ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് നാലുദിവസം ബാക്കിനിൽക്കെ, തെലങ്കാനയിൽ ടി.ആർ.എസ്. പ്രകടനപത്രിക പുറത്തിറക്കി.

സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിൽ രണ്ടുലക്ഷത്തോളം പേർ പങ്കെടുത്ത റാലിയിലാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പത്രിക പുറത്തിറക്കിയത്. സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58-ൽനിന്ന് 61 ആക്കി വർധിപ്പിക്കും, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മൂന്നുവർഷംകൂടി ഉയർത്തും എന്നിവയാണ് മുഖ്യവാഗ്ദാനങ്ങൾ. തൊഴിലില്ലായ്മാവേതനമായി പ്രതിമാസം 3016 രൂപ നൽകും.

എല്ലാ സാമൂഹികസുരക്ഷാ പെൻഷനുകളും പ്രതിമാസം 1000 രൂപയിൽനിന്ന് 2016 രൂപയാക്കും. വാർധക്യകാലപെൻഷനുള്ള പ്രായപരിധി 65-ൽ നിന്ന് 57 ആക്കും. വികലാംഗരുടെ പെൻഷൻ 3016 രൂപ ആക്കും. ഭവനരഹിതർക്ക് രണ്ടു കിടപ്പറകളുള്ള വീടുകൾ നൽകുന്നത് തുടരും. സ്ഥലമുള്ളവർക്ക് വീടുപണിയാൻ അഞ്ചു ലക്ഷംമുതൽ ആറുലക്ഷംവരെ രൂപ നൽകും. റൈത്തുബന്ധു പദ്ധതിപ്രകാരം കൃഷിച്ചെലവിനായി കർഷകർക്ക് ഏക്കറിന് പ്രതിവർഷം 10,000 രൂപ നൽകും. കർഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്തള്ളും. പിന്നാക്കസമുദായക്കാർക്കും വനിതകൾക്കും നിയമനിർമാണസഭകളിൽ 33 ശതമാനം സംവരണത്തിനായി സമ്മർദം തുടരും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സമുദായങ്ങൾക്കായി കോർപ്പറേഷൻ രൂപവത്കരിക്കും. 12 ശതമാനംവീതം സംവരണം പട്ടികവർഗക്കാർക്കും ന്യൂനപക്ഷക്കാർക്കും നേടിയെടുക്കാനുള്ള ശ്രമം തുടരും. മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാർക്കുവേണ്ടി പ്രത്യേക പദ്ധതികൾ തുടങ്ങും. തെലങ്കാനയിലെ ഓരോ പൗരനും സൗജന്യ പരിപൂർണാരോഗ്യപരിശോധന നടപ്പാക്കും.

ഇതുകൂടാതെ സംസ്ഥാന ജീവനക്കാരുടെ ശമ്പളനിരക്കുകൾ ഉചിതരീതിയിൽ പരിഷ്കരിക്കും. പെൻഷൻകാർക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്‌കരിക്കും. ഹൈദരാബാദിനെ ആഗോളനഗരമാക്കും- പ്രകടനപത്രികയിൽ പറയുന്നു.