ചെങ്ങന്നൂര്‍: കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് കെ.എം.മാണിയെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. പാര്‍ട്ടിയുടെ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ജോര്‍ജിന്റെ രൂക്ഷവിമര്‍ശനം.

അഴിമതിക്കാരനെന്ന് ജനം അംഗീകരിച്ച മാണിയെ മൂന്നുമുന്നണികളും ക്ഷണിച്ച് കാത്തിരിക്കുകയാണ്. ഇതിന്റെ അര്‍ഥം ഈ മുന്നണികള്‍ അഴിമതിക്ക് കുടപിടിക്കുന്നെന്നാണ്. വെറും അഞ്ഞൂറ് വോട്ടിനുവേണ്ടി മാണിയെ ക്ഷണിക്കുന്ന മുന്നണികള്‍ ചെയ്യുന്നത് മഹാപാപമാണ്. ആര്‍ക്ക് വോട്ടു ചെയ്യണം എന്നു മനസ്സാക്ഷിയോടുകൂടി പറയാന്‍ കഴിയാത്ത ഗതികെട്ട സാഹചര്യമാണ്.

രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലപാട് സ്വീകരിച്ച് ഏതെങ്കിലും മുന്നണിക്ക് വോട്ടു ചെയ്യാന്‍ തീരുമാനമെടുക്കും. ശരിതെറ്റുകള്‍ക്കും അപ്പുറം പരസ്യപിന്തുണ അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബോബി അരികുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ്.ഭാസ്‌കരപിള്ള മുഖ്യപ്രഭാഷണം നടത്തി. എന്‍.എ.നജുമുദ്ദിന്‍, മുഹമ്മദ് സക്കീര്‍, എം.എം.സുരേന്ദ്രന്‍, എബി മലഞ്ചരുവില്‍, മാത്യു ചിറമേല്‍, മനോജ് പി.ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനവും നടന്നു.

content highligts: P C George criticises K M Mani chengannur bypoll