തിരുവനന്തപുരം:  ചെങ്ങന്നൂരില്‍ സമുദായ സമവാക്യം നിര്‍ണായകമാകുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ എന്ന സംവിധാനം ചെങ്ങന്നുരില്‍ ഇല്ല. എന്‍ഡിഎ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ താത്പര്യം കാണിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ബിഡിജെഎസിനെ വെടക്കാക്കി തനിക്കാക്കുക എന്ന ഹിഡന്‍ അജന്‍ഡയാണ് ബിജെപിക്കുള്ളത്. ഈഴവ മുന്നേറ്റം അംഗീകരിക്കാന്‍ മടിക്കുന്ന സവര്‍ണ മനോഭാവമുള്ളവര്‍ കേരളത്തിലെ ബിജെപിക്കുള്ളിലുണ്ട്. കേരളത്തിലെ ബിജെപിയെന്നുപറയുന്നത് സവര്‍ണ അജന്‍ഡയിലും സവര്‍ണ വിഭാഗത്തിന്റെ കൈപ്പിടിയിലും ഒതുങ്ങി നില്‍ക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. മനസുകൊണ്ട് ബിജെപിയുമായി അകന്ന പ്രവര്‍ത്തകരാണ് ബിഡിജെഎസിലുള്ള ഭൂരിഭാഗമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ അവഗണിക്കാനാകാത്ത പാര്‍ട്ടിയായി ബിഡിജെഎസ് വളര്‍ന്നിട്ടുണ്ട്. ബിഡിജെഎസിന്റെ ശക്തി മനസിലാകാത്തത് കേരളത്തിലെ ബിജെപിക്ക് മാത്രമാണ്. അവര്‍ക്ക് കേരളം ഭരിക്കണമെന്ന ആഗ്രമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് അകന്നു നിന്നാല്‍ കഴിഞ്ഞതവണ ചെങ്ങന്നൂരില്‍ ലഭിച്ച വോട്ടുകള്‍ ശ്രീധരന്‍പിള്ളയ്ക്ക് ലഭിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം ശക്തി തെളിയിക്കാന്‍ വേണമെങ്കില്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിഡിജെഎസ് തീരുമാനിച്ചാല്‍ അതിനെ തെറ്റുപറയാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെ അവഗണിച്ചുകൊണ്ട് ചെങ്ങന്നൂരില്‍ ആര്‍ക്കും ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്‍ഡിഎയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു പരിപാടിയും നടന്നിട്ടില്ലെന്ന് മാത്രമല്ല കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പദവികള്‍ ഘടകകക്ഷികള്‍ക്ക് വാങ്ങിച്ചുനല്‍കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് വീഴ്ചയല്ലെന്നും കേരള നേതൃത്വത്തിന്റെ കൂട്ടായ്മയില്ലാത്തതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ കിടമത്സരമാണെന്നും വെള്ളാപ്പള്ളി പറയുന്നു.