വൈക്കം: എൽ.ഡി.എഫ്.സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിനു തിളക്കമേകുന്ന പൊൻതൂവലാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനായി ജനങ്ങൾ സജിയെ ജയിപ്പിക്കുകയായിരുന്നു. ജാതി-രാഷ്ട്രീയകക്ഷി ഭേദമെന്യേ ജനങ്ങൾ വിവേകത്തോടെ ചിന്തിച്ചു. തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ വോട്ട് നിർണായകമായതാണ് ബി.ജെ.പി.ക്കു വോട്ടു കുറയാൻ കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ.എം.മാണി യു.ഡി.എഫിന്റെ ഭാഗമായി എത്തുംമുമ്പേ അനുയായികൾ എൽ.ഡി.എഫിന്റെ ഭാഗമായിരുന്നു. കോൺഗ്രസിന്റെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടിയാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.