ചെങ്ങന്നൂർ: "അന്നുപറ്റിയ അബദ്ധം വോട്ടർമാർ തിരുത്തും"-വ്യാഴാഴ്ച വോട്ടെണ്ണുന്നതിന് മുൻപ് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2006-ൽ ചെങ്ങന്നൂരിലെ തന്റെ തോൽവിയെപ്പറ്റിയായിരുന്നു പരാമർശം. ഫലം വന്നപ്പോൾ വോട്ടർമാർ തിരുത്തിയെന്ന് ബോധ്യമായി. പക്ഷേ, അതിനും വളരെ മുൻപേ സജി ചെറിയാൻ എന്ന കർക്കശക്കാരനായ സി.പി.എം. നേതാവ് സ്വയം തിരുത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ 2006-ലെ തോൽവിയോടെയുള്ള ആ തിരുത്തലിന്റെ ഗുണഫലമാണ് ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം.

സാധാരണക്കാരുടെ അവകാശപ്പോരാട്ടങ്ങൾക്ക് പാർട്ടിവേദികൾ ധാരാളം. പക്ഷേ, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടുന്നവർ, നിത്യരോഗികൾ, മക്കൾപോലും പരിചരിക്കാൻ അറയ്ക്കുന്നവർ, മാനസിക വൈകല്യമുള്ളവർ... അങ്ങനെ അവശതകളുടെ തടവറയിൽ സ്വയം ഹോമിക്കപ്പെടുന്ന ജീവിതങ്ങൾക്ക് തണലാകാൻ കാരുണ്യത്തിന്റെ വഴിതന്നെ വേണം. അങ്ങനെയാണ് കരുണാ പാലിയേറ്റീവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിന്റെ പിറവി. ലളിതമായാണ് തുടക്കം. ഇന്ന് അതൊരു വലിയ പ്രസ്ഥാനമാണ്.

ചെങ്ങന്നൂർ താലൂക്കും മാവേലിക്കരയിലെ ചെന്നിത്തലയും ഉൾപ്പെടെ 178 വാർഡുകളിലേക്ക് നീളുന്ന സേവനങ്ങൾ. 11 മേഖലകളിയി തിരിച്ച് കിടപ്പുരോഗികളുടെ പരിചരണം മുഖ്യമായെടുത്തുള്ള സാന്ത്വന പരിചരണം. ജൈവകൃഷി, ആംബുലൻസ് സേവനം, വൈദ്യസഹായം, സൗജന്യ വൈദ്യപരിശോധന തുടങ്ങിയ മേഖലകളിലും കരുണയുടെ സഹായമെത്തുന്നു. സംഘടനയുടെ ചെയർമാനെന്ന നിലയിൽ ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് സജി ചെറിയാനാണ്. ജില്ലാ സെക്രട്ടറിയായി പാർട്ടിയെ നയിച്ചപ്പോഴും കരുണയ്ക്കായി സമയം നീക്കിവച്ചുകൊണ്ടാണ് സേവനവഴിയിൽ മുന്നേറിയത്. രാഷ്ട്രീയത്തിനും മറ്റ് ഘടകങ്ങൾക്കുമൊപ്പം ഈ സേവനവും വോട്ടായിമാറിയിട്ടുണ്ട്.

ആദ്യ മത്സരത്തിലെ തോൽവിക്കുശേഷം സജി ചെറിയാൻ കരുതലിലായിരുന്നു. ഇനിയൊരിയ്ക്കൽ പാർട്ടി ആ ചുമതല ഏൽപ്പിച്ചാൽ വിജയം ഉറപ്പിക്കാൻ. പിന്നീട് സി.എസ്.സുജാതയ്ക്കും കെ.കെ.രാമചന്ദ്രൻ നായർക്കുമായിരുന്നു പാർട്ടി ടിക്കറ്റ്. അവരുടെ വിജയത്തിന് വലിയ പരിശ്രമം നടത്തിയ സജി ചെറിയാനെ ഒടുവിൽ പാർട്ടി ആ ദൗത്യം ഏൽപ്പിച്ചു... ചെങ്ങന്നൂരിലെ സ്ഥാനാർഥിത്വം. പാർട്ടിയും മുന്നണിയും ഒപ്പം നിന്നപ്പോൾ അതിനേക്കാൾകൂടുതൽ കരുത്തോടെ കരുണ്യത്തിന്റെ വഴിയും കൂട്ടുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിനുശേഷം നാടിനെയും നാട്ടുകാരെയും മറന്നുപോകുന്ന രാഷ്ട്രീയക്കാർക്ക് സജി ചെറിയാന്റെ വിജയം പാഠമാണ്. രാഷ്ട്രീയത്തിനൊപ്പം കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള വഴികൂടി വെട്ടിയൊരുക്കണമെന്ന വലിയ പാഠം.