ചെങ്ങന്നൂർ: ശക്തമായ ത്രികോണമത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂരിൽ ചരിത്രവിജയത്തോടെ എൽ.ഡി.എഫ്. മണ്ഡലം നിലനിർത്തി. ഇടതുമുന്നണി സ്ഥാനാർഥി, സി.പി.എം. ജില്ലാസെക്രട്ടറികൂടിയായ സജി ചെറിയാൻ യു.ഡി.എഫിലെ ഡി. വിജയകുമാറിനെ 20,914 വോട്ടുകൾക്ക് തോൽപിച്ചു.

കഴിഞ്ഞതവണ മികച്ചപ്രകടനം കാഴ്ചവെച്ച എൻ.ഡി.എ.യുടെ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ആ നേട്ടം ആവർത്തിക്കാനായില്ല. എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികൾ മുൻ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടുവിഹിതം വർധിപ്പിച്ചപ്പോൾ എൻ.ഡി.എ.യ്ക്ക് 7412 വോട്ടുകൾ കുറഞ്ഞു. 17 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണിത്. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ.യുടെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മൂന്നുമടങ്ങ് വർധിച്ചു. ത്രികോണമത്സര പ്രതീതി ജനിപ്പിച്ച തിരഞ്ഞെടുപ്പിൽ തപാൽവോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾമുതൽ ലീഡ് പ്രകടമാക്കിയ എൽ.ഡി.എഫ്. അവസാനംവരെയും അത്‌ നിലനിർത്തി.

10 ഗ്രാമപ്പഞ്ചായത്തുകളിലും യു.ഡി.എഫ്. ഭരണത്തിലുള്ള ചെങ്ങന്നൂർ നഗരസഭയിലും ഭൂരിപക്ഷം നേടിയാണ് സജി ചെറിയാൻ മേധാവിത്വം പ്രകടിപ്പിച്ചത്. യു.ഡി.എഫ്. ഭരിക്കുന്ന മാന്നാർ, വെണ്മണി, പാണ്ടനാട്, ആല ഗ്രാമപ്പഞ്ചായത്ത് ഉൾപ്പെടെ കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിരുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിലും സജി ഒന്നാമതെത്തി. തിരുവൻവണ്ടൂരിൽ കഴിഞ്ഞതവണ ബി.ജെ.പി.യായിരുന്നു ഒന്നാമത്.

വിവിധ സമുദായസംഘടനകളും സഭകളും തന്നെ പിന്തുണച്ചെന്ന് സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസിന്‌ വീഴ്ചപറ്റിയതായി യു.ഡി.എഫ്. സ്ഥാനാർഥി ഡി. വിജയകുമാർ കുറ്റപ്പെടുത്തി. കോൺഗ്രസ് വോട്ടുകൾ എൽ.ഡി.എഫിന്‌ മറിച്ചെന്ന് എൻ.ഡി.എ. സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു.

വോട്ട് നില (ബ്രാക്കറ്റിൽ കഴിഞ്ഞതവണത്തെ വോട്ട്)

എൽ.ഡി.എഫ്. 67,303 (52,880)

യു.ഡി.എഫ്. 46,347 (44,892)

എൻ.ഡി.എ. 35,269 (42,682).

സജി ചെറിയാന്റെ ഭൂരിപക്ഷം

പഞ്ചായത്ത് തിരിച്ച്

ചെങ്ങന്നൂർ നഗരസഭ 621

മാന്നാർ 2768

പണ്ടനാട് 649

തിരുവൻവണ്ടൂർ 20

മുളക്കുഴ 4205

ആല 850

പുലിയൂർ 606

ബുധനൂർ 2766

ചെന്നിത്തല 2943

ചെറിയനാട് 2424

വെണ്മണി 3046