ചെങ്ങന്നൂർ: ഇടവേളകളില്ലാത്ത വികസനത്തിന്... ചെങ്ങന്നൂരിലെ എൽ.ഡി.എഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ കണ്ട മുദ്രാവാക്യമാണിത്. മുൻ എം.എൽ.എ. കെ.കെ.രാമചന്ദ്രൻ നായർ തുടങ്ങിവച്ച വികസനസംസ്കാരം തുടരുമെന്നതിന്റെ സൂചന. ഇതിനൊപ്പം 2000 കോടി രൂപയുടെ വികസനമാണ് സജി ചെറിയാന്റെ വാഗ്‌ദാനം. 5000പേർക്കെങ്കിലും തൊഴിൽ നൽകുന്ന വ്യവസായസ്ഥാപനം, വിശപ്പുരഹിത- തരിശുരഹിത മണ്ഡലം. സമ്പൂർണ പാർപ്പിടപദ്ധതി.

വികസനം എന്നത് വോട്ടുകിട്ടാനുള്ള വാഗ്‌ദാനം മാത്രമല്ലെന്ന് സജി ചെറിയാൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. 40 വർഷത്തെ രാഷ്ട്രീയാനുഭവങ്ങളുടെ കരുത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച പിന്തുണയും ചേരുമ്പോൾ സജി ചെറിയാന് വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടേണ്ടിവരില്ല. പക്ഷേ, ഉദ്യോഗസ്ഥതലങ്ങളിലെ മാമൂലുകളും ചുവപ്പുനാടയും വെല്ലുവിളിയാകുമെന്ന് പറയാതിരിക്കാനാകില്ല. മുന്നിലുള്ളത് മൂന്നുവർഷം മാത്രമാണ്. അഞ്ചുവർഷമെടുത്ത് ചെയ്തുതീർക്കാൻ കഴിയുന്നതിലധികം പദ്ധതികളും പരിപാടികളുമാണ് സജി ചെറിയാൻ ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ഇതെല്ലാം നേടിയെടുക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സജി ചെറിയാൻ.

വോട്ടുതേടിയുള്ള യാത്രയിൽ മന്ത്രിമാർ നൽകിയ വാഗ്‌ദാനങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. വീടും റോഡും പട്ടയവും റേഷൻകാർഡും തുടങ്ങി പലവിധ ഉറപ്പുകൾ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുൻനിർത്തിയാണ് എല്ലാവരും സംസാരിച്ചത്. വോട്ടെടുപ്പിനുശേഷം എല്ലാം ശരിയാക്കാമെന്ന വാഗ്‌ദാനം വിശ്വസിച്ചവരുടെ പ്രതീക്ഷകൾ വലുതാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ജില്ലക്കാരായ ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനും ചെങ്ങന്നൂരിനെ കൈയയച്ച് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണനിർവഹണത്തിന് ഉദ്യോഗസ്ഥതലത്തിലെ നല്ല സഹകരണംകൂടി കിട്ടിയാൽ ചെങ്ങന്നൂരിൽ അദ്‌ഭുതങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമായിരിക്കും അതെന്ന് ഉറപ്പാണ്.

content highlights: Chengannur byelection result 2018