ചെങ്ങന്നൂർ: കൂട്ടിയും കിഴിച്ചും നോക്കി... ജയമല്ലാതെ മൂന്നു മുന്നണികൾക്കും മറ്റൊന്നും ചിന്തിക്കാൻ പോലുമാകുന്നില്ല. ഇവരിൽ ആരുടെ കണക്കുകൂട്ടൽ ശരിയാകുമെന്നത് 31-ന് അറിയാം. അതുവരെ ശുഭപ്രതീക്ഷ പങ്കുവെക്കുകയാണ് മുന്നണികളുടെ അമരക്കാർ. അന്തിമ പോളിങ് ശതമാനം 76.27 ആണ്. വോട്ടെണ്ണൽ വ്യാഴാഴ്ചയും.

തിരുവൻവണ്ടൂർ ഉൾപ്പെടെ പത്തു പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും വ്യക്തമായ ലീഡ് ലഭിക്കുമെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.

എൻ.ഡി.എ.- യു.ഡി.എഫ്. മുന്നണിയിൽപ്പെട്ടവർ വികസനത്തുടർച്ചക്കായി സജി ചെറിയാന് വോട്ടു ചെയ്തിട്ടുണ്ടെന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വഭരപ്പണിക്കർ പറഞ്ഞു. അക്കാരണത്താൽ 70,000 മുതൽ 75,000 വരെ വോട്ടു എൽ.ഡി.എഫ്. പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പോളിങ് ശതമാനം വർധിച്ചത് യു.ഡി.എഫിന് അനുകൂലമാവുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എബി കുര്യാക്കോസ് കണക്കുകൂട്ടുന്നു. യു.ഡി.എഫ്. ജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിന്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു.ഡി.എഫിന് അനുകൂലമാണ്.

65,000-നും 70,000-നും ഇടയിൽ വോട്ടുകൾ ലഭിക്കും. കുറഞ്ഞത് 7000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ജയിക്കും. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ 70 ദിവസത്തോളം കഷ്ടപ്പെട്ട് പ്രവർത്തിച്ചിരുന്നു. അതിന്റെ ഫലമായാണ് പോളിങ് ഇത്രയും വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തെ നേട്ടം പഴങ്കഥയാക്കി 48,000 മുതൽ 55,000 വരെ വോട്ടുകളാണ് എൻ.ഡി.എ. പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് നേടിയ വോട്ടുകൾ കൂടാതെയാണിതെന്ന് എൻ.ഡി.എ. കമ്മിറ്റി കൺവീനർ എം.വി. ഗോപകുമാർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന കക്ഷിയായി ബി.ജെ.പി. മാറും. ഭൂരിപക്ഷത്തിന്റെ കണക്കുകളൊന്നും ഇപ്പോൾ പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ എൽ.ഡി.എഫ്. - യു.ഡി.എഫ്. രഹസ്യധാരണ പലയിടത്തും ഉണ്ടായിരുന്നുവെന്നാണ് എൻ.ഡി.എ. കണക്കുകൂട്ടുന്നത്. ഉച്ചയ്ക്കുശേഷം പലയിടത്തും യു.ഡി.എഫ്. സജീവമല്ലായിരുന്നു. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച മാണി വിഭാഗത്തിലെ പലരും എൽ.ഡി.എഫ്. ക്യാമ്പിൽ സജീവമായിരുന്നെന്നും ആരോപിക്കുന്നു.

content highlights: chengannur byelection 2018