ടുത്ത വെല്ലുവിളി അതിജീവിച്ച് ബിജെപിയില്‍ നിന്ന് മൂന്നു സംസ്ഥാനങ്ങളുടെ ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസിന്  രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ കണ്ടെത്തല്‍ തലവേദനയാകുന്നു. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലിക്കുന്നത്. 

കേവല ഭൂരിപക്ഷമില്ലാത്തത് ഗഹ്‌ലോട്ടിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്വതന്ത്രരായി ജയിച്ച കോണ്‍ഗ്രസ് റിബലുകള്‍ പലരും ഗഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ഗുജ്ജര്‍ സമുദായക്കാരനായ സച്ചിന് വേണ്ടി കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ എത്തി. യുവത്വവും രാഹുല്‍ ടീമിന്റെ ഭാഗമാണ് എന്നതുമാണ് പൈലറ്റിന് അനുകൂല ഘടകം. 

ബിഎസ്പി അംഗങ്ങളില്‍ ചിലരും സച്ചിന്‍ പൈലറ്റിന് പിന്തുണയുമായുണ്ട്. കേന്ദ്രനിരീക്ഷനായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംഎല്‍എമാരുടെ മനമറിയാന്‍ ഓരോരുത്തരുമായി കൂടിക്കാഴ്ച നടത്തിവരുകയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ട് വൈകിട്ടോടെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 

2008ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പിസിസി അധ്യക്ഷന്‍ സി.പി ജോഷി മുഖ്യമന്ത്രിയാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ നാഥ്ദ്വാര മണ്ഡലത്തില്‍ അന്ന് ജോഷി തോറ്റത് ഒരേയൊരു വോട്ടിനായിരുന്നു. ആ ഒരു വോട്ടിന് കൈവിട്ടുപോയത് മുഖ്യമന്ത്രി പദം കൂടിയായിരുന്നു. അതോടെ കാര്യമായ എതിര്‍പ്പില്ലാതെ ഗഹ്‌ലോട്ട് രണ്ടാം തവണയും മുഖ്യമന്ത്രിയായി.

കുറച്ചുകൂടെ സങ്കീര്‍ണമാണ് മധ്യപ്രദേശിലെ കാര്യം. കഴിഞ്ഞ 15 വര്‍ഷമായി പ്രതിപക്ഷത്ത് ഇരുന്നപ്പോഴും തമ്മിലടിക്ക് പ്രശസ്തമായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് രാഷ്ട്രീയം. ജ്യോതിരാദിത്യ സിന്ധ്യ-ദിഗ്വിജയ് സിങ് എന്നിവര്‍ക്ക് കീഴില്‍ പരസ്പരം തമ്മിലടിച്ചിരുന്ന പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് ഇറക്കിയ തുറുപ്പുചീട്ടായിരുന്നു കമല്‍നാഥ്. കമല്‍നാഥിന്റെ നേതൃത്വത്തിന്റെ കരുത്തില്‍ സ്വപ്നവിജയം നേടിയ പാര്‍ട്ടിക്ക് മുഖ്യമന്ത്രിയെ കണ്ടെത്തല്‍ അത്ര എളുപ്പമാകില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയും മൂന്ന് പ്രധാന നേതാക്കളെ മത്സരിപ്പിക്കാതെയുമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ദേശീയ നേതൃത്വം ഒരിക്കലും തന്നെ പരിഗണിക്കില്ലെന്ന് തിരിച്ചറിവുള്ള ദിഗ്വിജയ് സിങ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഇതോടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യയിലേക്ക് ചുരുങ്ങിയിരിക്കയാണ്.

ചാരത്തില്‍ നിന്ന് സംസ്ഥാനത്തെ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കമല്‍നാഥിന് തന്നെയാകും ഹൈക്കമാന്‍ഡിന്റെ പിന്തുണയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അനുഭവസമ്പത്തും ദേശീയ നേതൃത്വവും ഗാന്ധി കുടുംബവുമായുള്ള അടുപ്പവും കമല്‍നാഥിന് കാര്യങ്ങള്‍ എളുപ്പമാക്കും. ഒപ്പം പ്രതിപക്ഷത്താണെങ്കിലും ശിവരാജ് സിങ് ചൗഹാനെ പോലെ ഒരു കരുത്തനെ നേരിടണമെന്നുള്ളതും കമല്‍നാഥിലേക്ക് മുഖ്യമന്ത്രി പദമെത്താനുള്ള സാധ്യതയാണ്.

എന്നാല്‍ പതിറ്റാണ്ടുകളായി ദേശീയ നേതൃത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമല്‍നാഥിന് സംസ്ഥാന രാഷ്ട്രീയത്തില്‍ വേണ്ടത്ര പിന്തുണയില്ലെന്നാണ് സിന്ധ്യ അനുകൂലികളുടെ വാദം. മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏറ്റെടുക്കുമെന്ന സിന്ധ്യയുടെ പ്രതികരണവും വന്നുകഴിഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയമൊക്കെ നേടിയെങ്കിലും നേരിയ വ്യത്യാസം മാത്രമാണ് കോണ്‍ഗ്രസിന് ബി.ജെ.പിയില്‍ നിന്നുള്ളത്. ഈ സാഹചര്യത്തില്‍ ഒരു പിളര്‍പ്പിനെ കുറിച്ചൊന്നും കോണ്‍ഗ്രസിന് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ കാര്യം നന്നായി അറിയാവുന്ന നേതാക്കന്മാരും വിലപേശലുമായി ശക്തമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. ഈ സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലും ഹൈക്കമാന്‍ഡ് തീരുമാനത്തിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.

content highlights: chief minister, Rajasthan and Madhya Pradesh, Suspense continues,