ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം അരങ്ങേറിയ ചെങ്ങന്നൂർ ഇടതുമുന്നണിയിലുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ചു. ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 20956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. 

എൽ.ഡി.എഫും  യുഡിഎഫും വോട്ട് ശതമാനം കൂട്ടിയപ്പോൾ എൻ.ഡി.എ വോട്ടുകളിൽ കുറവു വന്നു. 66861 വോട്ടുകളാണ് എൽ.ഡി.എഫ് നേടിയത് (2016-52880), യുഡിഎഫ് 46084 ഉം (2016-44897) എൻ.ഡിഎ 35084 (2016-42682) വോട്ടും നേടി. 

യു.ഡി.എഫ്, എന്‍.ഡി.എ അനുകൂല മേഖലകളില്‍പ്പോലും വ്യക്തമായ മുന്‍തൂക്കം നേടിയായിരുന്നു സജി ചെറിയാന്‍ കുതിച്ചത്. പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞതവണത്തെ എല്‍.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാന്‍ മറികടന്നിരുന്നു. 

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി.  ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന്‍ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും. 

മാന്നാര്‍ പഞ്ചായത്തില്‍  2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 

മൂന്നാമതായി എണ്ണിയ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൻ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോണ്‍ഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.

 മാന്നാർ-2629, പാണ്ടനാട്-548, തിരുവൻവണ്ടൂർ-10, ചെങ്ങന്നൂർ -753, മുളക്കുഴ- 3637 ആല- 866  പുലിയൂർ- 637  ബുധനൂർ-646, ചെന്നിത്തല- 2353 , ചെറിയനാട് -2485 , വെൺമണി -3203 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ച് സജി ചെറിയാന്റെ ഭൂരിപക്ഷം.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടന്നത്.