ഹൈദരാബാദ്: മുസ്‍‍ലിം വിഭാഗത്തിൽനിന്നുള്ള മത്സരാർഥികളെ പരിഗണിക്കുന്നില്ലെന്നാരോപിച്ച് തെലങ്കാനയിലെ കോൺഗ്രസ് നേതാവ് ആബിദ് റസൂൽ ഖാൻ രാജിഭീഷണിമുഴക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ മുൻ ചെയർമാനായ ഖാൻ 10 ജില്ലകളിലെ ഒരോ നിയോജകമണ്ഡലങ്ങളിലും ഒരു സീറ്റ് മുസ്‌‌ലിം സമുദായത്തിനു നൽകണമെന്ന് ആവശ്യപ്പെട്ടു. 75 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ നാലുപേരേ മുസ്‍ലിം സമുദായത്തിൽനിന്നുള്ളൂ. ഇവരിൽ രണ്ടുപേർ പുതുതായി പാർട്ടിയിൽ ചേർന്നവരാണെന്നും ഒരാൾ സംഘടനയുടെ ഭാഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.

119 അംഗ സംസ്ഥാനനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിനാണ്. സംസ്ഥാനം ഭരിക്കുന്ന ടി.ആർ.എസിനെ താഴെയിറക്കാൻ കോൺഗ്രസ്, തെലുഗുദേശം പാർട്ടി (ടി.ഡി.പി.), തെലങ്കാന ജനസമിതി (ടി.ജെ.എസ്.), സി.പി.ഐ. എന്നിവയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. 14 മണ്ഡലങ്ങളിൽ ടി.ഡി.പി.യും എട്ടെണ്ണത്തിൽ ടി.ജെ.എസും മൂന്നെണ്ണത്തിൽ സി.പി.ഐ.യും മത്സരിക്കും.

“തെലങ്കാനയിൽ മുസ്‍ലിം നേതാക്കൾ നിരാശയിലാണ്. യഥാർഥ പ്രവർത്തകരെ പരിഗണിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. എന്നാൽ, സംഭവിക്കുന്നത് മറിച്ചാണ്. നൽഗോണ്ട, നിസാമാബാദ്, ഖമ്മം എന്നിവിടങ്ങളിൽ ജനസംഖ്യയുടെ 30-35 ശതമാനം മുസ്‍ലിങ്ങളാണ്. മുസ്‍ലിങ്ങളുടെ വോട്ട് അനായാസം ലഭിക്കുന്നതിനാൽ അവിടെ സ്ഥാനമുറപ്പിച്ചിരിക്കുന്ന റെഡ്ഡി സമുദായക്കാർ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന റെഡ്ഡി സമുദായക്കാർക്ക് എവിടെനിന്നുവേണമെങ്കിലും ജയിക്കാം. അതേസമയം ഈ പട്ടണങ്ങളിലെ സീറ്റ് മുസ്‌ലിങ്ങൾക്കു നൽകണം” -ആബിദ് പറഞ്ഞു.

“രാഷ്ട്രീയപരമായ അവസരങ്ങളും ഞങ്ങൾക്ക് തരുന്നില്ല. നാമനിർദേശം ചെയ്യേണ്ട പദവികളിലേക്ക് നിർദേശിക്കുന്നുമില്ല. പക്ഷേ, ഞങ്ങളുടെ വോട്ടുകൾ അവർക്ക് വേണം. അങ്ങനെയാണെങ്കിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ എന്താണ് വ്യത്യാസം. മതേതരപാർട്ടിയാണെന്ന് പറഞ്ഞ് വർഗീയമായി പ്രവർത്തിക്കുന്ന പാർട്ടിയാണിത്. കാര്യങ്ങൾ ശരിയായില്ലെങ്കിൽ രാജിവെക്കും -അദ്ദേഹം പറഞ്ഞു.

Content Highlights: telangana election 2018, 5 state election