ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പിയുടെ നിലപാട് പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എസ് എന്‍ ഡി പി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോട് കൂറുപുലര്‍ത്തുകയും യോഗ നിലപാടുകളോട് സഹകരിക്കുന്നതുമായ സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞ് സഹായിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി  വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

രണ്ട് യൂണിയനുകളാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂര്‍ യൂണിയനും മാവേലിക്കര യൂണിയനിലെ ഒരു പഞ്ചായത്തും. സമുദായത്തോട് കൂറുപുലര്‍ത്തുകയും സഹായിക്കുകയും  നാളെ സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാര്‍ഥിക്ക് സമുദായംഗങ്ങള്‍ക്ക് വോട്ടുചെയ്യാം- വെള്ളാപ്പള്ളി പറഞ്ഞു.

ഇതിന് അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍  യൂണിയനുകളെ ചുമതലപ്പെടുത്തിയിട്ടുള്ളതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മനഃസാക്ഷി വോട്ടിനുള്ള നിര്‍ദേശമല്ല പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ഈഴവ വിഭാഗവും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു. 

content highlights: Vellappalli natesan announces sndp stand in chengannur byelection 2018