ഹൈദരാബാദ്: തെലങ്കാനയിൽ ഡിസംബർ ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിറങ്ങിയ ടി.ആർ.എസ്. സ്ഥാനാർഥികൾക്കുനേരെ വ്യാപക പ്രതിഷേധം. പ്രചാരണം തുടങ്ങിയതുമുതൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് സ്ഥാനാർഥികൾക്കെതിരേ മുദ്രാവാക്യങ്ങൾ ഉയരുകയാണ്. സംസ്ഥാനത്ത് പാർട്ടി വികസനപ്രവർത്തനങ്ങളൊന്നും നടത്തിയില്ലെന്നാണ് പ്രധാന ആരോപണം.

2014-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ടി.ആർ.എസ്. എം.എൽ.എ.മാർ ആരും സ്വന്തം മണ്ഡലങ്ങൾ സന്ദർശിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഗ്രാമീണർ ആരോപിക്കുന്നു. മണ്ഡലത്തിലെ ജനങ്ങൾക്കുനൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും പരാജയപ്പെട്ടെന്ന്‌ അവർ പറഞ്ഞു.

ജൂബിലി ഹിൽസിലെ കല്യാൺ നഗറിൽ പ്രചാരണം നടത്തുന്നതിനിടെ മഗന്ദി ഗോപിനാഥ് എം.എൽ.എ.ക്കുനേരെ വലിയ പ്രതിഷേധമാണുണ്ടായത്. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ വീണ്ടും വോട്ടുചോദിക്കാൻ നിങ്ങൾക്ക്‌ ബുദ്ധിയുണ്ടോയെന്ന് പ്രതിഷേധക്കാരി അദ്ദേഹത്തോട് ചോദിച്ചു.

ശനിയാഴ്ച മേദകിൽ പ്രചാരണം നടത്തുന്നതിനിടെ പദ്മ ദേവേന്ദർ റെഡ്ഡിക്കും ഇത്തരത്തിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കാത്തതിന്റെ പേരിലായിരുന്നു ഇത്. കഴിഞ്ഞയാഴ്ച രാജേന്ദർ റെഡ്ഡി, താതി വെങ്കടേശ്വർലു എന്നിവർക്കുനേരെയും പ്രതിഷേധം അരങ്ങേറി.