രുണാനിധിയുടെയും ജയലളിതയുടെയും സ്കൂളുകളിൽനിന്ന് ഒരുപോലെ ഡോക്ടറേറ്റ് നേടിയിട്ടുള്ള നേതാവുണ്ടെങ്കിൽ അത് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവായിരിക്കും. ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന വാഗ്ദാനമാണ് 2006-ൽ കരുണാനിധിയെയും ഡി.എം.കെ.യെയും തമിഴകത്ത് അധികാരത്തിലെത്തിച്ചത്. ഒരു രൂപയ്ക്ക് ഇഡ്ഡലിയും സൗജന്യ ലാപ്‌ടോപ്പും സൗജന്യ സ്വർണത്താലിയുമായി ജയലളിത പിന്നീട് കരുണാനിധിയെ കടത്തിവെട്ടി. ഇവിടെ തെലങ്കാനയിൽ കെ.സി. ആറിന്റെ ഭരണത്തിൽ സൗജന്യങ്ങളുടെ പെരുമഴയാണ്.

ഒരു സാമ്പിൾ നോക്കുക. കർഷകർക്ക് വർഷംതോറും ഒരേക്കറിന് 8000 രൂപയാണ് കെ.സി.ആറിന്റെ സർക്കാർ സഹായധനമായി നൽകുന്നത്. വാറങ്കലിലേക്കുള്ള തീവണ്ടിയാത്രയിൽ തൊട്ടടുത്തുണ്ടായിരുന്ന സിദ്ധിലിംഗം എന്ന കർഷകൻ ഈ പദ്ധതിയെക്കുറിച്ച് നിറഞ്ഞ ആവേശത്തോടെയാണ് സംസാരിച്ചത്. സിദ്ധിലിംഗത്തിന് മൂന്നേക്കർ കൃഷിഭൂമിയാണുള്ളത്. കഴിഞ്ഞവർഷം സർക്കാരിൽനിന്ന് സഹായമായി 24,000 രൂപ കിട്ടി. 
1.43 കോടി ഏക്കർ കൃഷി ഭൂമിയാണ് തെലങ്കാനയിലുള്ളത്. മൊത്തംകർഷകർ 58.33 ലക്ഷം വരും. 12,000 കോടി രൂപയാണ് ഒരുവർഷം ഇതിനായി തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) സർക്കാർ ഇതിനായി ചെലവഴിക്കുന്നത്.

സഹായംകൊടുക്കുന്നതിന്  വരുമാനപരിധിയോ ഭൂമി പരിധിയോ ഇല്ല. കൂടുതൽപേരും ഒരേക്കറിനും രണ്ടേക്കറിനുമിടയിൽ ഭൂമി സ്വന്തമായുള്ളവരാണ് (24 ലക്ഷം). പത്തേക്കർവരെ സ്വന്തമായുള്ളവർ 4.4 ലക്ഷം പേരുണ്ട്. 10 ഏക്കർ കൈയിലുണ്ടെങ്കിൽ ഒരുകൊല്ലം 80,000 രൂപയാണ് വെറുതേകിട്ടുക. വീണ്ടും അധികാരത്തിലെത്തിയാൽ ഇതു പതിനായിരമാക്കുമെന്നാണ് കെ.സി.ആറിന്റെ വാഗ്ദാനം. 
ഭരണം കിട്ടിയാൽ ഏക്കറൊന്നിന് കോൺഗ്രസും 10,000 രൂപ വാഗ്ദാനം ചെയ്യുന്നുണ്ട്. ടി.ആർ. എസ്സിനെ കടത്തിവെട്ടി ഒറ്റയടിക്ക് രണ്ടുലക്ഷം രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്നതാണ്  കോൺഗ്രസിന്റെ മറ്റൊരുവാഗ്ദാനം. ഒരുലക്ഷം രൂപയുടെ കടം എഴുതിത്തള്ളുമെന്നാണ് ടി.ആർ.എസ്. പറയുന്നത്.

കല്യാണച്ചെലവുമുതൽ    ചികിത്സവരെ 
പാവപ്പെട്ട സ്ത്രീകളുടെ കല്യാണത്തിന് 1,00,116 രൂപയാണ് തെലങ്കാനസർക്കാർ നൽകുന്നത്. ഇക്കഴിഞ്ഞ നാലുവർഷങ്ങളിൽ 3.6 ലക്ഷംപേർക്ക് ഈ സഹായം കിട്ടിയതായാണ് കണക്കുകൾ കാണിക്കുന്നത്. ആരോഗ്യമേഖലയിൽ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് കോൺഗ്രസിന്റെ മുഖ്യവാഗ്ദാനം. ഗ്രാമങ്ങളിൽപ്പോലും കാൻസർ ചികിത്സയ്ക്കും ഡയാലിസിസിനുമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ടി.ആർ.എസ്.
നിലവിൽ 1000 രൂപയാണ് സംസ്ഥാനത്ത് വാർധക്യപെൻഷൻ. അവിഭക്ത ആന്ധ്രയിൽ ഇത് 200 രൂപയായിരുന്നു. ഈ പെൻഷൻ 2000 രൂപയാക്കുമെന്ന് കോൺഗ്രസ് പറയുമ്പോൾ ടി.ആർ.എസിന്റെ വാഗ്ദാനം 2,016 രൂപയാണ്. പെൻഷൻ പ്രായം 65 വയസ്സിൽനിന്ന് 58 ആക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുമ്പോൾ ടി.ആർ.എസ്. പറയുന്നത് 57 വയസ്സായാൽ പെൻഷൻ ലഭ്യമാക്കുമെന്നാണ്. യുവാക്കൾക്കുള്ള തൊഴിലില്ലായ്മവേതനം 3,016 രൂപയാക്കുമെന്നാണ് ടി.ആർ.എസ്സിന്റെ വാഗ്ദാനം. 3000 രൂപ ഈയിനത്തിൽ നൽകുമെന്നാണ്  കോൺഗ്രസിന്റെ പ്രഖ്യാപനം.

