ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന്റെ ജയത്തെ അതിഗംഭീരം എന്നു മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളൂ. മദ്ധ്യതിരുവിതാംകൂറില്‍, കോണ്‍ഗ്രസ്സിന്റെ തട്ടകത്തില്‍ സി.പി.എമ്മിന്റെ ചെങ്കൊടി പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടെത്തുമ്പോള്‍ അമ്പരന്ന് പകച്ചു നില്‍ക്കാന്‍ മാത്രമേ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും കഴിയുന്നുള്ളൂ. ഇത്രയും വലിയ വിജയം സി.പി.എം നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതപ്പെടുത്തുന്ന വിജയമെന്നായിരുന്നു സി.പി.എം. സ്ഥാനാര്‍ത്ഥി സജിചെറിയാന്റെ ആദ്യ പ്രതികരണം. ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുകയും ചെയ്തു. 

ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പട നയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. അവസാനഘട്ടത്തില്‍ കെ.എം. മാണിയുടെ പിന്തുണ ഉറപ്പാക്കിയതും  ഉമ്മന്‍ചാണ്ടിയാണ്. ചെങ്ങന്നൂര്‍ ആത്യന്തികമായി കൈവിട്ടത് വിജയകുമാറിനെയല്ല, ഉമ്മന്‍ചാണ്ടിയെയാണെന്നതാണ് വാസ്തവം. 

കോണ്‍ഗ്രസ്സിന് കണ്ണടച്ചു വിശ്വസിക്കാമായിരുന്ന ഒരു മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ സംഭവിച്ചത് ഒരു അപഭ്രംശം മാത്രമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞിരുന്നത്. പക്ഷേ, 20,956 വോട്ടുകളുടെ ഭൂരിപക്ഷവുമായി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോള്‍ ഇതെന്തൊരു വീഴ്ചയായിപ്പോയി എന്ന് വിലപിക്കാന്‍ മാത്രമേ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമാവൂ.

26 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളും 24 ശതമാനം വരുന്ന നായര്‍ വോട്ടുകളും ആറ് ശതമാനം വരുന്ന മുസ്ലിം വോട്ടുകളുമായിരുന്നു ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സിനെ തുണച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകളുടെ ഒഴുക്ക് ഇടതുപക്ഷത്തിനനുകൂലമായിരുന്നു. ഇക്കുറി ഈ ഒഴുക്ക് ഒന്നുകൂടി ശക്തമാക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. 

വിജയകുമാര്‍ സംഘപരിവാറുമായി ബന്ധമുള്ളയാളാണെന്ന ആരോപണം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉയര്‍ത്തിയത് വ്യക്തമായ ലക്ഷ്യം വെച്ചായിരുന്നു. ഹിന്ദുത്വയുമായി ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും തങ്ങളില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം ചെങ്ങന്നൂരിലെ ന്യൂനപക്ഷ മേഖലകളിലുണ്ടാക്കിയ അനുരണനം ആഴത്തിലുള്ളതായിരുന്നു. ചെങ്ങന്നൂരിന്റെ വിധിയെ നിര്‍ണ്ണയിക്കുന്ന ഘടകമാക്കി ഇതു വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നത് സി.പി.എമ്മിന്റെ വിജയമാണ്. 

ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം പരമ്പരാഗത വോട്ട് ബാങ്ക് നിലനിര്‍ത്താനും സി.പി.എമ്മിന് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 6,531 വോട്ടുകളാണ് ഇക്കുറി ചെങ്ങന്നൂരില്‍ കൂടുതലായി രേഖപ്പെടുത്തപ്പെട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 14,423 വോട്ടുകളാണ് ഇടതുപക്ഷം ഇത്തവണ നേടിയത്. യു.ഡി.എഫിന് 1,450 വോട്ടുകളുടെ വര്‍ദ്ധനവുണ്ടായി. ബി.ജെ.പിക്ക് 7,412 വോട്ടുകള്‍ കുറഞ്ഞു. 

ബി.ഡി.ജെ.എസ്സിന്റെ വോട്ടുകളായിരിക്കണം ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോയത്. 2011 ല്‍ 6,062 വോട്ടു മാത്രമുണ്ടായിരുന്ന ബി.ജെ.പി. 2016 ല്‍ 42,682 വോട്ടുകള്‍ നേടിയത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരുന്നു. ഇക്കുറി 35,270 വോട്ടുകളാണ് ശ്രീധരന്‍പിള്ളയുടെ അക്കൗണ്ടിലെത്തിയത്. ബി.ഡി.ജെ.എസ്സിന്റെ കൊഴിഞ്ഞുപോക്കുണ്ടായിട്ടും 2011 ലേതിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ചെങ്ങന്നൂരില്‍ ബി.ജെ.പിയെന്നര്‍ത്ഥം. 

