ചെങ്ങന്നൂരില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി ഇന്നലെ, വെള്ളിയാഴ്ച രാവിലെ നടത്തിയ അഭിമുഖത്തില്‍ അവസാനമായി ചോദിച്ച ചോദ്യം ഇതായിരുന്നു: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ സംസ്ഥാന നേതൃഘടനയില്‍ മാറ്റത്തിന് വഴിയൊരുക്കുമോ?  തിരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നും ചെങ്ങന്നൂരില്‍ പാര്‍ട്ടി ജയിച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായ നേതൃ സംവിധാനം ഉണ്ടാവുമെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.  

ഉപതിരഞ്ഞെടുപ്പ് ഫലത്തിന് കാത്തു നില്‍ക്കാന്‍ കേന്ദ്ര നേതൃത്വത്തിന് ക്ഷമയുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ മാത്രമല്ല, രാഷ്ട്രീയ കേരളത്തെ മൊത്തം അമ്പരപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച രാത്രി 8.35ന് രാഷ്പ്രതിയുടെ ഓഫീസില്‍നിന്നു കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തു വന്നു.

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍നിന്ന് കുമ്മനത്തെ മാറ്റിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ, ഇത്ര പെട്ടെന്ന് അങ്ങിനെയൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെങ്ങന്നൂരിന്റെ മനസ്സറിഞ്ഞതിനു ശേഷമായിരിക്കും ബി.ജെ.പി. കേന്ദ്ര നേതൃത്വം പ്രതികരിക്കുക എന്ന കണക്കു കൂട്ടലിലായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷായും അപ്രതീക്ഷിത നീക്കങ്ങളുടെ ആശാന്മാരാണ്. യു.പിയില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതും രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് ഗോവിന്ദിനെ കൊണ്ടുവന്നതും  രാഷ്ട്രീയ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ക്ക് പുറത്തുള്ള തീരുമാനങ്ങളായിരുന്നു. ഇതിപ്പോള്‍ കുമ്മനത്തെ മിസോറാമിലേക്ക് പറഞ്ഞുവിടുമ്പോള്‍ മോദിയും അമിത് ഷായും ബി.ജെ.പിയുടെ കേരളഘടകത്തെയും ഞെട്ടിക്കുകയാണ്.

സമയമാണ് ഈ നീക്കത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. മെയ് 28ന് തിങ്കളാഴ്ചയാണ് ചെങ്ങന്നൂരില്‍ ജനങ്ങള്‍ വിധിയെഴുതുന്നത്. ബി.ജെ.പി. ഏറെ പ്രതീക്ഷിയോടെയാണ് ചെങ്ങന്നൂരിന്റെ വിധിക്കായി കാത്തിരിക്കുന്നത്. നേമത്ത് രാജഗോപാല്‍ വിജയിച്ചത് ഒരു അപഭ്രംശമായിരുന്നില്ലെന്നും കേരളം പിടിക്കുകയെന്ന അജണ്ട അസാദ്ധ്യമല്ലെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുമെന്നുമാണ് ബി.ജെ.പി. നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്. ഇത്രയേറെ നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ എന്തുകൊണ്ട് ഇത്തരമൊരു തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതാണ് ചോദ്യം.

മെയ് 28-ന് പോളിങ് കഴിയുന്നതുവരെയെങ്കിലും ഈ തീരുമാനം വൈകിക്കണമായിരുന്നുവെന്ന അഭിപ്രായം ബി.ജെ.പി. അണികളില്‍ ശക്തമാണ്. യുദ്ധം ജയിക്കുന്നതിനു മുമ്പ് പടനായകന്‍ കളത്തില്‍നിന്നു പുറത്തേക്ക് പോകുന്ന കാഴ്ച  പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നതാണ് വാസ്തവം. ''ഇതൊരു കൈവിട്ട കളിയായിപ്പോയി. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടായിരുന്നു ഈ തീരുമാനമെങ്കില്‍ ഒരു പ്രശ്നവുമുണ്ടാവുമായിരുന്നില്ല.'' കുമ്മനത്തോട് അടുത്തുനില്‍ക്കുന്ന ഒരു ബി.ജെ.പി. നേതാവിന്റെ പ്രതികരണത്തില്‍ സങ്കടവും രോഷവും ഒരുപോലെയുണ്ടായിരുന്നു.

കേരളത്തില്‍ പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ കുമ്മനത്തിനാവുന്നില്ല എന്ന നിഗമനത്തിലേക്ക് കേന്ദ്രനേതൃത്വം എത്തിക്കഴിഞ്ഞതായി സൂചനകളുണ്ടായിരുന്നു. മലപ്പുറത്തും വേങ്ങരയിലും ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി കെട്ടിപ്പൊക്കിയ ആകാശക്കോട്ടകള്‍ തകര്‍ന്നത് കേന്ദ്ര നേതൃത്വം ഗൗരവത്തോടെ തന്നെയാണ് കണ്ടത്. കീഴാറ്റൂരില്‍ ഉടലെടുത്ത കാര്‍ഷിക പ്രക്ഷോഭം പാര്‍ട്ടിക്ക് അനുകൂലമാക്കുന്നതില്‍ സംസ്ഥാന നേതൃത്വം വിജയിച്ചില്ലെന്നുംവിലയിരുത്തല്‍ ഉണ്ടായി.

