പിണറായി സര്‍ക്കാരിന് ഇനി ധൈര്യമായി തലയുയര്‍ത്തിപ്പിടിക്കാം. ചെങ്ങന്നൂരിലെ ജനവിധി സര്‍ക്കാരിന്റെ തലവര തന്നെ മാറ്റിയെഴുതിയിരിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാരിന് മേല്‍ പതിച്ച കളങ്കമെല്ലാം കഴുകിക്കളയുന്ന പവിത്രജലമായിരിക്കുകയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിനുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറയാനുള്ള ധൈര്യം പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും ഇടത് നേതാക്കള്‍ കാട്ടിയിരുന്നില്ല. ആകെയൊരു അപവാദം വി.എസ്.അച്യുതാനന്ദന്‍ മാത്രമായിരുന്നു. അദ്ദേഹമാണ് ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിനുള്ള മാര്‍ക്കിടലാണെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച ഒരേയൊരു ഇടത് നേതാവ്. അതേസമയം,ചെങ്ങന്നൂരിലേത് സര്‍ക്കാരിനുള്ള മാര്‍ക്കിടലാണെന്ന് യുഡിഎഫ് വാതോരാതെ പറഞ്ഞുകൊണ്ടുമിരുന്നു.എന്തായാലും,ഫലം വന്നു. യുഡിഎഫ് എട്ട്‌നിലയില്‍ പൊട്ടി,സര്‍ക്കാര്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സാവുകയും ചെയ്തു!!

എല്ലാം ശരിയാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ കാലം മുതല്‍ തിരിച്ചടികളായിരുന്നു പിണറായി സര്‍ക്കാരിന്റെ മുതല്‍ക്കൂട്ട്. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി.ജയരാജന് വ്യവസായമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതോടെയാണ് സര്‍ക്കാരിന് ശനിദശ തുടങ്ങിയത്. രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായ ഉയര്‍ത്തിപ്പിടിക്കുമെന്നൊക്കെ നേതാക്കള്‍ ആശ്വസിച്ചെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ട് പോയത്. തേന്‍കെണി വിവാദത്തില്‍ പെട്ട് ഗതാഗതമന്ത്രിസ്ഥാനം ഏ.കെ.ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടിവന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. പകരമെത്തിയ തോമസ് ചാണ്ടിക്കും കായല്‍കയ്യേറ്റ വിവാദത്തെത്തുടര്‍ന്ന് ഊഴം തികയ്ക്കാനാകാതെ കസേര ഉപേക്ഷിക്കേണ്ടിവന്നതോടെ ഒന്നരവര്‍ഷത്തിനിടെ 3 മന്ത്രിമാര്‍ രാജിവച്ച സര്‍ക്കാരെന്ന പേരുദോഷം മാത്രം ബാക്കിയായി.

പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കുയരാന്‍ പിണറായി വിജയന് കഴിയുന്നില്ലെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു. കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് ആക്രോശിച്ചും ഉദ്യോഗസ്ഥരെ തന്റെ ധാര്‍ഷ്ട്യത്തിന്റെ ഫ്രെയിമിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെയും ഇരട്ടച്ചങ്കന്‍ ഇന്നോളം ആ ഇമേജ് വിട്ടുകളഞ്ഞതുമില്ല. ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയും അക്ഷമയും ശരീരഭാഷയുമെല്ലാം വിമര്‍ശനങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപകരിച്ചതുമില്ല. സ്വാശ്രയകോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പിണറായിയെ ജനവിരുദ്ധനെന്ന് പരക്കെ മുദ്രകുത്താന്‍ ഇടയാക്കിയ പ്രധാന കാര്യങ്ങളിലൊന്ന്.

മകന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയോടുള്ള പോലീസിന്റെ സമീപനവും പിണറായിയുടെ നിലപാടും കേരളമെമ്പാടും ചര്‍ച്ചയായി. പിണറായിയുടെ പോലീസ് പഴികേട്ട് തുടങ്ങിയതും അതേസംഭവത്തോടെ തന്നെ. ആ പഴി തിരുത്താനും മാത്രം പ്രായശ്ചിത്തമൊന്നും ഇന്നുവരെ പോലീസിന് ചെയ്യാനായിട്ടുമില്ല. പുതുവൈപ്പിനിലെ സമരം, തൃശ്ശൂരിലെ ദളിത് ബാലന്‍ വിനായകന്റെ മരണം, വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം തുടങ്ങി ഏറ്റവുമൊടുവില്‍ കോട്ടയത്തെ കെവിന്റെ മരണം വരെ പോലീസ് സേനയ്ക്കും അങ്ങനെ സര്‍ക്കാരിനും തീരാകളങ്കമായി. ഒരുവശത്ത് പോലീസുകാര്‍ ജനദ്രോഹം ചെയ്തുകൂട്ടി സര്‍ക്കാരിന് 'സല്‍പ്പേര്' സമ്പാദിച്ചുകൊടുത്തപ്പോള്‍ മറുവശത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണികള്‍ നടത്തി സര്‍ക്കാര്‍ തന്നെ വിവാദങ്ങളില്‍ തലവച്ചുകൊടുത്തു. ഡിജിപി ടി.പി.സെന്‍കുമാറിനെ പുറത്താക്കിയതും ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതുമെല്ലാം സര്‍ക്കാരിന്റെ നില പരുങ്ങലിലാക്കുന്ന വിവാദങ്ങളായി പരിണമിച്ചു. ഇതിനിടെ,ഘടകക്ഷികളുടെ തന്നെ വിമര്‍ശനങ്ങളെ അതിജീവിക്കുക എന്ന വിഷമഘട്ടവും എല്‍ഡിഎഫ് സര്‍ക്കാരിന് നേരിടേണ്ടിവന്നിട്ടുണ്ട്. 

അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട്, മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം, വാളയാറിലെ സഹോദരിമാരുടെ കൊലപാതകം,സംസ്ഥാനമെങ്ങും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ നടന്ന അതിക്രമങ്ങള്‍ തുടങ്ങി ഒഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച പറ്റിയെന്ന ആരോപണം വരെ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാക്കിയവയായിരുന്നു. വരാപ്പുഴ കേസില്‍ ഇടപെട്ട മനുഷ്യാവകാശക്കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയും ബൂമറാങ് പോലെ ഭവിച്ചു. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ പേരിലും ജനങ്ങള്‍ക്ക് മുമ്പിലും കോടതിക്ക് മുമ്പിലും സര്‍ക്കാര്‍ പലപ്പോഴും വെട്ടിലായി. ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും പടുകുഴിയില്‍ വീണ് കിടക്കുമ്പോഴും ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചരണം ചെങ്ങന്നൂരില്‍ ഇടതുമുന്നണി നടത്തിയെന്നതും ശ്രദ്ധേയമാണ്.  നേരിട്ട സകല ആരോപണങ്ങളെയും അപ്രസക്തമാക്കുന്ന വിജയമാണ് ചെങ്ങന്നൂര്‍ പിണറായിക്കും പാര്‍ട്ടിക്കും നല്‍കിയത്. വിമര്‍ശനങ്ങളിലോ പ്രതിഷേധങ്ങളിലോ തകരുന്നതല്ല വോട്ടര്‍മാര്‍ക്ക് ഇടതുപക്ഷസര്‍ക്കാരിനോടുള്ള വിശ്വാസമെന്ന് ചെങ്ങന്നൂര്‍ ഉറക്കെപ്രഖ്യാപിച്ചു.

 

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ 750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സജി ചെറിയാനെ വിജയിപ്പിക്കൂ എന്നായിരുന്നു എല്‍ഡിഎഫിന്റെ ആഹ്വാനം. ഇത് കൂടാതെ സര്‍ക്കാരില്‍ നിന്ന് ആയിരം കോടിയോളം രൂപയുടെ പദ്ധതികള്‍ ചെങ്ങന്നൂരിനായി വാങ്ങിത്തരുമെന്നും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. 

രണ്ട് ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ പ്രചരണരംഗത്ത് ഉണ്ടായിരുന്നത്. സാമുദായിക നേതാക്കളുമായുള്ള സമവായ ചര്‍ച്ചകള്‍ക്കും അതുവഴിയുള്ള ചരട് വലികള്‍ക്കും ചുക്കാന്‍ പിടിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. ക്രിസ്ത്യന്‍ വോട്ടുകളും ഈഴവ വോട്ടുകളും എല്‍ഡിഎഫിലേക്ക് കേന്ദ്രീകരിക്കുന്നതില്‍ ആ തന്ത്രങ്ങള്‍ വിജയം കണ്ടു എന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 

5000 മുതല്‍ 10,000 വരെ വോട്ടുകളുടെ  ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്കുകൂട്ടിയ എല്‍ഡിഎഫിനെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് സജി ചെറിയാന്റെ ഭൂരിപക്ഷം 20,000 കടന്ന് മേലെയെത്തിയത്. മാമന്‍ ഐപ്പിന്റെ റെക്കോഡ് ഭൂരിപക്ഷം തകര്‍ത്തുകൊണ്ടാണ് ചെങ്ങന്നൂരിലെ സജി ചെറിയാന്റെ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്. 

പോളിംഗ് ശതമാനം ഉയര്‍ന്നു നില്‍ക്കുമ്പോഴൊക്കെയും എല്‍ഡിഎഫിനെ തുണച്ചിട്ടുള്ള മണ്ഡലമെന്ന ഖ്യാതി ചെങ്ങന്നൂര്‍ ഇത്തവണയും കൈമോശം വരുത്തിയില്ല. എല്‍ഡിഎഫിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച മണ്ഡലം പിണറായി സര്‍ക്കാരിന് വെറും പാസ് മാര്‍ക്കല്ല ഡിസ്റ്റിംഗ്ഷന്‍ തന്നെ നല്‍കി എന്നും പറയാം. ചെങ്ങന്നൂര്‍ പരീക്ഷയില്‍ ജാതീയതയുടെ മോഡറേഷന്‍ ആവോളം ലഭിച്ച് ഉന്നതവിജയം കരസ്ഥമാക്കാന്‍ എല്‍ഡിഎഫിനെ തുണച്ചത് ആരൊക്കെയെന്നത് ചോദ്യച്ചിഹ്നമാവുന്നുണ്ടെങ്കിലും അതിനിവിടെ പ്രസക്തിയില്ലെന്ന് പറയുന്നു രാഷ്ട്രീയബലാബലം. 

വിജയമാണ് ആത്യന്തികം. അതിവിടെ എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഇത് സര്‍ക്കാരിന്റെ വിജയവുമാണ്...!

content highlights: chengannur election result huge achievement for ldf government, Chengannur Byelection 2018, chengannur byelection result