ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം താന്‍ പോലും പ്രതീക്ഷിക്കാത്തതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി ഇടത് പക്ഷത്തിന് സ്വാധീനമുള്ള മേഖലയാണ് ചെങ്ങന്നൂരെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂരില്‍ നേടിയ വിജയം. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ കഴിഞ്ഞ ചില ദിവസങ്ങളായി നടക്കുന്ന പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ തുടങ്ങി വെച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളും താന്‍ തുടരും. ചെങ്ങന്നൂരില്‍ സംസാരിക്കേണ്ട വിഷയം വികസനമാണ് എല്‍ഡിഎഫ് സംസാരിച്ചത് ഇക്കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

എല്‍ഡിഎഫിലെ ഒരാള്‍ പോലും യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ കുറ്റപ്പെടുത്തിയിരുന്നില്ല. ഞങ്ങള്‍ പറഞ്ഞത് രാഷ്ട്രീയവും വികസനവുമാണ്. എന്നാല്‍, മറ്റ് പാര്‍ട്ടികള്‍ ചെയ്തത് സ്ഥാനാര്‍ഥിയെ ദുഷിച്ചു, രാഷ്ട്രീയം പറഞ്ഞില്ല എന്നുള്ളതാണെന്നും സജി ചെറിയാന്‍ പറഞ്ഞു.