തിരുവന്‍വണ്ടൂര്‍: നാട്ടിടവഴികളില്‍നിന്ന് ഒരാള്‍ക്കൂട്ടം വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ വീട്ടമ്മ ഒന്നമ്പരന്നു. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ലാളിത്യം തുളുമ്പുന്ന ഒരു സ്ത്രീ മുന്നോട്ട് കയറിനിന്നു. ഒപ്പമുള്ളവര്‍ ചോദിച്ചു, ആരാണെന്ന് മനസ്സിലായോ? വീട്ടമ്മ ആകെ ഒന്നമ്പരന്നു. പുരികങ്ങള്‍ സംശയഭാവത്തില്‍ ചുളിഞ്ഞു. എന്നിട്ട് മെല്ലെ മന്ത്രിച്ചു. 'നല്ല പരിചയമുള്ള മുഖം. പക്ഷേ, ആരാണെന്ന് മനസ്സിലാവുന്നില്ല.

' കൂപ്പുകൈകളോടെ ആ സ്ത്രീ മന്ത്രിച്ചു. 'നമസ്‌തേ. ഞാന്‍ ശോഭാ സുരേന്ദ്രന്‍. ധൈര്യം പകര്‍ന്നതുപോലൊരു ചിരി വീട്ടമ്മയുടെ മുഖത്ത്. അടുത്തേക്ക് ചെന്ന് അവര്‍ക്ക് കൈകൊടുത്തു. 'അയ്യോ... ചാനല്‍ ചര്‍ച്ചയിലൊക്കെ കാണാറുണ്ട്. പക്ഷേ പെട്ടെന്ന് ഓര്‍മ്മ വന്നില്ല.' അവര്‍ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. പിന്നെ വരാം ഇപ്പോള്‍ തിരക്കാണെന്നുപറഞ്ഞ് അവിടെനിന്നിറങ്ങി. പോകുംമുമ്പ് പറഞ്ഞു. 'വോട്ട് താമരയ്ക്കുതന്നെ ഓര്‍മിക്കണേ.'

ചാനലില്‍ തീപാറുന്ന വാക്ശരങ്ങളുമായി പ്രതിയോഗികളെ വെള്ളംകുടിപ്പിക്കുന്ന ശോഭാ സുരേന്ദ്രന്‍ നേരില്‍ കാണുമ്പോള്‍ ഏറെ സൗമ്യമായിട്ടായിരുന്നു സംസാരം. നമസ്‌തേ പറഞ്ഞ് പരിചയപ്പെട്ടാണ് വോട്ടുചോദിക്കുന്നത്. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ തവിട്ട് കോട്ടണ്‍ സാരിയാണ് ധരിച്ചിരുന്നത്. പ്രവര്‍ത്തകരോടൊപ്പം തമാശകള്‍ പറഞ്ഞ് കുട്ടികളോടൊത്ത് സെല്‍ഫിക്ക് നിന്നുകൊടുത്തുമാണ് ഗൃഹസമ്പര്‍ക്കം പുരോഗമിക്കുന്നത്.

തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഇരമല്ലിക്കരയില്‍ ഒന്നാം വാര്‍ഡില്‍ 31-ാം നമ്പര്‍ ബൂത്തിലാണ് ശോഭാ സുരേന്ദ്രന്‍ തിങ്കളാഴ്ച വൈകീട്ട് എല്‍.ഡി.എ.യ്ക്കായി ഭവനസന്ദര്‍ശനത്തിന് ഇറങ്ങിയത്. രാവിലെ ബുധനൂര്‍, മാന്നാര്‍ പഞ്ചായത്തുകളിലായിരുന്നു പ്രചാരണം. രാവിലെ മുതല്‍ നടക്കുന്നതിന്റെ ക്ഷീണം ഒട്ടും മുഖത്തില്ല. നല്ല പ്രസരിപ്പ്. ഒപ്പമുള്ള സ്ത്രീകളിലേക്കും ആ പ്രസരിപ്പ് പകരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തില്‍ ശോഭ സജീവമാണ്. സ്ത്രീകളുടെ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രചാരണത്തിനിടെ ശോഭ പറഞ്ഞു.

'മുന്‍പെങ്ങും ഇല്ലാത്തവിധം സ്ത്രീകളുടെ വലിയ പങ്കാളിത്തം എന്‍.ഡി.എ.യുടെ പ്രവര്‍ത്തനത്തില്‍ കാണാം. കേരളത്തിന്റെ രാഷ്ട്രീയകാലാവസ്ഥ തന്നെയാണ് കാരണം. എല്‍.ഡി.എഫ്.ഭരണത്തില്‍ എത്രപേരാണ് ദുരിതം അനുഭവിക്കുന്നത്. അക്രമരാഷ്ട്രീയം കൊടികുത്തി വാഴുകയാണ്. സ്ത്രീകള്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. ഇതിന് ഒരു മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസ് തകര്‍ന്നിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ജോലി ബി.ജെ.പി.യാണ് നിര്‍വഹിക്കുന്നത്. ഇത് ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മനസ്സിലാക്കുന്നുണ്ട്. 
ചെങ്ങന്നൂരില്‍ ബി.ജെ.പി.യുടെ വിജയം സുനിശ്ചിതമാണ്.' അടുത്ത വീട്ടിലേക്ക് വനിതകളടങ്ങുന്ന ആ സംഘം നടന്നുപോയി.

content highlights: bjp leader sobha surendran campaigning for p s sreedharan pilla chengannur byelection 2018