വാറങ്കൽ: ‘സബ് ചോർ ഹെ’ (എല്ലാവരും കള്ളന്മാരാണ്); തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് റിയാസ് നൽകിയ മറുപടിയിതായിരുന്നു. ഡിസംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ പ്രധാന നഗരങ്ങളിലൊന്നായ വാറങ്കലിലെ ഹോട്ടൽതൊഴിലാളിയാണ് റിയാസ്. വലിയ വാഗ്ദാനങ്ങൾ നൽകി ഭരണത്തിൽവന്ന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെക്കൊണ്ട് പാവങ്ങൾക്ക് ഗുണമൊന്നും ഉണ്ടായില്ലെന്ന പക്ഷക്കാരനാണ് റിയാസ്.

“ പുതിയ സംസ്ഥാനം വരുന്നതോടെ വലിയ നേട്ടങ്ങളുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, എന്ത് കാര്യം? പുറമേനിന്ന് ആളുകൾ വരുന്നതൊക്കെ കുറഞ്ഞു. കച്ചവടം മോശമായെന്നാണ് മുതലാളിമാർ പറയുന്നത്. ഞങ്ങൾക്ക് പണിയും കുറഞ്ഞു” -റിയാസിന്റെ കൂട്ടുകാരൻ കൂലിപ്പണിക്കാരനായ ഗുണയുടെ പരാതി.

കാലാവധി കഴിയുംമുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനും താത്‌കാലിക മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്റെ തീരുമാനം രാഷ്ട്രീയവങ്കത്തരമാവുമെന്ന് ആശങ്ക ഉയർന്നുകഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയാൽ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാവുമെന്ന ആശങ്കയും താൻ നടപ്പാക്കിയ ജനപ്രിയപദ്ധതികളുടെ പിൻബലത്തിൽ ജയിച്ചുകയറാമെന്ന ആത്മവിശ്വാസവുമായിരുന്നു കെ.സി.ആർ. എന്ന് അണികൾ വിളിക്കുന്ന റാവുവിനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത്.

പക്ഷേ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബുനായിഡു തന്റെ ആജന്മവൈരികളായിരുന്ന കോൺഗ്രസുമായി സഖ്യം (കുടാമി) ഉണ്ടാക്കിയതാണ് കെ.സി.ആറിന്റെ സ്വപ്നങ്ങൾക്ക് ഭീഷണിയായത്.

തെലങ്കാനരാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്നതാണ് സഖ്യം

2014-ൽ തെലങ്കാന രൂപംകൊണ്ടശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 119 നിയമസഭാ മണ്ഡലങ്ങളിൽ 63 എണ്ണം ജയിച്ച് കേവല ഭൂരിപക്ഷം നേടിയിരുന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ തെലങ്കാന രാഷ്ട്രസമിതിക്ക് കഴിഞ്ഞിരുന്നില്ല. കെ. ചന്ദ്രശേഖരറാവുവിന്റെ ജനപ്രീതി ഏറ്റവും ഉന്നതിയിൽ നിന്ന ആസമയത്തുപോലും പോൾ ചെയ്ത വോട്ടിന്റെ 34 ശതമാനമാണ് പാർട്ടി നേടിയിരുന്നത്. 25 ശതമാനും വോട്ടുനേടിയ കോൺഗ്രസ് 21 സീറ്റും തെലുഗുദേശം പാർട്ടി 14.5 ശതമാനം വോട്ടും 15 സീറ്റും നേടി. പിന്നീട് തെലുഗുദേശത്തിൽനിന്ന് 13-ഉം കോൺഗ്രസിൽനിന്ന് ഏഴും എം.എൽ.എ.മാരെ അടത്തിയെടുത്താണ് റാവു സുഗമമായി ഭരണം മുന്നോട്ടുകൊണ്ടുപോയത്.

ഒരു ശതമാനത്തോളം വോട്ടുള്ള സി.പി.ഐ.യും തെലങ്കാന സംസ്ഥാനത്തിനുവേണ്ടി റാവുവിനൊപ്പം പ്രക്ഷോഭം നയിച്ച കോദണ്ഡറാമിന്റെ നേതൃത്വത്തിലുള്ള തെലങ്കാന ജനസമിതിയും കോൺഗ്രസ് നയിക്കുന്ന ‘കുടാമി’യിലുണ്ട്. കണക്കുകൾ കോൺഗ്രസ് മുന്നണിക്ക് അനുകൂലമെന്നർഥം.

എന്നാൽ, കെ.സി.ആറിന് പ്രതിയോഗിയായി ഒരു മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വോട്ടെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ മുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയാക്കിയിട്ടില്ലെന്നതും വിമതഭീഷണിയും കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു. വിമതശല്യം മൂലം ആദ്യഘട്ടം സ്ഥാനാർഥിപ്പട്ടികപോലും പുറത്തിറക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ടി.ആർ.എസ്. ആകെയുള്ള 119 മണ്ഡലങ്ങളിൽ 107-ലെയും സ്ഥാാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പി. 66 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി.ക്ക് കാര്യമായ

നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല.

സർക്കാരിന്റെ ജനപ്രിയപദ്ധതികൾ മിക്കതും ശരിയായ ഗുണഭോക്താക്കളിൽ എത്തിയില്ലെന്നതും വസ്തുതയാണ്. കർഷകന് ഏക്കർ ഒന്നിന് എണ്ണായിരം രൂപയുടെ സഹായധനം നൽകുന്ന റൈതുബന്ധു പദ്ധതിയായിരുന്നു ഇതിൽ മുഖ്യം. പക്ഷേ, സംസ്ഥാനത്തെ നല്ലൊരു പങ്ക് കർഷകർക്കും ഈ തുക ഇതുവരെ ലഭിച്ചിട്ടില്ല. മഴകുറവായതുകാരണം പലയിടത്തും നെൽക്കൃഷി നശിച്ചു. കർഷകർ ദുരിതത്തിലാണ്. വാറങ്കലിൽനിന്ന് അറുപതുകിലോമീറ്ററോളം അകലെയുള്ള പാലംപേട്ടിലെ പാടങ്ങളിൽ വെച്ചുകണ്ട കർഷകരും തൊഴിലാളികളും നിരാശ മാത്രമാണ് പങ്കുവെച്ചത്. “ആര് ഭരണത്തിൽ വന്നാലും ഞങ്ങൾക്ക് കാര്യമില്ല. മഴയില്ലാതെ കൃഷി നശിക്കുമ്പോൾ സഹായിക്കാൻ രാഷ്ട്രീയക്കാർ ആരെയും ഇതുവഴി കണ്ടില്ല. പലിശയ്ക്ക് കടം വാങ്ങിയാണ് കൃഷി നടത്തുന്നത്. നെല്ല് വിറ്റുകിട്ടുന്ന പണം കടം വീട്ടാൻ തികയില്ല”.

സംസ്ഥാനത്തെ 13 ശതമാനത്തോളം വരുന്ന മുസ്‌ലിം ജനവിഭാഗത്തിന്റെ പിന്തുണ കോൺഗ്രസിനാവുമെന്ന ആശങ്കയും ടി.ആർ.എസിനുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യോട് കെ.സി.ആർ. പുലർത്തുന്ന മൃദുസമീപനം ന്യൂനപക്ഷവോട്ടുകൾ ചോർത്തിയേക്കും എന്നാണ് വിലയിരുത്തൽ.