ചെങ്ങന്നൂര്‍ ചെങ്കൊടിക്ക് പിന്നില്‍ അണിനിരന്നു. എല്ലാ കണക്കുകൂട്ടലുകളെയും നിഷ്പ്രഭമാക്കി ചെങ്ങന്നൂര്‍ ഇടത്തേക്ക് ചാഞ്ഞതോടെ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിലേക്ക് ചാഞ്ഞ രണ്ടില ഇനിയെന്ത് ചെയ്യും എന്നതാണ് ഒരു വലിയ ചോദ്യം!!

നാള്‍ക്കുനാള്‍ നീണ്ട ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കെ.എം.മാണിയും കേരളാ കോണ്‍ഗ്രസ് എമ്മും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു മുന്നണി. പക്ഷേ, മാണി സാറിനെ ഒപ്പം കൂട്ടിയത് തങ്ങള്‍ക്ക് തിരിച്ചടിയായെന്ന തിരിച്ചറിവ് കൂടിയാവുകയാണ് യുഡിഎഫിന് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം. എന്നും പതിനേഴാണ് കേരളാ കോണ്‍ഗ്രസിന് പ്രായമെന്ന മാണിയുടെയും അണികളുടെയും അവകാശവാദവും അങ്ങനെ പൊളിയുകയാണ്. കേരള രാഷ്ട്രീയത്തിലെ അപ്രസക്തയിടങ്ങളിലേക്കാണ്  പാലാ പാര്‍ട്ടി ഊളിയിടുന്നതെന്ന ചിത്രമാണ് ഇപ്പോള്‍ തെളിയുന്നത്. 

കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയപ്പോള്‍ യുഡിഎഫ് മനക്കോട്ട കെട്ടിയതൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയായി. പാര്‍ട്ടി ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ പോലും യുഡിഎഫിന് മൂന്നാം സ്ഥാനത്തെത്താനേ ആയുള്ളു.മാണിവിഭാഗത്തിന് ചെങ്ങന്നൂരില്‍ രണ്ടായിരത്തിനടുത്ത് വോട്ടുകളുണ്ടെന്നായിരുന്നു കണക്കുകള്‍. ഇതിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും യുഡിഎഫിലേക്ക് എത്തിക്കാന്‍ മാണിയെ കൊണ്ടുവരുന്നതോടെ കഴിയുമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടിയത്. പക്ഷേ, മാണിപ്രഭാവം വോട്ടുകളില്‍ പ്രതിഫലിച്ചില്ലെന്ന് തിരിച്ചറിയാന്‍ യുഡിഎഫിന് വോട്ടെണ്ണല്‍ ദിനം വരെ കാത്തിരിക്കേണ്ടി വന്നു.

യുഡിഎഫ് മുന്നണി വിട്ട നാള്‍ മുതല്‍ ആടിയുലയുന്ന കപ്പലായിരുന്നു മാണി കോണ്‍ഗ്രസ്. ഇടത്തേക്കരയിലേക്കോ വലത്തേക്കരയിലേക്കോ എന്ന് ആര്‍ക്കും മനസ്സിലാവാതെ അതിങ്ങനെ ആടിക്കളിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ നേടിയപ്പോള്‍ രണ്ടില ചുവക്കാന്‍ പോവുകയാണെന്ന് അഭ്യൂഹം പരന്നു. കോണ്‍ഗ്രസ് കേരളാകോണ്‍ഗ്രസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. അതിനെ വകവയ്ക്കാതെ മാണിയും രണ്ടിലയും എല്‍ഡിഎഫിനെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു.

ബാര്‍കോഴയുടെ പേരില്‍ മാണിയെ പഴിചാരിയ സിപിഎം തന്നെ മാണി സാറിന് ക്ലീന്‍ ചിറ്റ് നല്കുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. അതിനു പുറമേ പാര്‍ട്ടി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയുമാക്കി. എന്നും എക്കാലവും മാണിയെ എതിര്‍ത്ത സിപിഐയുടെ നിലപാട് ഒന്നുകൊണ്ട് മാത്രമാണ് കേരളാകോണ്‍ഗ്രസ് ഇടതിനൊപ്പം ഇതിനോടകം എത്താഞ്ഞതെന്നും വിലയിരുത്തലുകള്‍ വന്നു. അതിനൊപ്പം ഇടത്തേക്ക് ചാഞ്ഞാല്‍ തങ്ങള്‍ ഇടയുമെന്ന പി.ജെ.ജോസഫ് പക്ഷത്തിന്റെ നിലപാടും മാണിയെ ഇടത്തേക്ക് തിരിയുന്നതില്‍ നിന്ന് അകറ്റി.
അപ്പോഴും,കേരളാ കോണ്‍ഗ്രസ്  വഴി ക്രിസ്ത്യന്‍ വോട്ടുകളിലേക്ക് കടന്നുകയറാമെന്ന് മോഹിച്ച് ഭരണത്തുടര്‍ച്ചയും സ്വപ്‌നം കണ്ട് സിപിഎം മാണി സാറിനെ വാനോളം പുകഴ്ത്തിക്കൊണ്ടേയിരുന്നു.

