പ്രവചനത്തിനും നിന്നുകൊടുക്കാത്ത മനസ്സാണ് ചെങ്ങന്നൂരിന്റേത്. ശോഭന ജോര്‍ജിന് ഹാട്രിക് വിജയം സമ്മാനിച്ച ജനം വിഷ്ണുനാഥിനെ രണ്ട് തവണ നിയമസഭയിലെത്തിച്ചു. കാല്‍നൂറ്റാണ്ടായി യുഡിഎഫിനൊപ്പം നിന്ന ശേഷം കഴിഞ്ഞ തവണ പക്ഷേ മനസ്സ് ഇടത്തോട്ട് ചാഞ്ഞു. കെ.കെ രാമചന്ദ്രന്‍ നായരോടുള്ള ഇഷ്ടക്കൂടുതലും ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണവും ഇതിനു കാരണമായി.

2011 ല്‍ വിഷ്ണുനാഥിന് കിട്ടിയ 65156 വോട്ട് 2016 ആയപ്പോള്‍ 44897 വോട്ടായി ചുരുങ്ങി. യുഡിഎഫില്‍നിന്ന് ഒഴുകിപ്പോയത് 20259 വോട്ട്. മറുവശത്ത് 6062 വോട്ട് കിട്ടിയ സ്ഥാനത്ത് കഴിഞ്ഞ തവണ ബിജെപി പെട്ടിയില്‍ വീണത് 42682 വോട്ടായിരുന്നു. ഏഴിരട്ടിയായി വോട്ട് വിഹിതം വര്‍ധിച്ചു. ഇതിനിടയില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നിലിന് ഇവിടെ ലഭിച്ചത് 55769 വോട്ടായിരുന്നു. അന്ന് എല്‍ഡിഎഫിന്റെ വോട്ട് 47951 വോട്ടായി കുറഞ്ഞു. 2011 ല്‍ സി.എസ് സുജാതയ്ക്ക് 52475 വോട്ട് കിട്ടിയിരുന്നു. ബിജെപിയുടെ വോട്ട് 15716 ആയി വര്‍ധിച്ചു. 2016 ലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് വോട്ട് അല്‍പം കൂടി 52880 ലേക്കെത്തി. 

മോദി തരംഗത്തിന്റെ പ്രഭാവം ബിജെപിയെ കഴിഞ്ഞ തവണ തുണച്ചു. ബാര്‍ കോഴയും സരിതയും സോളാറുമായി യുഡിഎഫ് വിരുദ്ധ തരംഗം ആഞ്ഞുവീശി. അതിന്റെ ശിക്ഷ യുഡിഎഫിനും ഗുണം എല്‍ഡി.എഫിനും കിട്ടി. ഉപതിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ രണ്ട് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് ജനം മാര്‍ക്കിടാന്‍ പോകുന്നു.

chengannur 6
എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പര്യടനത്തിനിടെ

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ മുമ്പന്തിയിലുണ്ട്. രണ്ട് മന്ത്രിമാരുടെ രാജി ഒഴിച്ചുനിര്‍ത്തിയാല്‍ വലിയ അഴിമതി ആരോപണങ്ങളില്ല.എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും എതിര്‍വികാരം ഉയര്‍ത്തി. ഇന്ധനവില വര്‍ധനയുടെ പേരില്‍ ബിജെപിയും ഇടതുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ ജനത്തിന് ആശ്വാസമില്ല. ഭരണവിരുദ്ധ വികാരത്തിന്റെ പരിക്ക് ഇത്തവണ ബാധിക്കാത്ത കക്ഷി യുഡിഎഫ് മാത്രമായിരിക്കും. സിപിഎമ്മിന് അധികാരത്തിലേക്ക് വഴി സുഗമമാക്കിയ പ്രധാന വിഷയം ബാര്‍ കോഴയായിരുന്നു. ഉന്നയിച്ചവര്‍ തന്നെ അത് വിഴുങ്ങി മാണിയെ പുണ്യവാളാനാക്കാന്‍ മത്സരിക്കുന്നത് കണ്ട് ജനം അമ്പരന്നു. 

