ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടെണ്ണും മുമ്പേ യു.ഡി.എഫ്.സ്ഥാനാർഥി ഡി.വിജയകുമാർ നടത്തിയ പരാമർശം വിവാദമാവുന്നു. മണ്ഡലത്തിൽ പാർട്ടി പലയിടത്തും വേണ്ടരീതിയിൽ പ്രവർത്തനം നടത്തിയില്ലെന്നായിരുന്നു പരാമർശം. ഏറെക്കാലമായി ഐ ഗ്രൂപ്പിൽ പ്രവർത്തിച്ചയാളാണ് വിജയകുമാർ. ഒരു സ്ഥാനവും കിട്ടിയിരുന്നില്ല. എന്നാൽ എ ഗ്രൂപ്പിലേക്ക് മാറിയതോടെ അദ്ദേഹത്തിന് സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനവും പിന്നാലെ സ്ഥാനാർഥിത്വവും ലഭിച്ചു.

ഇതെല്ലാം ഐ ഗ്രൂപ്പിൽ കടുത്ത അസംതൃപ്തിയുണ്ടാക്കിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം നിന്ന അദ്ദേഹം ഉമ്മൻചാണ്ടിയോടടുത്തത് പലരിലും നീരസം കൂട്ടുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഇതൊന്നും കാര്യമായി ബാധിച്ചില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് വിജയകുമാറിന്റെ പ്രതികരണം ഉണ്ടായത്.

തന്റെ വീട്ടിൽപ്പോലും സ്ലിപ്പ് എത്തിക്കാൻ ആരും എത്തിയില്ല. മറ്റ് സ്ഥലങ്ങളിൽനിന്ന്‌ നേതാക്കൾ എത്തിയതല്ലാതെ ആഴത്തിലുള്ള പ്രവർത്തനം നടത്തിയില്ല എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ. രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ യു.ഡി.എഫ്.ചെയർമാൻ എം.മുരളിയെയാണ് സ്ഥാനാർഥിയാക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ, ഉമ്മൻചാണ്ടി വിജയകുമാറിനുവേണ്ടി ഉറച്ചുനിന്നു. അതിനോട് സഹകരിച്ചിട്ടും വിജയകുമാർ നിരുത്തരവാദപരമായ പരാമർശം നടത്തിയത് ശരിയായില്ലെന്ന് രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. വരുംദിവസങ്ങളിൽ കോൺഗ്രസിലെ വിഴുപ്പലക്കലിന്‌ ഇത് വളമാകും.

content highlights: chengannur byelection result 2018