ഗജ്‌വേലിലെ ചെറിയ ചായക്കടയ്ക്കുമുന്നിലിരുന്ന് ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ട് നരസിംഹറെഡ്ഡി കെ.സി.ആറിനെ പുകഴ്ത്തി: ‘‘ഗജ്‌വേൽ ഇന്നത്തെ ഗജ്‌വേലായതിനുപിന്നിൽ കെ.സി.ആർ. ഒരാൾ മാത്രമാണ്.’’ കെ.സി.ആർ. എന്നുപറഞ്ഞാൽ കെ. ചന്ദ്രശേഖര റാവു. തെലങ്കാനയുടെ മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതിയുടെ ജീവാത്മാവും പരമാത്മാവുമായ കെ.സി.ആറിന്റെ സ്വന്തം മണ്ഡലമാണ് ഗജ്‌വേൽ. ഹൈദരാബാദിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗജ്‌വേൽ തെലങ്കാനയിലെ താരമണ്ഡലമാണ്. ‘‘നാലുകൊല്ലംമുമ്പ് നിങ്ങൾ ഇവിടെ വന്നിരുന്നെങ്കിലേ ഗജ്‌വേലിന്റെ മാറ്റം പിടികിട്ടുകയുള്ളൂ’’ -റെഡ്ഡിയുടെ വാക്കുകൾ തൊട്ടടുത്തിരുന്ന് കരിക്കുവെട്ടി വിൽക്കുന്ന കലമ്മ ശരിവെച്ചു.

24 മണിക്കൂറും വെള്ളവും വെളിച്ചവും കിട്ടുന്നത് എങ്ങനെ മറക്കാനാവുമെന്നാണ് എം.ബി.എ. വിദ്യാർഥിയായ യോഗേശ്വർ ചോദിക്കുന്നത്. യോഗേശ്വർ ഗജ്‌വേലുകാരനാണ്. കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് പോകുംവഴി ഒരു ചായകുടിക്കാനെത്തിയതാണ്.

‘‘കെ.സി.ആർ. ചുരുങ്ങിയത് ഒരുലക്ഷം വോട്ടിനെങ്കിലും ജയിക്കും’’ -സ്ഥലം എം.പി.യും കെ.സി.ആറിന്റെ വലംകൈയുമായ കൊത്ത പ്രഭാകരറെഡ്ഡി പറഞ്ഞു.   ‘‘നാലുകൊല്ലംമുമ്പ് വെറും മൺപാതമാത്രമായിരുന്ന വഴിയാണ് ഇപ്പോൾ ഇങ്ങനെ നീണ്ടുനിവർന്നുകിടക്കുന്നത്’’ -കെ.സി.ആറിന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പ്രജ്ഞേയ ഗാർഡൻസിലിരുന്ന് പ്രഭാകരറെഡ്ഡി മുന്നിലുള്ള വിശാലമായ റോഡിലേക്ക് വിരൽചൂണ്ടി. എൽ.ഇ.ഡി. ബൾബുകൾ പ്രകാശംചൊരിയുന്ന, പൂമരങ്ങൾ നിറഞ്ഞ മീഡിയൻ രണ്ടായി വേർതിരിക്കുന്ന സുന്ദരമായ റോഡ്.  
ഗജ്‌വേലിൽ തീർച്ചയായും കെ.സി.ആർ. സ്പർശമുണ്ട്. ‘‘നൂറ്‌ കിടക്കകളുള്ള ആശുപത്രി, സ്കൂളുകളും കോളേജുമടങ്ങിയ വിദ്യാഭ്യാസസമുച്ചയം. ജില്ലാ ആസ്ഥാനമായ സിദ്ദിപെട്ടിൽ പുതിയ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു’’ -ടി.ആർ.എസ്. പ്രവർത്തകനായ ഹഫീസിന്റെ വാക്കുകളിൽ ആവേശവും ആഹ്ലാദവുമുണ്ട്. 

ഗജ്‌വേലിൽ പക്ഷേ, തിരഞ്ഞെടുപ്പ് കോലാഹലമൊന്നുമില്ല. ടി.ആർ.എസിന്റെയും കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും ചില പ്രചാരണവാഹനങ്ങൾ കാണാമെന്നതൊഴിച്ചാൽ തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഗജ്‌വേലിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു. ‘‘കെ.സി.ആർ. പത്രികസമർപ്പിക്കാൻ വന്നതാണ്. ഇനിയിപ്പോൾ പ്രചാരണം തീരുന്ന ഡിസംബർ അഞ്ചിന്‌ വീണ്ടുമെത്തും. അല്ലെങ്കിലും കെ.സി.ആർ. ഇങ്ങോട്ടുവരേണ്ട കാര്യമില്ല. കാര്യങ്ങൾ നോക്കാൻ ഹരീഷ് സാബുണ്ട്’’ -ഹഫീസ് പറഞ്ഞു. ഹരീഷ് സാബ് എന്നുപറഞ്ഞാൽ കെ.സി.ആറിന്റെ മരുമകനും സംസ്ഥാന ജലസേചനമന്ത്രിയുമായ ഹരീഷ് റാവു. ഹരീഷിനാണ് ഗജ്‌വേലിന്റെ ചുമതല കെ.സി.ആർ. നൽകിയിരിക്കുന്നത്. ആയിരം പേരടങ്ങിയ സുശക്തമായ സമിതിയാണ് ഗജ്‌വേലിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതെന്ന് ഹരീഷ് റാവു വ്യക്തമാക്കി. ‘‘250 പേരുള്ള നാലുഗ്രൂപ്പായിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. 
ഒരു വീട്ടിൽപോലും ഞങ്ങളുടെ പ്രവർത്തകർ  എത്താതിരിക്കില്ല.’’

