താണ്ടുർ/വികാരാബാദ്: തെലങ്കാനയിൽ തീപാറുന്ന പ്രചാരണത്തിന് ചുക്കാൻപിടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി താണ്ടുരിലും വികാരാബാദിലും മറ്റും റാലിനടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും എ ടീമും ബി ടീമും ആണെന്ന് അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി ബി.ജെ.പി.യെയും നരേന്ദ്ര മോദിയെയും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചുകൊണ്ടിരിക്കുകയാണ് കെ.സി.ആർ. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തെലങ്കാന ഭരണം നിയന്ത്രിച്ചിരുന്നത് മോദിയാണെന്നും രാഹുൽ ആരോപിച്ചു.

‘നീലു, നിധുലു, നിയമകാലു’ (വെള്ളം, പണം, തൊഴിൽ) എന്ന സ്വപ്നവുമായാണ് തെലങ്കാന സംസ്ഥാനത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്. പക്ഷേ, ആ സ്വപ്നം കഴിഞ്ഞ നാലരവർഷത്തെ കെ.സി.ആർ. ഭരണത്തിൽ വിഫലമായെന്ന്‌ രാഹുൽ പ്രസ്താവിച്ചു. കെ.സി.ആർ. എന്നാൽ, ഖാവോ കമ്മിഷൻ റാവുവാണെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാന പുനർനിർമാണം വാഗ്ദാനംചെയ്ത കെ.സി.ആർ. കുടുംബാംഗങ്ങൾക്കും കെട്ടിടനിർമാതാക്കൾക്കും ഗുണകരമായ ജലസേചന പദ്ധതികൾപോലുള്ളവ മാത്രമാണ് നടപ്പാക്കുന്നത്. എൻ.ഡി.എ.യിൽ ഇല്ലാഞ്ഞിട്ടും രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും ടി.ആർ.എസ്. എന്തിന് ബി.ജെ.പി.യെ പിന്തുണച്ചുവെന്ന്‌ രാഹുൽ ചോദിച്ചു.

കെ.സി.ആർ. ഛോട്ടാ മോദി -നായിഡു

മഹാസഖ്യത്തിന്റെ (പ്രജാകൂട്ടമി) പ്രചാരണത്തിനായി ഹൈദരാബാദ് വിടാതെ ചന്ദ്രബാബു നായിഡു. മുഷീറാബാദിൽ തിങ്കളാഴ്ച റോഡ്ഷോ നടത്തി. സിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഞ്ചാൻ കുമാർ യാദവിന്റെ പുത്രൻ അനിൽകുമാർ യാദവാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കഠിനപരിശ്രമത്തിലൂടെ ഹൈദരാബാദിനെ ഹൈടെക് നഗരമായി പടുത്തുയർത്തിയത് താനാണെന്നും ഒമ്പതുവർഷം മുഖ്യമന്ത്രിയായും പത്തുവർഷം പ്രതിപക്ഷനേതാവായും അവിഭക്ത ആന്ധ്രാപ്രദേശിൽ സേവനം നടത്തിയ തനിക്ക് ഈ നഗരം മാനസപുത്രിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

കെ. ചന്ദ്രശേഖർ റാവുവിനെ ഛോട്ടാ മോദിയെന്നാണ് നായിഡു വിശേഷിപ്പിച്ചത്. താനൊരിക്കലും തെലങ്കാനയുടെ കാര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ, അതിന്റെ വികസനത്തിനായി താൻ എന്നും നിലകൊള്ളുമെന്നും നായിഡു പ്രസ്താവിച്ചു.