തെലങ്കാന തരംഗം

? പ്രധാനമന്ത്രി മോദിയെ അള്ളാഹു പരാജയപ്പെടുത്തും എന്ന താങ്കളുടെ പരാമർശം വിവാദമായിരിക്കുകയാണ്
= ഒരു പ്രതിസന്ധിയിൽ വിശ്വാസിയായ മുസ്‌‌ലിം അള്ളാ എന്നും ഹിന്ദു ഭഗവാൻ എന്നും ക്രിസ്ത്യാനി കർത്താവേ എന്നുമാണ് വിളിക്കുക. അതിപ്പോൾ വിവാദമാക്കേണ്ട കാര്യമുണ്ടോ? അള്ളാഹു അല്ലെങ്കിൽ ദൈവമാണ് നമ്മുടെ സ്രഷ്ടാവ്. അപ്പോൾ പിന്നെ സഹായം തേടി സ്രഷ്ടാവിനെയല്ലാതെ വേറെയാരെയാണ് നമ്മൾ സമീപിക്കുക.

?  മോദിക്കെതിരേയുള്ള പോരാട്ടത്തിൽ താങ്കൾ കോൺഗ്രസിനൊപ്പമില്ല. ഇവിടെ തെലങ്കാനയിൽ താങ്കളുടെ പാർട്ടി തെലങ്കാന രാഷ്ട്രസമിതിയെയാണ് പിന്തുണയ്ക്കുന്നത്
= ഇന്ത്യൻ ജനാധിപത്യം ശക്തമാവണമെങ്കിൽ സുശക്തമായ പ്രാദേശികപാർട്ടികളുണ്ടാവണം. നമ്മുടെ സാംസ്കാരികവൈവിധ്യം സംരക്ഷിക്കാൻ അതനിവാര്യമാണ്. എം.ഐ.എം. എട്ടു സീറ്റുകളിലാണ് തെലങ്കാനയിൽ മത്സരിക്കുന്നത്. ബാക്കിയിടങ്ങളിൽ ഞങ്ങൾ ടി.ആർ.എസിനൊപ്പമാണ്. കെ.സി.ആർ. മുഖ്യമന്ത്രിയാവണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി ഹൈദരാബാദിൽ ഒരു വർഗീയകലാപവുമുണ്ടായിട്ടില്ല. 2,100 കോടിരൂപയാണ് ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ്. അതിന്റെ 70 ശതമാനവും വിനിയോഗിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷവിദ്യാലയങ്ങളിൽ 50,000 മുസ്‌ലിം വിദ്യാർഥികളാണ് പഠിക്കുന്നത്. ഓരോ വിദ്യാർഥിക്കും 1.20 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. വിദേശവിദ്യാഭ്യാസത്തിന് എട്ടുലക്ഷം രൂപയാണ് സബ്‌സിഡി. ഇതൊന്നും കോൺഗ്രസ് ഒരിക്കലും ചെയ്തിട്ടില്ല.