ആഹ്ളാദത്തിന്റെ പാരമ്യത്തില്‍ ഇടതുപക്ഷവും വീഴ്ചയുടെ ആഘാതത്തില്‍  ഐക്യജനാധിപത്യ മുന്നണിയും ഈ യാഥാര്‍ത്ഥ്യം കാണാതെ പോവരുത്. ഇനിയിപ്പോള്‍ കുറെക്കൂടി ഊര്‍ജ്ജ്വസ്വലമായ ഒരു നേതൃതനിരയിലൂടെ കേരളത്തില്‍ ബി.ജെ.പിയെ ശക്തമാക്കുകയാവും അമിത്ഷായുടെ പദ്ധതി. കുമ്മനത്തെ മിസോറാമിലേക്ക് കയറ്റിഅയച്ചുകൊണ്ട് ഈ പ്രക്രിയയ്ക്ക് അമിത്ഷാ തുടക്കമിട്ടുകഴിഞ്ഞു. കേരളത്തില്‍ ബിജെപി പഴയ ബി.ജെ.പിയല്ലെന്ന വ്യക്തമായ സൂചനയാണ് ചെങ്ങന്നൂര്‍ നല്‍കുന്നത്.

കെ.എം. മാണിയാണ് ചെങ്ങന്നൂരില്‍ വീണുപോയ മറ്റൊരു നേതാവ്. ഇനിയിപ്പോള്‍ യു.ഡി.എഫിലേക്ക് തിരിച്ചുപോവുകയല്ലാതെ മാണിക്ക് മുന്നില്‍ മറ്റു വഴികളൊന്നുമില്ല. വിലപേശലിന്റെ ആഡംബരം ഇല്ലാതെയായിരിക്കും മാണിയുടെ ഈ തിരിച്ചുപോക്ക്. മാണി കൂടെ വരാതിരുന്നതിന് ഈ ഘട്ടത്തില്‍ സി.പി.എം നന്ദി പറയേണ്ടത് സി.പി.ഐയോടാണ്. കാനത്തിന്റെയും കൂട്ടരുടെയും കടുംപിടുത്തമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, മാണി എന്നേ ഇടതുകൂടാരത്തില്‍ ചേക്കേറുമായിരുന്നു.

ചെങ്ങന്നൂരില്‍ സജി ചെറിയാനൊപ്പമോ അതിലേറെയോ തലപ്പൊക്കത്തോടെ നില്‍ക്കുന്ന ഒരു നേതാവുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ പിണറായി തീര്‍ത്തും പ്രതിരോധത്തിലായിരുന്നു. കൊടുങ്കാറ്റില്‍ തകര്‍ന്നുലയുന്ന കപ്പിത്താനാണ് പിണറായിയെന്ന് തോന്നിച്ച നിമിഷങ്ങളുണ്ടായിരുന്നു. പിണറായിക്കെതിരെയായിരുന്നു ആക്രമണത്തിന്റെ മുനയത്രയും. പക്ഷേ, പിണറായിയെ വീഴ്ത്താന്‍ പ്രതിപക്ഷത്തിലായില്ല. വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന വാദമുഖം തുറന്നുകൊണ്ടാണ് പിണറായി ചെങ്ങന്നൂരില്‍ സ്വയം പ്രതിരോധിച്ചത്. ആ പ്രതിരോധം ഇടതുപക്ഷത്തിന്റെ തകര്‍പ്പന്‍ വിജയത്തില്‍ കലാശിക്കുകയും ചെയ്തു. 

ഒരു ഉപതിരഞ്ഞെടുപ്പ് വെച്ച് കേരളത്തിന്റെ രാഷ്ട്രീയ മനസ്സിനെ അളക്കാനാവില്ല. ചെങ്ങന്നൂരാണ് കേരളമെന്ന് പറയാന്‍ രാഷ്ട്രീയ നിരക്ഷരര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. പക്ഷേ, ചെങ്ങന്നൂര്‍ ഒരു സൂചനയാണ്.  ചെങ്ങന്നൂര്‍ ഇടതുപക്ഷത്തിന് നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും ചില്ലറയല്ല. ഭരണത്തിലേറിയതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ വിജയമെന്നത് ഇടതുപക്ഷത്തിന് ഇരട്ടി മധുരമാവുന്നു. ചെങ്ങന്നൂരിന്റെ ആദ്യ ബലിയാട് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനായേക്കും. ഒരര്‍ത്ഥത്തില്‍ ഹസ്സനെ ഇതിനായിതന്നെയാവും കോണ്‍ഗ്രസ് നേതൃത്വം ഒരുക്കി നിര്‍ത്തിയത്. 

രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂരിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനാവില്ല. കൂടുതല്‍ സുസജ്ജമായ ഒരു നേതൃനിര കേരളത്തില്‍ പടുത്തുയര്‍ത്താനുള്ള അവസരമാണ്  ചെങ്ങന്നൂരിലെ തിരിച്ചടി കോണ്‍ഗ്രസ് ഹൈക്കാമാന്റിന് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ പുതിയ സമരമുഖങ്ങള്‍ തുറന്നെടുക്കുമ്പോള്‍ തന്നെ ബിജെപിയുടെ വോട്ട് ബാങ്കിന്റെ വളര്‍ച്ച തടയുകയെന്ന വെല്ലുവിളിയും കോണ്‍ഗ്രസ് നേരിടുന്നുണ്ട്. വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനെ വീഴ്ത്തിയ കെ. മുരളീധരനെ തഴയുന്ന കലാപരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് പിന്മാറുന്നതിന് ചെങ്ങന്നൂര്‍ വഴിയൊരുക്കിയേക്കാം. എന്തായാലും നിലവിലുള്ള നേതൃനിരവെച്ചായിരിക്കില്ല 2019 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ കളത്തിലിറങ്ങുക എന്നതില്‍ രണ്ടരത്തരമില്ല.