ചെങ്ങന്നൂർ: സ്വീകരണ മുറിയിൽ ചെങ്ങന്നൂരുകാരുടെ പ്രിയപ്പെട്ട കെ.കെ.ആറിന്റെ കസേര. മേശപ്പുറത്ത് ഏതാനും ഡയറികൾ. ചില കടലാസുകൾ ഡയറികളിൽനിന്ന്‌ പുറത്തേക്ക് തലനീട്ടിയിരിക്കുന്നു. മുൻകൂട്ടി ഏറ്റ പരിപാടികൾ മറക്കാതിരിക്കാൻ വച്ചതാണ്.

മേശപ്പുറത്ത് മാതൃഭൂമിയും പാർട്ടി മുഖപത്രവും. അടുത്തുള്ള സ്റ്റൂളിൽ എം.എൽ.എ.യെ തേടിയെത്തിയ തപാലുകൾ.... കെ.കെ.രാമചന്ദ്രൻ നായർ ഓർമയായിട്ട് നാലുമാസമാകുന്നു. എങ്കിലും ആലായിലെ അദ്ദേഹത്തിന്റെ വീട്ടിൽ ആ ഒാർമകൾക്ക് മരണമില്ല. തിരക്കുകളുടെ ലോകത്ത് കെ.കെ.ആർ. ജീവിച്ചിരുന്നപ്പോൾ സൂക്ഷിച്ചതുപോലെ ആ മുറി.

പേനയും പേനാ സ്റ്റാൻഡും എല്ലാം അതേപടി. കെ.കെ.ആറിനായി വിരിച്ചിട്ട കസേരയ്ക്ക് പിന്നിൽനിന്നാണ് ഭാര്യ പൊന്നുമണി ചെങ്ങന്നൂരിലെ ഇടതുവിജയം ടെലിവിഷനിൽ കണ്ടത്. ഉച്ചയോടെ സജി ചെറിയാൻ പടികയറിവന്നു. കണ്ണുനീർ തുടച്ച് പൊന്നുമണി പുറത്തേക്കുവന്നു. ആ പാദങ്ങളിൽ തൊട്ടുനമസ്‌കരിച്ച സജി ചെറിയാൻ, തൊഴുതുകൊണ്ട് എഴുന്നേറ്റു. ‘കെ.കെ.ആറിന്റെ വിജയമാണിത്. അദ്ദേഹം തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കും.’ പൊന്നുമണിക്കൊപ്പം മകൻ പ്രശാന്തിനെയും ചേർത്ത് നിർത്തിയാണ് സജി ചെറിയാൻ പറഞ്ഞത്.

കെ.കെ.രാമചന്ദ്രൻ നായരുടെ ചിത്രം പ്രവർത്തകർ മേശപ്പുറത്ത് വച്ചു. സജി ചെറിയാൻ രക്തപുഷ്പങ്ങൾ അർപ്പിച്ചു. രാമചന്ദ്രൻനായരുടെ കസേരയിൽ തൊട്ടുകൊണ്ട് പൊന്നുമണി നിന്നു. അപ്പോഴും ആ കണ്ണുകൾ തേർന്നിരുന്നില്ല.

കെ.കെ.ആർ. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... തെക്കേ മുറ്റത്ത് പ്രവർത്തകരുടെ മുദ്രാവാക്യം മുഴങ്ങുന്നു. സജി ചെറിയാൻ കെ.കെ.ആറിന്റെ കുഴിമാടത്തിൽ പൂക്കൾ അർപ്പിച്ചു. ബന്ധുക്കൾ പൊന്നുമണിയെ അങ്ങോട്ട് വിളിച്ചെങ്കിലും, വേണ്ട.... അങ്ങോട്ടില്ലെന്നായിരുന്നു മറുപടി.

പോകാനിറങ്ങിയപ്പോൾ സജി ചെറിയാനുമുന്നിൽ മാധ്യമ പ്രവർത്തകർ. ‘കെ.കെ.രാമചന്ദ്രൻ നായരുടെ ഓർമകൾ അലയടിച്ച തിരഞ്ഞെടുപ്പായിരുന്നു. അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കുന്നില്ല. ഞങ്ങളെല്ലാമുള്ളകാലത്തോളം ആ ഓർമകൾ നിലനിൽക്കും.’- സജി ചെറിയാൻ പറഞ്ഞുനിർത്തി.

ഇതിനിടെ വെള്ളം കൊണ്ടുവന്നു. അതുകുടിച്ച് സജി ചെറിയാൻ പുറത്തേക്കിറങ്ങി. പൊന്നുമണി സ്വീകരണമുറിയിൽ പ്രിയപ്പെട്ടവന്റെ അടുത്താണ്. നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി. അപ്പോഴും പ്രശാന്ത് അടുത്തുണ്ടായിരുന്നു. കെ.കെ.ആറിന്റെ വീട്ടിൽനിന്നായിരുന്നു സജി മണ്ഡലത്തിലെ തന്റെ വിജയാഘോഷം തുടങ്ങിയത്‌.

content highlights: chengannurt byelection result 2018