കല്ലുവരമ്പില്‍(ആലപ്പുഴ): കരിങ്കല്ലുപാകിയ ചെമ്മണ്‍പാത ചെന്നവസാനിക്കുന്നിടത്ത് ഒരാള്‍ക്കൂട്ടം. സ്ത്രീകളുണ്ട്, കുട്ടികളുണ്ട്, പുരുഷന്‍മാരുണ്ട്.... ഔപചാരികതകള്‍ ഒന്നുമില്ലാതെ വീട്ടില്‍ ധരിക്കുന്ന വേഷത്തിലാണ് എല്ലാവരും. പാതയുടെ ഓരം ചേര്‍ന്നിട്ട പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത്.

പാതയുടെ എതിര്‍ഭാഗത്ത് മുളയില്‍ പടുതകെട്ടിയുണ്ടാക്കിയ വേദിയില്‍ തൂവെള്ള വസ്ത്രം ധരിച്ച് ഒരാള്‍ സംസാരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ്. മലബാര്‍ ചുവയുള്ള മലയാളത്തില്‍ വികസനനേട്ടങ്ങള്‍ വിവരിക്കുന്നത് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍.

പുലിയൂര്‍ പഞ്ചായത്ത് 4-ാം വാര്‍ഡ് തോപ്പില്‍ത്തറ കോളനിയില്‍ നടക്കുന്ന എല്‍.ഡി.എഫ്. കുടുംബയോഗത്തിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. 'ഗുജറാത്തില്‍ പരീക്ഷിച്ച വിഭജനത്തിന്റെ രാഷ്ട്രീയം രാജ്യം മുഴുവന്‍ പരീക്ഷിക്കുകയാണ് ബി.ജെ.പി.. മനുഷ്യനായി ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് രാജ്യത്ത്. പട്ടികജാതിക്കാരെ രാജ്യത്ത് തല്ലിക്കൊല്ലുകയാണ്. ദളിതര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമില്ലാതായിരിക്കുന്നു. പ്രതിപക്ഷമെന്ന് പറഞ്ഞുനടക്കുന്ന കോണ്‍ഗ്രസിന് ബി.ജെ.പി.യെ എതിര്‍ക്കാനാവുന്നില്ല.'

'സംഘപരിവാറിന്റെ കളികളൊന്നും കേരളത്തില്‍ നടക്കുന്നില്ല. കാരണം കാര്യപ്രാപ്തിയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പ് ബി.ജെ.പി.ക്കും കോണ്‍ഗ്രസിനുമുള്ള ശക്തമായ താക്കീതായി മാറണം' ജയരാജന്‍ പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് നേരെ കുടുംബയോഗത്തിന് വന്നവരുടെ അടുത്തേക്ക് ജയരാജന്‍ ചെന്നു കുശലമന്വേഷിച്ചു. എന്തൊക്കെയാ... എല്ലാര്‍ക്കും സുഖമല്ലേ... പെന്‍ഷനൊക്കെ കിട്ടുന്നുണ്ടല്ലോ അല്ലേ...? കൂട്ടത്തില്‍ പ്രായം ചെന്ന സ്ത്രീ മുന്നിലേക്ക് വന്നു പറഞ്ഞു. ' 'അതൊക്കെ കിട്ടുന്നുണ്ട് സാറേ... പക്ഷേ ഞങ്ങക്കിവിടെ ആവശ്യം വെള്ളവും നല്ല റോഡുമാ... സാറുകണ്ടില്ലേ റോഡ് പൊളിഞ്ഞു കിടക്കുന്നത്... കുടിവെള്ളത്തിനും ക്ഷാമമാണ്.. എന്തെങ്കിലും ഒരു പരിഹാരം കാണണം..'

വയോധികയുടെ വാക്കുകള്‍ ക്ഷമയോടെ കേട്ട് ജയരാജന്‍ പറഞ്ഞു... എല്ലാറ്റിനും പരിഹാരം കാണാം.. സജി ചെറിയാന്‍ എം.എല്‍.എ. ആയിക്കോട്ടെ. നിങ്ങളുടെ ഈ പ്രദേശത്ത് നല്ല റോഡും മുടക്കമില്ലാതെ കുടിവെള്ളവും ലഭിക്കും. അതിനുവേണ്ടത് ചെയ്യാന്‍ പ്രാപ്തിയുള്ള ആളാണ് സജി...

ഉടനെ തന്നെ സഹോദരിമാരായ രേഷ്മയ്ക്കും രേഖയ്ക്കും സഖാവിന്റെ കൂടെ സെല്‍ഫി എടുക്കണം. മടിച്ചാണ് ആവശ്യം പറഞ്ഞത്. ഒട്ടും മടിക്കാതെനിന്നു കൊടുത്തു, പിന്നെ അടുത്ത പരിപാടി സ്ഥലത്തേക്ക് യാത്രയായി. യോഗങ്ങളും ഭവനസന്ദര്‍ശനവുമായി തിരക്കിട്ട പരിപാടികളാണ് ജയരാജന്. ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. പി.കെ.ശശി, സന്തോഷ്, എം.ജി.ശ്രീകുമാര്‍, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

content highlights: E P Jayarajan campaigning for ldf candidate saji cheriyan chengannur byelection 2018