ഇടിച്ചു നിറച്ച കതിന പോലെ വിസ്ഫോടനശേഷിയുള്ള ഒരു പാര്‍ട്ടിയെയാണ് കേരളത്തില്‍ അമിത് ഷാ വിഭാവനം ചെയ്യുന്നത്. 2019-ലെ നിര്‍ണ്ണായകമായ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പാര്‍ട്ടിക്ക് സീറ്റുകള്‍ കിട്ടിയേ തീരുവെന്നും ഷായ്ക്ക് നിര്‍ബ്ബന്ധമുണ്ട്. കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി ചട്ടക്കൂട് സുശക്തമാക്കുന്നതിന് പകരം കുമ്മനം ഒരു ഗ്രൂപ്പിന്റെ നേതാവുകയാണ് ചെയ്യുന്നതെന്ന ആരോപണവും കേന്ദ്ര നേതൃത്വം ഗൗരവപൂര്‍വ്വം കണ്ടു. അതേസമയം തന്നെ കുമ്മനത്തെ പോലെ സമര്‍പ്പണമനസ്സുള്ള ഒരു നേതാവിനെ അങ്ങിനെയങ്ങ് കയ്യൊഴിയാനും കേന്ദ്ര നേതൃത്വത്തിന് ആവുമായിരുന്നില്ല.

ബി.ഡി.ജെ.എസുമായുള്ള ബന്ധമാണ് കുമ്മനത്തിന്റെ സ്ഥാനചലനത്തില്‍ നിര്‍ണ്ണായകമായ ഘടകമെന്നാണ് വിവരം. ബി.ഡി.ജെ.എസിനെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രനേതൃത്വം കാണിക്കുന്ന അലംഭാവത്തില്‍ കുമ്മനത്തിന് പ്രതിഷേധമുണ്ടായിരുന്നു. 2011-ല്‍ 6,062 വോട്ട് എന്ന നിലയില്‍ നിന്ന് 2016-ല്‍ 42,682 വോട്ടുകള്‍ എന്ന വന്‍മുന്നേറ്റത്തിലേക്ക് ചെങ്ങന്നൂരില്‍ ബി.ജെ.പി. എത്തിയതില്‍ ബി.ഡി.ജെ.എസിനുള്ള പങ്ക് അവഗണിക്കാനാവില്ലെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു. കേരളം പിടിക്കാനുള്ള പടയോട്ടത്തില്‍ ബി.ഡി.ജെ.എസ്. കൂടെത്തന്നെയുണ്ടാവണമെന്നും കുമ്മനം നിലപാടെടുത്തു. പക്ഷെ, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലെത്തിയിട്ടും ബി.ഡി.ജെ.എസിന്റെ ക്ഷോഭം ശമിപ്പിക്കുന്നതിന് കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടായില്ല.
                                           
ഗവര്‍ണര്‍ പദവി ഒരിക്കലും ചെറിയ കാര്യമല്ല. സജീവരാഷ്ട്രീയത്തില്‍നിന്ന് അടുത്തൂണ്‍ പറ്റുന്നവര്‍ക്ക് ഇതുപോലെ ഗംഭീരമായ മറ്റൊരു പദവിയില്ല. ഏതു സംസ്ഥാനത്തും ഗവര്‍ണറെ വെച്ച് ഒന്നൊന്നര കളി കളിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഗവര്‍ണര്‍ പദവി ആലങ്കാരികവുമല്ല. 

പക്ഷേ, കുമ്മനത്തിന്റെ തട്ടകം കേരളമാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെയാണ് കുമ്മനം. കേരളം വിട്ടൊരു കളി കുമ്മനത്തിന്റെ അജണ്ടയിലില്ല. മിസോറാമിലെന്നല്ല മഹാരാഷ്ട്രയിലെ ഗവര്‍ണര്‍ സ്ഥാനം പോലും കുമ്മനത്തിന് അനാകര്‍ഷകമാവുന്നത് അതുകൊണ്ടാണ്. പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് കുമ്മനത്തിന്റേത്. ഈ സമര്‍പ്പണത്തിന് മിസോറാം ഗവര്‍ണര്‍ പദവി  ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നത് തീരുമാനമറിഞ്ഞയുടനെ കുമ്മനം നടത്തിയ ആദ്യ പ്രതികരണം വ്യക്തമാക്കുന്നുണ്ട്. 

സമയവും കാലവും തന്റെയൊപ്പമല്ലെന്ന് ഖേദത്തോടെ കുമ്മനം തിരിച്ചറിയുന്ന നിമിഷങ്ങളാവാം ഇത്. ചെങ്ങന്നൂരില്‍ കാലവും സമയവും  ജനങ്ങളും പാര്‍ട്ടിക്കൊപ്പമുണ്ടാവുമെന്ന് ഈ വൈകിയ വേളയിലും കുമ്മനം പ്രതീക്ഷിക്കുന്നത് പാര്‍ട്ടിക്ക് പുറത്ത് അദ്ദേഹത്തിന് ഒരു ജീവിതമില്ല എന്നതുകൊണ്ടുതന്നെയാണ്.