ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കാനിരിക്കെ, പോസ്റ്റൽ വോട്ടുകൾ അനിശ്ചിതത്വത്തിൽ. തപാൽ സമരം കാരണം വോട്ടെണ്ണൽ കേന്ദ്രത്തിൽ പോസ്റ്റൽ ബാലറ്റുകൾ ഇനിയും എത്തിയില്ല. 799 സർവീസ് വോട്ടുകളും 40 സർക്കാർ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാൽ മാർഗം എത്തേണ്ടത്. ഇവർക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകൾ അയച്ചു കൊടുത്തെങ്കിലും ഒന്നും തിരികെ കിട്ടിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

സമരം കാരണം പലയിടത്തായി ഇവ കെട്ടികിടക്കുകയാണെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ കളക്ടർ ടി.വി. അനുപമ പോസ്റ്റൽ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പോസ്റ്റൽ ബാലറ്റുകൾ വിമാനത്താവളത്തിലെ കാർഗോയിൽ ഉണ്ടോയെന്ന് പരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ബുധനാഴ്ച വൈകിയും ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി.

സംസ്ഥാനത്ത് എവിടെയെങ്കിലും തപാൽ ബാലറ്റുകൾ എത്തിയിട്ടുണ്ടെങ്കിൽ ആലപ്പുഴയിലെയോ തിരുവല്ലയിലെയോ ഹെഡ്‌പോസ്റ്റ് ഓഫീസിൽ എത്തിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തുടങ്ങുന്നതിന് അരണിക്കൂർ മുൻപ് വരണാധികാരിയുടെ മേശപ്പുറത്ത് കിട്ടുന്ന തപാൽ വോട്ടുകളേ എണ്ണുകയുള്ളൂ. വ്യാഴാഴ്ച എട്ടിനാണ് വോട്ടെണ്ണിത്തുടങ്ങുന്നത്. അരമണിക്കൂറാണ് തപാൽ വോട്ടുകൾ എണ്ണാനുള്ള സമയം. ഇതിന് മുൻപ് ബാലറ്റുകൾ ലഭിച്ചെങ്കിൽ മാത്രമേ വോട്ടുകൾ പ്രയോജനപ്പെടൂ.

ഫലം തടഞ്ഞുവെക്കും

സാധാരണ ഗതിയിൽ അയയ്ക്കുന്ന തപാൽ വോട്ടുകൾ മുഴുവൻ മടങ്ങിയെത്താറില്ല. വോട്ടെണ്ണൽ തുടങ്ങിയതിനുശേഷം ലഭിക്കുന്ന ബാലറ്റുകൾ വരണാധികാരി മാറ്റിവെക്കും. മാറ്റിവെച്ചിരിക്കുന്ന വോട്ടുകളെക്കാൾ കുറവാണ് ഭൂരിപക്ഷമെങ്കിൽ ഇത് എണ്ണുന്നത് വരെ ഫലം തടഞ്ഞുവെക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ അനുമതിയോടെ മാത്രമേ ഇവ എണ്ണാൻ സാധിക്കൂ. അങ്ങനെ വരുമ്പോൾ ബാലറ്റുകൾ കിട്ടിയിട്ട് മാത്രമേ ഫലപ്രഖ്യാപനം നടത്തൂ.

തിരുവല്ലയിൽ എത്തിക്കും

തലസ്ഥാനത്ത് എത്തിയിട്ടുള്ള പോസ്റ്റൽ വോട്ടുകൾ തിരുവല്ലയിലെ ഹെഡ്‌പോസ്റ്റ് ഓഫീസിൽ എത്തിക്കാമെന്ന് പോസ്റ്റൽ അധികാരികൾ സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ തന്നെ പ്രത്യേക വാഹനത്തിൽ ഇവ ചെങ്ങന്നൂരിൽ എത്തിക്കും.-ടി.വി. അനുപമ

ജില്ലാ കളക്ടർ