ചെങ്ങന്നൂർ: നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും ഒരുപോലെ മികവ് പുലർത്തിയാണ് സജി ചെറിയാൻ വൻ ഭൂരിപക്ഷം നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേധാവിത്വമുണ്ടായിരുന്ന പാണ്ടനാട് ഗ്രാമപ്പഞ്ചായത്തും നഗരസഭയും എൽ.ഡി.എഫിന്റെ കൈപ്പിടിയിലായി. ബി.ജെ.പി.യുടെ കോട്ടയായ തിരുവൻവണ്ടൂർ പിടിച്ചെടുത്തു.

എൽ.ഡി.എഫിലെ കെ.കെ.രാമചന്ദ്രൻനായർ ഭൂരിപക്ഷം നേടിയ പഞ്ചായത്തുകളെല്ലാം സജി ചെറിയാൻ നിലനിർത്തി. ഭൂരിപക്ഷം രണ്ടും നാലും ഇരട്ടിയായി വർധിപ്പിച്ചു.

*മാന്നാറിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 440 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽ.ഡി.എഫിന്. ഇത്തവണ അത് 2612 ആയി ഉയർത്തി.

*പാണ്ടനാട്ടിൽ യു.ഡി.എഫിന് 288 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് മറികടന്ന് 805 വോട്ടുകൾ അധികം നേടിയാണ് എൽ.ഡി.എഫ്. ആധിപത്യം ഉറപ്പിച്ചത്.

*ബി.ജെ.പി. 29 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്ന തിരുവൻവണ്ടൂർ 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ്. പിടിച്ചെടുത്തു.

*ചെങ്ങന്നൂർ നഗരസഭ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായാണ് അറിയപ്പെട്ടിരുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് മേൽക്കൈ ലഭിക്കുമായിരുന്നു. 2016-ൽ ഇടതുതരംഗത്തിലും 402 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞതാണ്. പക്ഷേ, ഇക്കുറി എൽ.ഡി.എഫ്. 753 വോട്ടിന്റെ ഭൂരിപക്ഷം നേടി.

*ഇടതുസ്ഥാനാർഥി സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയിൽ എൽ.ഡി.എഫ്. ഭൂരിപക്ഷം 2291-ൽനിന്ന്‌ 4073 ആയി ഉയർന്നു.

*ആലാ ഗ്രാമപ്പഞ്ചായത്തിൽ 440 വോട്ടിൽനിന്ന്‌ 850 ആയി എൽ.ഡി.എഫ്. ഭൂരിപക്ഷം ഉയർത്തി.

*ഡി.വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 606. മുൻ തിരഞ്ഞെടുപ്പിൽ ഇത് 302 മാത്രമായിരുന്നു.

*ബുധനൂരിൽ 1594-ൽനിന്ന്‌ 2766 വോട്ടിലേക്ക് ഭൂരിപക്ഷം എത്തിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു.

*പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തലയിൽ 2403 വോട്ടാണ് എൽ.ഡി.എഫ്. അധികം നേടിയത്. കഴിഞ്ഞ പ്രാവശ്യത്തെ 1130 വോട്ടിന്റെ സ്ഥാനത്താണിത്.

*ചെറിയനാട് പഞ്ചായത്തിൽ 2482 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിനുള്ളത്. നിലവിലുണ്ടായിരുന്നത് 1114 വോട്ട് മാത്രം.

*പി.എസ്.ശ്രീധരൻപിള്ളയുടെ ജന്മനാടായ വെണ്മണിയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 658-ൽനിന്ന്‌ 2946 വോട്ടായി ഉയർന്നു.