വിദ്യാഭ്യാസമേഖലയിലും ഇരുപാർട്ടികളും വൻ ഓഫറുകളാണ് മുന്നോട്ടുവെക്കുന്നത്. അധികാരം കിട്ടിയാൽ ബജറ്റിന്റെ 20 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എല്ലാവിദ്യാർഥികൾക്കും ഒന്നാംക്ലാസ് മുതൽ അഞ്ചാംക്ലാസ് വരെ 300 രൂപയും ആറു മുതൽ പത്തുവരെ 500 രൂപയും വാർഷിക സ്കോളർഷിപ്പായി നൽകുമെന്ന് കോൺഗ്രസ് ഉറപ്പു നൽകുമ്പോൾ കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തരബിരുദ വിദ്യാഭ്യാസം വരെ സംസ്ഥനത്ത് സൗജന്യമാക്കുമെന്ന മുൻവാഗ്ദാനം പൂർണമായും നടപ്പാക്കാൻ ഒരവസരംകൂടി തരണമെന്നാണ് ടി.ആർ.എസ്. ആവശ്യപ്പെടുന്നത്. പാവപ്പെട്ടവർക്കായുള്ള ഭവനനിർമാണമാണ് കോൺഗ്രസും ടി.ആർ.എസും മത്സരിക്കുന്ന മറ്റൊരുമേഖല.  

 നിറവേറാതെപോയ      വാഗ്ദാനങ്ങൾ
മുഖ്യമായും മൂന്നുവാഗ്ദാനങ്ങളാണ് ടി.ആർ.എസിന് നിറവേറ്റാനാവാതെ പോയത്. ടി.ആർ.എസ്. അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രി ദളിത് സമുദായത്തിൽ നിന്നായിരിക്കുമെന്ന് കെ.സി.ആർ. പ്രഖ്യാപിച്ചിരുന്നു. അധികാരം കിട്ടിയപ്പോൾ വെളമ സമുദായക്കാരനായ (മുന്നാക്ക ജാതിയാണ് വെളമ) അദ്ദേഹംതന്നെ മുഖ്യമന്ത്രി പദമേറ്റു. തന്റെ അടുത്തലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണെന്നാണ് ഇപ്പോൾ കെ.സി.ആർ. പറയുന്നത്. കെ.സി.ആറിനു ശേഷവും ടി.ആർ.എസിൽ ദളിത് മുഖ്യമന്ത്രിയുണ്ടാവുന്നതിനുള്ള സാധ്യത വിരളമാണ്. കാരണം അദ്ദേഹത്തിന്റെ മകൻ കെ.ടി. രാമറാവു ആ സ്ഥാനത്തേക്കുള്ള കുപ്പായം എപ്പോഴേ തയ്പിച്ചു കഴിഞ്ഞു.
ഒരു ലക്ഷം സർക്കാർ ജോലികൾ എന്ന വാഗ്ദാനവും ജലരേഖയായി. സർക്കാർ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരുന്നതിൽ ടി.ആർ.എസ്. സർക്കാർ അമ്പേ പരാജയപ്പെട്ടു. ഇന്നിപ്പോൾ വീണ്ടും ജനവിധിക്കായി കാത്തിരിക്കുമ്പോൾ ടി.ആർ.എസിനെ വേട്ടയാടുന്ന വലിയൊരു വെല്ലുവിളി തൊഴിലവസരങ്ങളുടെ അഭാവമാണ്.

വിദ്യാഭ്യാസ, തൊഴിൽമേഖലകളിൽ മുസ്‌ലിങ്ങൾക്ക് 12 ശതമാനം സംവരണമെന്ന വാഗ്ദാനവും ടി.ആർ.എസിന് നടപ്പാക്കാനായില്ല. സംസ്ഥാനത്തെ ജനസംഖ്യയിൽ 12.7 ശതമാനമാണ് മുസ്‌ലിങ്ങൾ. നിലവിൽ നാലുശതമാനം സംവരണമാണ് ഇവർക്കുള്ളത്. മുസ്‌ലിങ്ങൾക്ക് 12 ശതമാനം സംവരണമെന്ന വാഗ്ദാനം ഒരിക്കലും നടപ്പാകാൻ പോകുന്നില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടുതലാവരുതെന്ന നിയമമുള്ളപ്പോൾ ഈ വാഗ്ദാനം നിറവേറണമെങ്കിൽ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരേണ്ടിവരും. 

ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു വാഗ്ദാനം എന്തിനാണ് ടി.ആർ.എസ്. നൽകിയതെന്ന് കോൺഗ്രസ് ചോദിക്കുമ്പോൾ മുഖ്യമന്ത്രി കെ.സി.ആർ. പറയുന്നത് അസാധ്യമായി ഒന്നുമില്ലെന്നും തമിഴകത്ത് 69 ശതമാനം സംവരണത്തിന് ഭരണഘടനാ സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ തങ്ങളും അത് നേടിയെടുക്കുമെന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൽ ടി.ആർ.എസിന് നിർണായക പങ്കാളിത്തമുണ്ടായാൽ ഈ ലക്ഷ്യം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.