ഹൈദരാബാദ്: കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ റെഡ്ഢിയുടെ വീട്ടിലെത്തിയ പോലീസ് അദ്ദേഹത്തെ കസ്റ്റഡിലെടുക്കുകയായിരുന്നു. കോടാങ്ങല്‍എംഎല്‍എ കൂടിയാണ് രേവന്ത് റെഡ്ഢി. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് റെഡ്ഢിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. റെഡ്ഢി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകളോട് ചന്ദ്രശേഖര്‍ റാവുവിന്റെ റാലി ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലില്‍ വെക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

നേരത്തെ കോടാങ്ങല്‍ മണ്ഡലത്തിലെ റാലിക്ക് മുമ്പ് ജനങ്ങളോട് ചന്ദ്രശേഖര്‍ റാവു മാപ്പു പറയണമെന്ന ആവശ്യവുമായി രേവന്ത് റെഡ്ഢി രംഗത്ത് വന്നിരുന്നു. കോടാങ്ങല്‍ മേഖലയിലേക്കുള്ള ജലവിതരണം തടയുകയും സിമന്റ് ഫാക്ടറി ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയെന്നും റെഡ്ഢി ചൂണ്ടിക്കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി കോടാങ്ങല്‍ അവികസിത പ്രദേശമായി തുടരുകയാണെന്നും റെഡ്ഢി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

Content Highlights: Telangana Congress working president Revanth Reddy detained, Telangana Elections 2018