? തിരഞ്ഞെടുപ്പിനുശേഷം ടി. ആർ.എസ്. ബി.ജെ.പി.യുമായി കൈകോർക്കില്ലെന്ന് ഉറപ്പുണ്ടോ. പാർലമെന്റിൽ ബി.ജെ.പി. സർക്കാർ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സഹായിച്ച ചരിത്രമാണ് ടി. ആർ.എസിനുള്ളത്
= സുഹൃത്തേ, ജീവിതത്തിൽ ആകെ ഉറപ്പുള്ളത് മരണം മാത്രമാണ്. പക്ഷേ, എന്റെ ഇതുവരെയുള്ള രാഷ്ട്രീയാനുഭവം വെച്ചുനോക്കിയാൽ ടി.ആർ.എസ്. ബി.ജെ.പി.യെ സഹായിക്കാൻ പോവുന്നില്ല. ഇവിടെ തെലങ്കാനയിൽ ബി.ജെ.പി.യുടെ സ്വാധീനം കുറയ്ക്കാൻ ഏറ്റവുമധികം ശ്രമിക്കുന്നത് ഞങ്ങളും ടി.ആർ.എസുമാണ്. വാസ്തവത്തിൽ കോൺഗ്രസിന്റെ ധാർഷ്ട്യംനിറഞ്ഞ സമീപനമാണ് പ്രശ്നം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാത്തതെന്തുകൊണ്ടാണെന്ന് ഞാൻ ചന്ദ്രശേഖർ റാവുവിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് അസദ് ഭായ്, കോൺഗ്രസിനോട് വിളിക്കാൻ പറയൂ, നമുക്ക് സഹായിക്കാം. പക്ഷേ, കോൺഗ്രസ് വിളിച്ചില്ല. തങ്ങൾ വിശുദ്ധമായ ഉന്നതപീഠത്തിൽ ഇരിക്കുകയാണെന്ന ധാരണ കോൺഗ്രസ് തിരുത്തണം. കോൺഗ്രസിനൊപ്പമല്ലെങ്കിൽ മതേതരമല്ലെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല. നിങ്ങൾ ഒന്നുകിൽ ഞങ്ങൾക്കൊപ്പം അല്ലെങ്കിൽ അവരുടെകൂടെ എന്ന ജോർജ് ബുഷിന്റെ തത്ത്വമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. അത് ശരിയല്ല. ബുഷിനുപോലും ആ വാദം വിജയിപ്പിക്കാനായില്ല. കോൺഗ്രസിനും ബി.ജെ.പി.ക്കും പുറത്തും ഇന്ത്യയിൽ രാഷ്ട്രീയമുണ്ട്. വാസ്തവത്തിൽ കോൺഗ്രസ് കൂടുതൽ വർഗീയവത്കരിക്കപ്പെടുകയാണ്. പൂണൂൽധാരിയായ ഉന്നത ജാതിക്കാരനാണ് തങ്ങളുടെ നേതാവെന്ന് പറയുന്നതിൽ അഭിമാനിക്കുന്ന കോൺഗ്രസ് എങ്ങനെയാണ് മതേതരമാവുന്നത്. നിങ്ങൾ മോദിയെ നേരിടേണ്ടത്  മോദിയിൽനിന്ന്‌ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ്. ജൂനിയർ മോദിയായിക്കഴിഞ്ഞശേഷം നിങ്ങൾക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞാൽ അസദുദ്ദീൻ ഒവൈസിയെ അതിന് കിട്ടില്ല.   

? കോൺഗ്രസ് പറയുന്നത് ഹിന്ദുക്കളെ ബി.ജെ.പി.ക്ക് വിട്ടുകൊടുക്കാനാവില്ലെന്നാണ്. ഒവൈസിക്ക് പള്ളിയിൽ പോവാമെങ്കിൽ രാഹുലിന് അമ്പലത്തിൽ പോവാമെന്നും കോൺഗ്രസ് പറയുന്നു.
  = ശരിയാണ്. നമ്മുടെ രാജ്യത്ത് ഒട്ടേറെ മതങ്ങളുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശമാണ് ഭരണഘടന ഉറപ്പുനൽകുന്നത്. മതമില്ലാത്തവർക്കും ഇവിടെ തുല്യ അവകാശമുണ്ട്. പക്ഷേ, ഏതെങ്കിലും ഒരു മതത്തിന് ഇന്ത്യയുടെ മതമാവാൻ പറ്റുമോ? കോൺഗ്രസ് ഇപ്പോൾ ആ വഴിയിലാണ്. നിങ്ങളുടെ മതം കൈവിടണമെന്ന് ഞാൻ പറയില്ല. പക്ഷേ, ഒരു മതത്തെ മറ്റുമതങ്ങളുടെ മേൽ പ്രതിഷ്ഠിക്കാനാവില്ല. കോൺഗ്രസ് നേതാവ് സി.പി. ജോഷി പറയുന്നത് ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറന്നത് കോൺഗ്രസാണെന്നാണ്. രാമക്ഷേത്രം പണിയുമെന്നും ജോഷി പറയുന്നു. ഇതെങ്ങനെയാണ് മതേതരത്വമാവുന്നത്. മുത്തലാക്കിനെതിരേ നിയമം കൊണ്ടുവന്നപ്പോൾ ഞാൻ ഭേദഗതി പ്രമേയം അവതരിപ്പിച്ചു. പക്ഷേ, കോൺഗ്രസ് അനങ്ങിയില്ല. മുസ്‌ലിം ലീഗും നിശ്ശബ്ദത പാലിച്ചു. മുത്തലാക്കിന്റെ കാര്യത്തിൽ കോൺഗ്രസ് ബി.ജെ.പി.യെ പിന്തുണച്ചു. പാർട്ടിഫണ്ട് സ്വീകരിക്കുന്ന കാര്യത്തിൽ ബി.ജെ.പി.ക്കും കോൺഗ്രസിനുമെതിരേ ഡൽഹി ഹൈക്കോടതി വിധി വന്നപ്പോൾ ഇരുവരും ചേർന്ന് പുതിയ നിയമം കൊണ്ടുവന്നു. പലപ്പോഴും ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. മതേതരത്വത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ സാക്ഷ്യപത്രം ഞങ്ങൾക്കുവേണ്ട. ഞാനാരാണെന്ന് എനിക്കറിയാം, ജനങ്ങൾക്കുമറിയാം. മുത്തലാക്കിന്റെ കാര്യം വരുമ്പോൾ അത് ലിംഗനീതിയുടെ പ്രശ്നവും   ശബരിമലയുടെ കാര്യത്തിൽ അത് മതപരമായ വിശ്വാസത്തിന്റെ പ്രശ്നവുമാവുന്നതെങ്ങനെയാണ്. രമേശ് ചെന്നിത്തല ഇതല്ലേ പറയുന്നത്. ഇത് തികഞ്ഞ കാപട്യമല്ലെങ്കിൽ മറ്റെന്താണ്.

