ഹൈദരാബാദ്: കോൺഗ്രസ് നയിക്കുന്ന മഹാകൂട്ടായ്‌മയുടെ (മഹാസഖ്യം) സ്ഥാനാർഥിപ്പട്ടിക തയ്യാറായി. ശനിയാഴ്ച അന്തിമപട്ടിക പ്രഖ്യാപിക്കും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാന- കേന്ദ്ര നേതാക്കൾ ടി.ജെ.എസ്. ചെയർമാൻ കോദണ്ഡരാമുവുമായി ചർച്ച നടത്തിയാണ് സീറ്റുകൾക്കും സ്ഥാനാർഥിലിസ്റ്റിനും അന്തിമരൂപം നൽകിയത്. നവംബർ 27-ന് വാറങ്കലിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ യു.പി.എ. ചെയർപേഴ്സൺ സോണിയാഗാന്ധി പ്രസംഗിക്കും

വാറങ്കലിലെ ജൻഗാവോൺ സീറ്റ് മുൻ മന്ത്രിയും ടി.പി.സി.സി. പ്രസിഡന്റുമായ പൊന്നാല ലക്ഷ്മയ്യയ്ക്കുവേണ്ടി വിട്ടുകൊടുത്തു. ഹൈദരാബാദിലെ സനത് നഗർ സീറ്റിൽ മുൻ മന്ത്രി ശശിധർ റെഡ്ഡിയും മത്സരിക്കും. ഡൽഹി ചർച്ചകൾ പൂർത്തിയാക്കി സംസ്ഥാനകോൺഗ്രസ് നേതാക്കൾ ഹൈദരാബാദിൽ തിരിച്ചെത്തി.

കോൺഗ്രസ് നേതാവ് രാജിവെച്ചു

സംസ്ഥാന മുൻ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനും ടി.പി.സി.സി. ഉപാധ്യക്ഷനുമായ അബിദ് റസൂൽ ഖാൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു. ടി.ആർ.എസിൽ ചേരാനാണ് അദ്ദേഹത്തിന്റെ പരിപാടി. മുസ്‌ലിങ്ങൾക്ക് വേണ്ടത്ര സീറ്റുനൽകിയില്ല എന്നാരോപിച്ചാണ് രാജി.

ടി.ആർ.എസ്. എം.എൽ.സി.യായ കെ. യാദവ് റെഡ്ഡിയും മുൻ എം.എൽ.സി. ജഗദീഷ് റെഡ്ഡിയും പാർട്ടിവിട്ട് കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ ചൊപ്പഗോണ്ടി ടി.ആർ.എസ്. സിറ്റിങ്‌ എം.എൽ.എ.യായ ബോഡിഗേ ശോഭ പാർട്ടിയിൽനിന്ന് രാജിവെച്ച്‌ ബി.ജെ.പി.യിൽ ചേർന്നു.

കോൺഗ്രസ്-ടി.ഡി.പി. നയിക്കുന്ന മഹാസഖ്യം സ്ഥാനാർഥികൾക്കായി ടി.ഡി.പി. നേതാവും എൻ.ടി.ആറിന്റെ പുത്രനും നടനുമായ ബാലകൃഷ്ണ പ്രചാരണം നടത്തും.