''ഇപ്രാവശ്യം ജയിച്ചില്ലെങ്കില്‍ ഇനി എപ്പോള്‍ കോണ്‍ഗ്രസ്സുകാരാ" ഇങ്ങനെയായിരുന്നു ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവുമെന്ന് അറിഞ്ഞ ആദ്യ നിമിഷം മുതല്‍ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രത്യക്ഷപ്പെട്ട സങ്കടവും നിരാശയും നിറഞ്ഞ പോസ്റ്റുകള്‍. കാരണം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ രാഷ്ട്രീയ കലാവാസ്ഥ അത്രമേല്‍ അനുകൂലമായിരുന്നു. പക്ഷെ അതുപോലും സുരക്ഷിത മണ്ഡലം എന്ന് കരുതിയിരുന്ന ചെങ്ങന്നൂരില്‍ അവര്‍ക്ക് വോട്ടാക്കാനായില്ല. കൂടാതെ കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തില്‍ പോലും എല്‍.ഡി.എഫ് വന്‍മുന്നേറ്റം നടത്തുകയും ചെയ്തു.  ഇത് ചൂണ്ടിക്കാട്ടുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്പൂര്‍ണ പരാജയത്തെയുമാണ്. 
 
അടുത്തിടെ നടന്ന കസ്റ്റഡി മരണങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും അടക്കം, വിവാദത്തില്‍ പെട്ട് കരകയറാന്‍ പാടുപെടുന്ന  അഭ്യന്തരവകുപ്പിന്റെ പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി വോട്ടാക്കാന്‍ ചെങ്ങന്നൂരില്‍ യു.ഡി.എഫ് നേതൃത്വം  ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല എന്നു തന്നെയാണ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ വോട്ടെടുപ്പിനോടടുക്കുമ്പോള്‍ കേരളകോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ലഭിച്ചതും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് ഏറെ പ്രധാന്യമുള്ള മണ്ഡലത്തില്‍ മാണിക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നഷ്ടമായ ഇരുപതിനായിരത്തോളം വോട്ടുകളില്‍ പകുതിയെങ്കിലും തിരിച്ച് പിടിച്ചാല്‍ വിജയം തങ്ങളുടെ കൂടെ നില്‍ക്കുമെന്നായിരുന്നു യു.ഡി.എഫ് ക്യാമ്പുകള്‍ കരുതിയിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍  ശക്തമായ പ്രചാരണത്തിനായിരുന്നു ചെങ്ങന്നൂരില്‍ യു.ഡി.എഫ് നേതൃത്വം നല്‍കിയത്. ഇത്രയേറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും അത് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയാത്തതില്‍ വലിയ പ്രതിഷേധം പലയിടങ്ങളിലും ഇപ്പോള്‍ തന്നെ ഉയര്‍ന്ന് കഴിഞ്ഞു.  
 
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെയാണ് ഹൈക്കമാന്‍ഡ് നിയോഗിക്കുന്നതെങ്കില്‍ വലുതായൊന്നും ആരും പ്രതീക്ഷിക്കേണ്ട എന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നിച്ച് പോവാന്‍ താത്പര്യമില്ലാത്ത ഒരാള്‍ക്കൂട്ടമായി മാത്രം കേരളത്തില്‍ കോണ്‍ഗ്രസ് അവേശേഷിച്ചെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പോയിട്ട് വാര്‍ഡ് തിരഞ്ഞെടുപ്പിനെ പോലും നേരിടാന്‍ കഴിവില്ലാതായി മാറിയെന്നുമാണ് വിലയിരുത്തല്‍. തന്റെ വീട്ടില്‍പ്പോലും നോട്ടീസ് നല്‍കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയില്ലെന്ന് ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ പരിഭവം പറഞ്ഞിരുന്നു. ഇത് സംഘാടനാ സംവിധാനത്തിലെ വലിയ പോരായ്മയുടെ ഉദാഹരണമാണ്. ഇതിന് പുറമെ പ്രതിപക്ഷമെന്ന നിലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നുള്ള പരാതിയുമുണ്ട്.
 
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഒരു പാഠമായി ഉള്‍ക്കൊണ്ട് നിലവിലെ പ്രശ്‌നങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുക എന്നത് പ്രവര്‍ത്തകര്‍ മുന്നോട്ട് വെക്കുന്ന ഏക പോംവഴി. ഇക്കാര്യം രാഹുല്‍ഗാന്ധി അംഗീകരിക്കുകയാണെങ്കില്‍ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തന്നെ കേന്ദ്രനേതൃത്വം പരീക്ഷിച്ചേക്കും. കാരണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തി തെളിയിക്കണമെന്നുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നിര്‍ബന്ധമാണ് എന്നത് കൊണ്ട് തന്നെ.
 
Want new leadership in congress at kerala for 2019 Loksabha election