരവധി മഠങ്ങളുണ്ട്. പ്രദേശവാസികള്‍ക്കിടയില്‍ മഠങ്ങള്‍ക്കുള്ള സ്വാധീനവും ഏറെയാണ്. പ്രമുഖ മഠങ്ങളൊന്നും ആര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ചിത്രദുര്‍ഗ്ഗയിലെ മുളകല്‍മുരുവില്‍ ഇത്തവണ മത്സരിക്കുന്നത് ജനാര്‍ദന റെഡ്ഡിയുടെ അനുയായി ബി. ശ്രീരാമുലുവാണ്. അതിനാല്‍ മണ്ഡലം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ചിത്രദുര്‍ഗ്ഗയിലെ ദളിത് പിന്നാക്ക വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബി.ജെ.പി. ശ്രീരാമുലുവിനെ കളത്തിലിറക്കിയത്. ദാവന്‍ഗരയില്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും വേണ്ടി രംഗത്തിറങ്ങിയത് ലിംഗായത്ത് നേതാക്കളാണെന്നതാണ് പ്രത്യേകത. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഷാമന്നൂര്‍ ശിവശങ്കരിപ്പ അഖിലഭാരത വീരശൈവ മഹാസഭ അധ്യക്ഷനാണ്. ലിംഗായത്ത് നേതാവായ ബി.എസ്. യെദ്യൂരപ്പയാണ് ബി.ജെ.പി.ക്കുവേണ്ടി രംഗത്തുള്ളത്. ലിംഗായത്തിന് മതപദവി നല്‍കിയതിനെ വീരശൈവ മഹാസഭ എതിര്‍ത്തിരുന്നു. ഇതാണ് ബി.ജെ.പി.ക്ക് ആശ്വാസം പകരുന്നത്.

ലിംഗായത്തിന് മതപദവി നല്‍കിയതിനെ എതിര്‍ത്ത ഷാമന്നൂര്‍ ശിവശങ്കരപ്പയും മകനും മന്ത്രിയുമായ എസ്.എസ്. മല്ലികാര്‍ജുനും ജില്ലയില്‍നിന്നാണ് മത്സരിക്കുന്നത്. അതിനാല്‍ ലിംഗായത്ത് മതം കോണ്‍ഗ്രസ് ഇവിടെ ചര്‍ച്ചയാക്കുന്നില്ല. ചിക്കമംഗളൂരു കോണ്‍ഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ച ജില്ലയാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധി മത്സരിക്കാന്‍ തിരഞ്ഞെടുത്തത് ചിക്കമംഗളൂരുവാണ്. വന്‍ ഭൂരിപക്ഷത്തിനാണ് ഇന്ദിരാഗാന്ധി വിജയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടുത്തിടെ പ്രചാരണത്തിനെത്തിയപ്പോഴും ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചാണ് സംസാരിച്ചത്. പ്രിയങ്കാഗാന്ധിയും ചിക്കമഗളൂരുവില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.
 
content highlights: CENTRAL KARNATAKA,KARNATAKA ELECTION2018