ഹൈദരാബാദ്: തെലങ്കാനയിൽ മത്സരരംഗത്തുള്ള ടി.ആർ.എസും ടി.ഡി.പി.യും കോൺഗ്രസും മജ്‌ലിസും കുടുംബകക്ഷികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതി, കുലം, മതം എന്നിവ അടിസ്ഥാനമാക്കിയുള്ള ഈ പാർട്ടികൾ ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നു. ഇവിടെ പുതിയ രാജാക്കന്മാർ ഉണ്ടാകുന്നു. കുടുംബവാഴ്ചയുണ്ടാകുന്നു. ഇതിനെതിരേ ജാഗരൂകരാകണമെന്നും മോദി പറഞ്ഞു. ഹൈദരാബാദിലെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സംവരണം വർധിപ്പിക്കാൻ ദളിതരുടെയും പിന്നാക്ക സമുദായക്കാരുടെയും സംവരണം വെട്ടിച്ചുരുക്കുന്നത് ന്യായമാണോയെന്ന് അദ്ദേഹം ചോദിച്ചു.

വാജ്‌പേയിയുടെ കാലത്ത്‌ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ മൂന്ന് സംസ്ഥാനങ്ങൾ വിഭജിച്ചു. സമാധാനപരമായിരുന്നു അത്. ഒരു പ്രശ്നവുമുണ്ടായില്ല. ഇന്ന് ആ ആറു സംസ്ഥാനങ്ങളും വികസനത്തിന്റെ പാതയിലാണ്. എന്നാൽ, തെലങ്കാനയിൽ ഒരൊറ്റ കുടുംബത്തിനുവേണ്ടി അഞ്ചുവർഷം നഷ്ടമായി. വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെ സർക്കാരുണ്ടാക്കാമെങ്കിലും വികസനം സാധ്യമല്ല -അദ്ദേഹം പറഞ്ഞു.

തന്റെ സർക്കാർ നടപ്പാക്കുന്ന ഭവനപദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ച മോദി നാലരവർഷത്തിൽ 1,25,000 വീടുകൾ നിർമിച്ചുനൽകിയതായി അവകാശപ്പെട്ടു. 2022 ആകുമ്പോഴേക്കും എല്ലാവർക്കും വീടുണ്ടാകുമെന്നും മോദി പറഞ്ഞു. ഹൈദരാബാദ് തനിക്കെന്നും പ്രിയപ്പെട്ടതാണെന്നും സർദാർ പട്ടേലിന്റെ ഓർമ ഉണർത്തുന്നതാണ് ഈ നഗരമെന്നും പറഞ്ഞാണ് മോദി പ്രസംഗമാരംഭിച്ചത്.

ബി.ജെ.പി. സെക്രട്ടറി മുരളീധർ റാവു, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, മുൻ കേന്ദ്രമന്ത്രി ദത്താത്രേയ, സ്വാമി പരിപൂർണാനന്ദ, സ്റ്റേറ്റ് പ്രസിഡന്റ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.