ഒരുതരത്തില്‍ ലീസിന് ഇടത്തേക്ക് ചായിച്ച് നിര്‍ത്തിയ മാണിയെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം യുഡിഎഫ് തിരിച്ചെടുത്ത പോലെയായി കാര്യങ്ങള്‍. ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞതില്‍ യുഡിഎഫ് വലിയ പ്രതീക്ഷയാണ് കല്‍പിക്കുന്നത്. ബിഡിജെഎസ് എന്‍.ഡി.എക്ക് ഒപ്പമാണെന്ന് തുഷാര്‍ പറയുമ്പോഴും സഹായദൂരത്തിന്റെ വോട്ട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് ബിജെപിക്ക് പ്രതികൂലവും ഇടത് വലത് മുന്നണികള്‍ക്ക് ആശ്വാസവുമാകാം. 

chengannur7
എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള പര്യടനത്തിനിടെ

പത്ത് പഞ്ചായത്തും ഒരു നഗരസഭയും ചേരുന്ന മണ്ഡലത്തില്‍ ഇടതിനും വലതിനും ബിജെപിക്കും ഒരുപോലെ വേരോട്ടമുണ്ട്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അകറ്റിനിര്‍ത്താന്‍ ഇടതു-വലത് പിന്തുണയില്‍ കേരള കോണ്‍ഗ്രസാണ് ഭരിക്കുന്നത്. തിരുവന്‍വണ്ടൂരിന് പുറമെ ശ്രീധരന്‍പിള്ളയുടെ ജന്മനാടായ വെണ്‍മണി പഞ്ചായത്തിലും ബിജെപി ഏറെ പ്രതീക്ഷ വെക്കുന്നു. 

കഴിഞ്ഞ തവണ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പുലിയൂര്‍ പഞ്ചായത്ത് യുഡിഎഫ് സാരഥി ഡി വിജയകുമാറിന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശമാണ്. അതിനാല്‍ തന്നെ യുഡിഎഫ് കഴിഞ്ഞതവണത്തെ കുറവ് നികത്താമെന്ന ഉറച്ച വിശ്വാസത്തിലാണ്. കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന മുളക്കുഴ ചെറിയനാട്, ബുധനൂര്‍ പഞ്ചായത്തില്‍ നിന്ന് മികച്ച ലീഡാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. മറുവശത്ത് കോണ്‍ഗ്രസ് നിര്‍ണായക ശക്തിയായ ആലയിലും പാണ്ടനാടും യുഡിഎഫ് ഏറെ മുന്‍തൂക്കം കണക്കാക്കുന്നു. 

മുപ്പത്താറ് വര്‍ഷം യുഡിഎഫ് ഭരിച്ച ചരിത്രമാണ് ചെങ്ങന്നൂര്‍ നഗരസഭയ്ക്കുള്ളത്. കഴിഞ്ഞ തവണ രാമചന്ദ്രന്‍ നായര്‍ ജയിച്ചപ്പോള്‍ പോലും യുഡിഎഫിന് ഇവിടെ 401 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു. കേരള കോണ്‍ഗ്രസിനും വോട്ടുള്ള സ്ഥലമാണ് നഗരസഭാ പ്രദേശം. മാവേലിക്കരയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് കൂട്ടിച്ചേര്‍ത്ത ചെന്നിത്തല പഞ്ചായത്ത് മൂന്നു കക്ഷിക്കും സ്വാധീനമുണ്ടെങ്കിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ചെങ്ങന്നൂരിന്റെ ജനവിധി തിരുത്തിയെഴുതിയതില്‍ ചെന്നിത്തല പഞ്ചായത്തിന്റെ വരവും ഒരു ഘടകമായി. 

chengannur 7
യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനെ പര്യടനത്തിനിടെ
പ്രവര്‍ത്തകര്‍ പുഷ്പകിരീടം അണിയിക്കുന്നു

