തെലങ്കാനയിൽ നിയമസഭാതിരഞ്ഞെടുപ്പിനുള്ള ഔദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിച്ചു. ഡിസംബർ ഏഴിന് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് നവംബർ 19 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം, നവംബർ 22 പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. എക്സിറ്റ്പോൾ ഫലപ്രസിദ്ധീകരണം ഡിസംബർ ഏഴിന് വൈകീട്ട് 5.30 വരെ വിലക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ നാമനിർദേശ പത്രികാസമർപ്പണം ആരംഭിച്ചു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മൺ ഹൈദരാബാദിലെ മുഷീറാബാദ് നിയോജക മണ്ഡലത്തിൽ പത്രിക നൽകി. മറ്റൊരു ബി.ജെ.പി. സ്ഥാനാർഥി രാജാസിങ്‌ നഗരത്തിലെ ഗോഷമഹൽ മണ്ഡലത്തിൽനിന്നും ഘോഷയാത്രയായിച്ചെന്ന് പത്രിക സമർപ്പിച്ചു.

ടി.ആർ.എസിലെ പേര് പ്രഖ്യാപിച്ച 107 സ്ഥാനാർഥികൾക്കും മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു നേരിട്ട് ബി. ഫോം നൽകി. ഇവരെല്ലാം ചൊവ്വാഴ്ച മുതൽ പത്രിക സമർപ്പിച്ചു തുടങ്ങും.

എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ദുരവസ്ഥ തുടരുകയാണ്. ആകെയുള്ള 119 സീറ്റുകളിൽ 25 എണ്ണമേ സഖ്യകക്ഷികൾക്ക് നൽകൂ എന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്. ടി.ഡി.പി.-14, ടി.ജെ.എസ്.-8, സി.പി.ഐ.-3 എന്നിങ്ങനെയാണ് സഖ്യകക്ഷികൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. പക്ഷെ 10 സീറ്റ് ടി.ജെ.എസും അഞ്ച് സീറ്റ് സി.പി.ഐ.യും ആവശ്യപ്പെടുന്നു. മത്സരിക്കേണ്ട സീറ്റുകളുടെ പേരിലും തർക്കം തുടരുന്നുണ്ട്. ചില്ലറ വിട്ടുവീഴ്ചയൊക്കെ ആകാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പി.സി.സി. നേതാക്കളെ ഉപദേശിച്ചതായി അറിയുന്നു.

തെലങ്കാന സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഭക്തചരൺദാസും ടി.പി.സി.സി. പ്രസിഡന്റ് ഉത്തംകുമാറുമുൾപ്പെടെയുള്ള നേതാക്കൾ തിങ്കളാഴ്ച ഡൽഹിയിലെത്തി രാഹുലിനെക്കണ്ട് ചർച്ച നടത്തി. സഖ്യത്തിലെ സീറ്റ് വിഭജനവും 74 കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്നറിയുന്നു.

ഇതിനിടെ ഹൈദരാബാദിലെ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനിലും ഡൽഹിയിൽ എ.ഐ.സി.സി. ഓഫീസിലും സീറ്റിനായി കോൺഗ്രസ് നേതാക്കൾ തിരക്കുകൂട്ടുകയാണ്. ഗാന്ധിഭവനിൽ സംഘർഷം നിയന്ത്രിക്കാൻ പോലീസിനെക്കൂടാതെ പാർട്ടി സ്വന്തമായി സുരക്ഷാഭടന്മാരെക്കൂടി നിയോഗിച്ചു. നേതാക്കളിൽ ചിലർ പാർട്ടി ടിക്കറ്റിനായി അനുയായികൾക്കൊപ്പം എത്തി മുദ്രാവാക്യം മുഴക്കി ധർണ നടത്തി.

മഹാസഖ്യത്തിൽ ടി.ഡി.പി.ക്ക് നൽകിയ വാറങ്കൽ വെസ്റ്റ് സീറ്റ് എന്തു വന്നാലും കോൺഗ്രസിനുതന്നെ വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകരിൽ ചിലർ ഡി.സി.സി. ഓഫീസിനുള്ളിൽ സ്വയം പൂട്ടിയിട്ടു. ഡി.സി.സി. പ്രസിഡന്റ് നായനി രാജേന്ദർ റെഡ്ഡിക്കു ഈ സീറ്റ് നൽകണം എന്നാണ് ഇവരുടെ ആവശ്യം.

വിപ്ലവകവിയും നാടോടിഗായകനുമായ ഗദ്ദർ ഗജ്‌വേലിൽനിന്നും മുഖ്യമന്ത്രി കെ.സി.ആറിനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രസ്താവിച്ചു. മഹാസഖ്യവും കോൺഗ്രസും പിൻതുണച്ചില്ലെങ്കിലും താൻ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.