ചെങ്ങന്നൂര്‍: ഇനി തിരഞ്ഞെടുപ്പിനുമുന്‍പ് ഒരു ഞായര്‍ കൂടിയേ ലഭിക്കൂ. പക്ഷേ, അത് തിരഞ്ഞെടുപ്പിന് തൊട്ടുതലേദിവസമാണ്, നിശ്ശബ്ദപ്രചാരണത്തിന്റെ സമയം. അതുകൊണ്ടു തന്നെ ഈ ഞായര്‍ വോട്ടുചോദിച്ചുള്ള ഓട്ടത്തിന് വേഗം കൂടുതലായിരുന്നു സ്ഥാനാര്‍ഥികള്‍ക്ക്.

നിരവധി കല്യാണങ്ങള്‍ ഉള്ള ദിവസംകൂടിയായിരുന്നു ഇന്നലെ. പക്ഷേ, പര്യടനത്തിനും വോട്ടുചോദിക്കലിനും അവധി കൊടുക്കാതെ കല്യാണ വേദികള്‍ കൂടി വോട്ടുചേദിക്കാനുള്ള ഇടങ്ങളാക്കി മാറ്റി സ്ഥാനാര്‍ഥികള്‍.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജി ചെറിയാന്‍ ആല, പുലിയൂര്‍ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. മൂലയുഴത്തില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എം.എല്‍.എ. പര്യടനം ഉദ്ഘാടനം ചെയ്തു. തിങ്കളാമുറ്റം, പാലച്ചുവട്, അത്തലക്കടവ്, മണ്ണാരേത്ത്, കനാല്‍ക്കവല എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കോടുകുളഞ്ഞി കവലയില്‍ സമാപിച്ചു.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി. വിജയകുമാറിന് മാന്നാര്‍ പഞ്ചായത്തിലായിരുന്നു പര്യടനം. കുരട്ടിക്കാട് ഇന്ദിരാ മണ്ഡപത്തില്‍നിന്ന് എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു.

d vijayakumar
യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പര്യടനത്തിനിടെ

പുളിയ്ക്കാശ്ശേരില്‍, വായനശാല, കൊട്ടാരത്തില്‍പുഴ, മുട്ടേല്‍ക്കവല, ചെമ്പകമഠം, കുന്നത്തൂര്‍, വലിയകുളങ്ങര, കുമരംചിറ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം കോയിക്കമുക്കില്‍ സമാപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ബുധനൂര്‍ പഞ്ചായത്തിലായിരുന്നു പര്യടനം. വല്യവീട്ടില്‍ ഭാഗത്തുനിന്നാരംഭിച്ച പര്യടനം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. മുളമൂട്ടില്‍ കവല, താമരക്കാട്ടില്‍, ലക്ഷംവീട് കോളനി, പെരിങ്ങിലിപ്പുറം, പുളിഞ്ചുവട്, ഗ്രാമം എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം ഉളുന്തിയില്‍ സമാപിച്ചു.

sreedharanpilla
എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള പര്യടനത്തിനിടെ

content highlights: Chengannur byelection 2018