യുഡിഎഫ് ഭരിക്കുന്ന വെണ്‍മണി പഞ്ചായത്തിലാണ് കഴിഞ്ഞ യുഡിഎഫിന് ഏറെ തിരിച്ചടിയുണ്ടായത്. 2011 ല്‍ 5825 വോട്ട് കിട്ടിയത് 2016 ആയപ്പോള്‍ 3611 ആയി ചുരുങ്ങി മൂന്നാം സ്ഥാനത്തായി. ബിജെപിക്ക് ഇവിടെ മാത്രം കൂടിയത് 3585 വോട്ടാണ്. ബിജെപി ഭരിച്ച തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കഴിഞ്ഞ തവണ അട്ടിമറിയിലൂടെ ഇടത്-വലത് പിന്തുണയില്‍ കേരള കോണ്‍ഗ്രസിന് ഭരണം കിട്ടുകയായിരുന്നു. എല്‍ഡിഎഫ് കഴിഞ്ഞ തവണ ഇവിടെ മൂന്നാം സ്ഥാനത്തായി. മാന്നാര്‍ പഞ്ചായത്ത് എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് തവണയായി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. വലിയ പഞ്ചായത്ത് മാന്നാറാണെങ്കിലും വോട്ടര്‍മാര്‍ അല്‍പം കൂടുതലുള്ള മുളക്കുഴയിലാണ്‌.

കോടിയേരി ബാലകൃഷ്ണന് ഏറ്റവും ഒടുവില്‍ നടത്തിയ പരാമര്‍ശം അടിയൊഴുക്കുക്കളിലേക്കുള്ള ചൂണ്ടയാണ്. ഹിന്ദുത്വ ശക്തികളുടെ സ്ഥാനാര്‍ഥിയാണ് വിജയകുമാറെന്നും വിഷ്ണുനാഥിനെ മാറ്റിയത് ഈ കാരണം കൊണ്ടാണ് എന്ന് കോടിയേരി പറയുമ്പോള്‍ ഉന്നം വ്യക്തം. ബിജെപിയില്‍ നിന്ന്‌ തിരിച്ച് യുഡിഎഫിലേക്ക് വോട്ടുകള്‍ പോയാല്‍ അത് നികത്താന്‍ ന്യൂനപക്ഷ വോട്ടിലേക്ക് ചൂണ്ടയെറിയുകയാണ് കോടിയേരി. 

ചെങ്ങന്നൂരില്‍ താമസിക്കാന്‍ ഹോട്ടലുകളില്‍ ഒന്നും മുറികളില്ല. തന്ത്രങ്ങളും അടിയൊഴുക്കുകളും നിയന്ത്രിക്കാന്‍ സംസ്ഥാന നേതാക്കളുടെ പട തന്നെ തമ്പടിച്ചിട്ടുണ്ട് മണ്ഡലത്തില്‍. പ്രചാരണ കോലാഹലങ്ങളുടെ കുത്തൊഴുക്കാണ്. ഓരോ തവണ പരാജയം അറിഞ്ഞ സജി ചെറിയാനെയോ ശ്രീധരന്‍പിള്ളയെയോ അതോ പുതുമുഖമായ വിജയകുമാറിനെയോ ചെങ്ങന്നൂര്‍ തിരഞ്ഞെടുക്കുക?

ഒരു തവണ ശോഭന ജോര്‍ജിനോട് തോറ്റ രാമചന്ദ്രന്‍ നായര്‍ കഴിഞ്ഞ തവണ ജയിച്ചുകയറിയപ്പോള്‍ വിമതയുടെ റോളില്‍ വിഷ്ണുനാഥിന്റെ പരാജയം ഉറപ്പാക്കുന്ന റോളായിരുന്നു ശോഭനയ്ക്ക്. ഇത്തവണ സജി ചെറിയാന് വേണ്ടി വോട്ട് ചോദിക്കുന്ന ശോഭന ജോര്‍ജിനെയാണ് മണ്ഡലത്തില്‍ കണ്ടത്. 

വിജയിക്കുന്നവരേക്കാള്‍ മൂന്നാം സ്ഥാനത്താകുന്നവര്‍ക്കാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും പരിക്കേല്‍ക്കുക. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് അവര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും. ബിജെപി വിരുദ്ധ ചേരിയുടെ കേരളത്തിലെ ലീഡര്‍ ആരായിരിക്കും എന്ന ചോദ്യത്തിനും ചെങ്ങന്നൂരിന് ഉത്തരം പറയാനുണ്ട്. 

content highlights: Chengannur byelection 2018