? കോൺഗ്രസും ബി.ജെ.പി.യും ഇല്ലാത്ത മൂന്നാംമുന്നണിയാണ് താങ്കൾ ലക്ഷ്യമിടുന്നത്. പക്ഷേ, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ കോൺഗ്രസ് ഇല്ലാത്ത ബി.ജെ.പി.വിരുദ്ധ മുന്നണി സാധ്യമാണോ
= നമുക്ക് കാത്തിരുന്നുകാണാം. കേരളത്തിൽ കോൺഗ്രസ് ഇല്ലാതെ ഭരിക്കാമെങ്കിൽ എന്തുകൊണ്ട് കേന്ദ്രത്തിലുമായിക്കൂടാ.

? ഒരു വശത്ത് താങ്കൾ സൂപ്പർഹീറോയാണ്. എന്നാൽ, മറുവശത്ത് ബി.ജെ.പി. ജനറൽ സെക്രട്ടറി രാംമാധവ് പറയുന്നത് താങ്കൾ 21-ാം നൂറ്റാണ്ടിലെ ജിന്നയാവാൻ ശ്രമിക്കുകയാണെന്നാണ്
= ഞാൻ ഒരു സൂപ്പർ സ്റ്റാറല്ല. ഒരു ട്വിങ്കിൾ, ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ മാത്രമാണ്. രാംമാധവ് ഇപ്പോഴും 1930-കളിലാണ്. ഞങ്ങൾ ജിന്നയുടെ പാത പിന്തുടർന്നവരല്ല. ഞങ്ങളുടെ പൂർവികർ ജിന്നയെ നിരാകരിച്ചുകൊണ്ട് ഇവിടെ ഇന്ത്യയിൽ തുടർന്നവരാണ്. എന്നെ ജിന്നയെന്ന് വിശേഷിപ്പിക്കുമ്പോൾ രാംമാധവ് ഉദ്ദേശിക്കുന്നത് ഞാൻ തുല്യപൗരനല്ലെന്നാണ്. ആ വാദം ഞാൻ നിരാകരിക്കുന്നു. ഞങ്ങൾ ആരുടെയും കുടികിടപ്പുകാരല്ല. ഞങ്ങൾ തുല്യഅവകാശവും സ്വാതന്ത്ര്യവുമുള്ള ഇന്ത്യൻ പൗരന്മാരാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും കാരുണ്യത്തിലല്ല ഞങ്ങൾ ഇവിടെ ജീവിക്കുന്നത്.

? കേരളത്തിൽ എം.ഐ.എമ്മിന് പദ്ധതികളെന്തെങ്കിലുമുണ്ടോ
= ഇല്ല. അവിടെ മുസ്‌ലിം ലീഗ് നന്നായി പ്രവർത്തിക്കുന്നുണ്ട്. അന്തരിച്ച ശിഹാബ് തങ്ങളോട് എനിക്കു വലിയ ബഹുമാനമായിരുന്നു. ആ കുടുംബത്തോട് വലിയ അടുപ്പമുണ്ട്. കേരളത്തിൽ ഞങ്ങളുടെ ആവശ്യമില്ല. തെലങ്കാനയും കേരളവുമാണ് ഇന്നിപ്പോൾ ഇന്ത്യയിൽ മുസ്‌‌ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രണ്ടുസംസ്ഥാനങ്ങൾ.