തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആഴ്ചകളായിട്ടും കോൺഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന് സീറ്റ് വിഭജനക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.

ചർച്ചകൾ പലകുറി നടത്തിയെങ്കിലും ഘടകകക്ഷികൾ ആരും തൃപ്തരല്ല. മൊത്തം 119 സീറ്റുകളിൽ കോൺഗ്രസ് 95-ൽ മത്സരിക്കുമെന്ന് ആദ്യമേ പ്രസ്താവിച്ചത് മറ്റ് പാർട്ടികളിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 24 സീറ്റിൽ 14 എണ്ണം ടി.ഡി.പി.ക്കാണ്. എന്നാൽ കുറഞ്ഞത് 16 സീറ്റെങ്കിലും വേണമെന്ന് അവർ ആവശ്യപ്പെടുന്നു. ഏഴ് സീറ്റാണ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും സംഘടനകളുടെ പിന്തുണയുള്ള കോദണ്ഡ രാം നയിക്കുന്ന ടി.ജെ.എസ്. പാർട്ടിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. 13 സീറ്റെങ്കിലും വേണമെന്നാണ് അവരുടെ ആവശ്യം. മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുള്ള സി.പി.ഐ. കുറഞ്ഞത് അഞ്ച് സീറ്റ് ആവശ്യപ്പെടുന്നു.

ടി.ജെ.എസ്. നേതാവ് കോദണ്ഡ രാം തുറന്ന പ്രസ്താവനയുമായി രംഗത്തെത്തി. എന്നാൽ മഹാസഖ്യം പിളരില്ലെന്നും ഒന്നിച്ചുതന്നെ ടി.ആർ.എസ്സിനെതിരേ അണിനിരക്കുമെന്നും സഖ്യത്തിന്റെ കൺവീനർ കൂടിയായ അദ്ദേഹം പറഞ്ഞു.

അഞ്ച് സീറ്റിൽ കുറഞ്ഞ്‌ സമ്മതിക്കുന്ന പ്രശ്നമില്ലെന്നും കുറവാണെങ്കിൽ മഹാസഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമെന്നും ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ. നേതൃസമ്മേളനം തീരുമാനിച്ചു. വയറ, കൊത്തഗുഡം, ബെല്ലംപള്ളി, ഹുസ്നാബാദ്, മഞ്ചേരിയൽ എന്നീ സീറ്റുകളാണ് അവർ ആവശ്യപ്പെടുന്നത്.

സീറ്റ് വിഭജന ചർച്ച അനന്തമായി നീണ്ടുപോകുന്നതിൽ ടി.ജെ.എസ്സും സി.പി.ഐ.യും ആശങ്ക അറിയിച്ചു. ഒരു മാസമായി നടക്കുന്ന ചർച്ച ഇതുവരെ തീരുമാനമാകാതെ നീളുകയാണ്. ഇത് മഹാസഖ്യത്തിലെ പാർട്ടികൾക്ക് ദോഷം ചെയ്യും. എതിരാളിയായ ടി.ആർ.എസ്സിന് കരുത്തുപകരുകയും ചെയ്യും.

അതിനിടെ ടി.ആർ.എസ്സിന് പൂർണപിന്തുണ നൽകുന്നതായി മജ്‌ലിസ് പാർട്ടി പ്രസിഡന്റും എം.പി.യുമായ അസദുദ്ദിൻ ഒവൈസി പ്രഖ്യാപിച്ചു. കഴിഞ്ഞ നാലര വർഷത്തെ ടി.ആർ.എസ്. ഭരണത്തിനുകീഴിൽ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ജീവിതം മെച്ചപ്പെട്ടതിനാലാണ് ഈ തീരുമാനം. മതേതരത്വ പാർട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന കോൺഗ്രസ്, ആർ.എസ്.എസ്. നാണയത്തിന്റെ മറുവശം മാത്രമാണ്. ഇവർതമ്മിൽ വ്യത്യാസമില്ല. രാഹുൽ ഗാന്ധിയെ ന്യൂനപക്ഷക്കാർ പിന്തുണയ്ക്കില്ലെന്നും ഒവൈസി പറഞ്ഞു.

ഇതിനിടെ ഉസ്മാനിയ സർവകലാശാലയിലെ കുറെ ദളിത് വിദ്യാർഥികൾ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മത്സരിക്കുന്ന ഗജ്‌വേൽ നിയോജകമണ്ഡലത്തിലെത്തി ഇദ്ദേഹത്തിനെതിരേ പ്രചാരണം തുടങ്ങി. തെലങ്കാന രക്തസാക്ഷികളുടെ കുടുംബങ്ങളെ അവഗണിച്ച കെ.സി.ആറിനെ പരാജയപ്പെടുത്താതെ തങ്ങൾ വിശ്രമിക്കില്ലെന്നാണ് അവർ പറയുന്നത്.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനവും പാർട്ടി സ്ഥാനാർഥികളുടെ ആദ്യപട്ടികയും പുറത്തുവരുമെന്നാണ് കരുതുന്നത്. പ്രചാരണത്തിന് മഹാസഖ്യം പാർട്ടികൾക്ക് ഇനി സമയം വളരെ പരിമിതമാണ്. ടി.ആർ.എസ്. ആകട്ടെ ഇവരെ എത്രയോ പിന്നിലാക്കി മുന്നേറിക്കഴിഞ്ഞു.