വേങ്ങരയില്‍ മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുഡിഎഫിന് പിന്തുണ നല്‍കാന്‍ മാണി തയ്യാറായപ്പോഴും ഇടതുചായ്‌വ്  അങ്ങനെതന്നെയുണ്ടായിരുന്നു. നാളുകള്‍ മുന്നോട്ട് പോകെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടിയാണ് എങ്ങനെയും മാണിയെ തിരികെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കരുനീക്കം നടത്തിയത്. രാഷ്ട്രീയചാണക്യന്റെ തന്ത്രം ഒടുവില്‍ ഫലം കണ്ടു. ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിനെന്ന് മാണി പ്രഖ്യാപിച്ചു,അതും ചെങ്ങന്നൂര്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നതിന് ആറ് ദിവസം മുമ്പ്!

തനിച്ചൊരു നിലനില്‍പ്പില്ലെന്ന് തിരിച്ചറിഞ്ഞ മാണിയുടെ നീക്കം തന്നെയായിരുന്നു ആ കൂട്ടുചേരല്‍. വിളിക്കും വിളിക്കുമെന്ന് നോക്കിയിരുന്നെങ്കിലും എല്‍ഡിഎഫില്‍ നിന്ന് വിളി വന്നില്ല. യുഡിഎഫിനോടിടഞ്ഞാല്‍ ജോസ് കെ മാണിക്ക് കോട്ടയത്ത് തിരിച്ചടിയുണ്ടാവുമെന്ന പേടിയും മാണിയുടെ വീണ്ടുവിചാരത്തിന് പിന്നിലുണ്ടായിരുന്നു. ബിജെപിയെ കൂട്ടുപിടിക്കാമെന്ന് വച്ചാല്‍ സഭയും പട്ടക്കാരും സമ്മതിക്കില്ലെന്ന വസ്തുതയും മാണിക്ക് നന്നായറിയാമായിരുന്നു.

പക്ഷേ, ഇങ്ങനെയൊരു തിരിച്ചടി മാണി പ്രതീക്ഷിച്ചിരിക്കില്ല. ആദ്യം അവകാശപ്പെട്ടത് ചെങ്ങന്നൂരില്‍ 5000 വോട്ട് തങ്ങള്‍ക്കുണ്ടെന്നായിരുന്നു. പിന്നീടത് 2000 എന്ന് ഉറപ്പിച്ചു. വോട്ടെണ്ണല്‍ കഴിഞ്ഞതോടെ ആ വോട്ടുകള്‍ എവിടെ എന്ന് ചോദിച്ചാല്‍ കാണ്മാനില്ലെന്ന് യുഡിഎഫിനോട് പറയേണ്ട അവസ്ഥയായി. മാണി പിന്തുണച്ചെങ്കിലും അണികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചില്ലെന്ന് വ്യക്തം. അതിന്റെ പേരില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഇടര്‍ച്ചകളുണ്ടാകുമെന്നും ഉറപ്പാണ്. 

തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ മാണി കോണ്‍ഗ്രസ് യുഡിഎഫില്‍ അപ്രസക്തമാവുക തന്നെയാണ്. പ്രഭാവം മങ്ങിയ രണ്ടിലപ്പാര്‍ട്ടിക്ക് ജരാനരകള്‍ ബാധിച്ചുതുടങ്ങിയിരിക്കുന്നു. മധുരപ്പതിനേഴുകാരിക്ക് പിന്നാലെ പലരും അടുത്തുകൂടുമെന്ന മാണിവാക്യമൊക്കെ ഇനി പഴങ്കഥയാകും. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന രണ്ടിലയെയാണ് കേരള രാഷ്ട്രീയഭൂപടം ഇന്ന് അടയാളപ്പെടുത്തുന്നത്. എന്താണ് ഉത്തരമെന്ന് കാത്തിരുന്ന് കാണാം!!

content highlights: Chengannur byelection result, role of kerala congress (m), future of kerala congress(m),k.m.mani