ആവേശംവിടാതെ കോൺഗ്രസ്

ഹരീഷ്‌ റാവുവും പ്രഭാകരറെഡ്ഡിയുമൊക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും അപ്പുറത്ത്‌ കോൺഗ്രസ് ക്യാമ്പിലും ആവേശമുണ്ട്. കഴിഞ്ഞതവണ തെലുഗുദേശം പാർട്ടിയിൽനിന്ന് മത്സരിച്ച വന്തേരു പ്രതാപ് റെഡ്ഡിയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി. 2014-ൽ കെ.സി.ആറിന് 86,660 വോട്ടുകൾ കിട്ടിയപ്പോൾ പ്രതാപിന് 67, 303 വോട്ടുകളും കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്ന നരസറെഡ്ഡിക്ക് 34,085 വോട്ടുംകിട്ടി. കോൺഗ്രസിന്റെയും തെലുഗുദേശത്തിന്റെയും വോട്ടുകൾ മൊത്തം ഇക്കുറി തനിക്കുകിട്ടുമെന്നും അതോടെ കെ.സി.ആർ. തോൽക്കുമെന്നുമാണ് പ്രതാപ്‌ റെഡ്ഡി പറയുന്നത്. ഈ കണക്ക് കെ.സി.ആറിന്റെ ഉറക്കം കളയാൻ പോന്നതാണ്. പക്ഷേ, ഗജ്‌വേലിന്റെ നാലുവർഷത്തെ കുതിപ്പിനുമുന്നിൽ ഈ കണക്കുകളൊന്നും പ്രശ്നമല്ലെന്ന് ഹരീഷ്‌റാവു പറയുന്നു. മാത്രമല്ല കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നർസറെഡ്ഡി ഇപ്പോൾ കെ.സി.ആറിനൊപ്പം ടി.ആർ. എസിലാണ്.

ഗജ്‌വേലുകാരനാണെന്ന സവിശേഷത പ്രതാപ്‌ റെഡ്ഡിക്കുണ്ട്. 2009-ലും 2014-ലും ഇവിടെ മത്സരിച്ച്‌ പരാജയപ്പെട്ടയാളാണ് പ്രതാപ്. അതുകൊണ്ട് ഇക്കുറിയെങ്കിലും പ്രതാപിനെ ജയിപ്പിക്കണമെന്നൊരു ചിന്ത ഗജ്‌വേലുകാർക്കുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകൻ തിമ്മയ്യ പറയുന്നു. ഗജ്‌വേലിൽനിന്ന് പത്തുകിലോമീറ്റർ അകലെ വർഗാലുവിലാണ് പ്രതാപിനെയും തിമ്മയ്യയെയും കണ്ടത്. വർഗാലുവിലെ കവലയിൽ തുറന്ന വാഹനത്തിൽനിന്ന് പ്രതാപ് റെഡ്ഡി വോട്ടുചോദിക്കുമ്പോൾ ജനം താത്പര്യപൂർവം ശ്രദ്ധിക്കുന്നുണ്ട്.

പ്രതാപിനെക്കുറിച്ച് ആളുകൾക്ക് നല്ലതുമാത്രമേ പറയാനുള്ളു. ഗജ്‌വേലിൽ കെ.സി.ആറിനെ നേരിടാൻ ഏറ്റവും ശക്തനായ സ്ഥാനാർഥിയെത്തന്നെയാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. പ്രതാപിനെ ടി.ആർ.എസും കുറച്ചുകാണുന്നില്ല. പക്ഷേ, കെ.സി.ആറിന്റെ വികസന മാജിക്കിനുമുന്നിൽ വോട്ടുകൾ തനിയേ വരുമെന്ന് ടി.ആർ.എസ്. വിശ്വസിക്കുന്നു. വെറും വിശ്വാസത്തിന്റെപുറത്തുമാത്രമല്ല കെ.സി.ആർ. മത്സരിക്കുന്നതെന്നും പണം വെള്ളംപോലെ ഒഴുക്കുന്നുണ്ടെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഒരു ലക്ഷം വീടുകൾ തിരഞ്ഞെടുത്ത് ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ഓരോ വീട്ടിലും ടി.ആർ.എസ്. എത്തിക്കുന്നുണ്ടെന്നാണ് ആരോപണം.

ഗജ്‌വേലിൽ വോട്ടുറപ്പിക്കാൻ കെ.സി.ആറിന്റെ കൈയിൽ ഒരു കിടിലൻ തുറുപ്പുകൂടിയുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി സർക്കാർ നിർമിക്കുന്ന ഇരുനിലവീടുകൾ. 560 ചതുരശ്രഅടി വിസ്തീർണമുള്ള രണ്ട്‌ കിടപ്പുമുറിയുള്ള വീടുകളാണിത്. അഞ്ചുലക്ഷം രൂപയാണ് ഒരു വീടിന് ചെലവ്. സംസ്ഥാനത്തുടനീളം ഒമ്പതുലക്ഷം വീടുകളാണ് ലക്ഷ്യം. ഗജ്‌വേലിൽ കുറച്ചുവീടുകൾ തയ്യാറായിക്കഴിഞ്ഞു. ബാക്കിയുള്ള വീടുകൾ തിരഞ്ഞെടുപ്പിനുശേഷമെന്നാണ് കെ.സി.ആർ. പറയുന്നത്. ‘‘കെ.സി.ആർ. വീണ്ടുംവന്നില്ലെങ്കിൽ ആരാണ് ഞങ്ങൾക്ക് വീടുതരിക?’’ -കരിക്ക് വെട്ടിത്തരുന്നതിനിടയിൽ കലമ്മ ചോദിച്ച ഈ ചോദ്യത്തിൽ ഗജ്‌വേലിന്റെ മനസ്സുണ്ട്.