ഴിഞ്ഞദിവസം ഹൈദരാബാദിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും തെലുഗുദേശം പാർട്ടി (ടി.ഡി.പി.) നേതാവ് ചന്ദ്രബാബു നായിഡുവും തോളോടുതോൾചേർന്നു നിൽക്കുന്നതു കണ്ടപ്പോൾ ടി. അഞ്ജയ്യയെ ഓർക്കാതിരിക്കാനായില്ല. 36 കൊല്ലംമുമ്പ് ഇതേ ഹൈദരാബാദിൽ വെച്ചാണ് അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി ടി. അഞ്ജയ്യയെ രാഹുൽഗാന്ധിയുടെ പിതാവ് രാജീവ്ഗാന്ധി അവഹേളിച്ചത്. സ്വകാര്യസന്ദർശനത്തിയ രാജീവ്ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തിനുമുന്നിൽ തന്നെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായി. മുഖ്യമന്ത്രി അഞ്ജയ്യയ്ക്കാണെങ്കിൽ രാജീവിന്റെ ക്ഷോഭത്തിന്റെ പൊരുളൊട്ട് പിടികിട്ടിയതുമില്ല. ആ നിമിഷമാണ് രാജീവ് അഞ്ജയ്യയെ പരസ്യമായി ശാസിച്ചത്. 

അധികം താമസിയാതെ ഇന്ദിരാഗാന്ധി അഞ്ജയ്യയെ മുഖ്യമന്ത്രിക്കസേരയിൽ നിന്നു പുറത്താക്കി. അഞ്ജയ്യയുടെ ആത്മാഭിമാനത്തിനേറ്റ മുറിവ് തെലുങ്ക് ജനതയുടെ  മുറിവായി. തെലുങ്കരുടെ ആത്മഗൗരവം ഉണർത്തി എൻ.ടി. രാമറാവു കോൺഗ്രസിനെതിരേ പടപ്പുറപ്പാട് നടത്താൻ അധികം താമസിച്ചില്ല. തൊട്ടടുത്തവർഷം 1983-ൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ രാമറാവുവിന്റെ ടി.ഡി.പി. ആന്ധ്ര തൂത്തുവാരി. അതിനുമടുത്ത വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ വധമുയർത്തിവിട്ട സഹതാപതരംഗത്തിനു മുന്നിൽപോലും ആന്ധ്ര ടി.ഡി.പി.യുടെ കൂടെ ഉറച്ചുനിന്നു.

 വിഭജനത്തിന്റെ ബാക്കിപത്രം
ജീവിതംപോലെ രാഷ്ട്രീയവും സദാ ചില വിസ്മയങ്ങൾ കാത്തുവെക്കുന്നു. അത്തരമൊരു വിസ്മയത്തിനാണ് ഈ ദിവസങ്ങളിൽ തെലങ്കാന സാക്ഷ്യംവഹിക്കുന്നത്. മൂന്നരപ്പതിറ്റാണ്ടിന്റെ വൈരത്തിനും സംഘർഷത്തിനും ശേഷം ടി.ഡി.പി.യും കോൺഗ്രസും കൈകോർക്കുമ്പോൾ രാഷ്ട്രീയം സാധ്യതകളുടെ കല തന്നെയാണെന്ന് തലകുലുക്കി സമ്മതിക്കേണ്ടിവരുന്നു. ഒരർഥത്തിൽ കോൺഗ്രസിനും ടി.ഡി.പി.ക്കും മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ആന്ധ്രയുടെ വിഭജനം കോൺഗ്രസിന് നൽകിയത് വലിയൊരു ഷോക്ക് ട്രീറ്റ്മെന്റാണ്. ആന്ധ്രയിൽ കോൺഗ്രസുകാർ ഒന്നടങ്കം ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസിൽ അണിനിരന്നതോടെ ദേശീയ പാർട്ടിക്ക് ചരിത്രത്തിലാദ്യമായി നിയമസഭയിലും ലോക്‌സഭയിലും ഒരു സീറ്റ് പോലും ലഭിക്കാതെപോയി. തെലങ്കാനയിലാണെങ്കിൽ കൂടെയുണ്ടാവുമെന്ന് കരുതിയ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) കോൺഗ്രസിനെ നിർദാക്ഷിണ്യം വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇന്നിപ്പോൾ ആന്ധ്രയിൽ ജഗനെ തളയ്ക്കാൻ ചന്ദ്രബാബു നായിഡുവിന് കോൺഗ്രസിന്റെ സഹായം വേണം. തെലങ്കാനയിൽ ടി.ആർ.എസിനെ പുറത്താക്കാൻ കോൺഗ്രസിന് ടി.ഡി.പി.യുടെ പിന്തുണയും വേണം. സമയവുംകാലവും ഒത്തുവന്നപ്പോൾ ആത്മഗൗരവം പഴങ്കഥയായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ 119 അംഗ നിയമസഭയിൽ  ടി.ആർ.എസിന് 63 സീറ്റുകളും 34.3 ശതമാനം വോട്ടുമാണ് കിട്ടിയത്. കോൺഗ്രസിന് 21 സീറ്റുകളും 25.2 ശതമാനം വോട്ടും കിട്ടി. തെലുഗുദേശത്തിന് 15 സീറ്റുകളും 14.7 ശതമാനം വോട്ടും കിട്ടി. ബി.ജെ.പി.ക്ക് കിട്ടിയത് അഞ്ച് സീറ്റുകളും 7.1 ശതമാനം വോട്ടുമാണ്. കണക്കനുസരിച്ച് തെലുഗുദേശവും കോൺഗ്രസും ഒന്നിക്കുമ്പോൾ ടി.ആർ.എസ്. വെള്ളം കുടിക്കണം. പക്ഷേ, കാര്യങ്ങളുടെ കിടപ്പ് അത്ര സുഗമമല്ലെന്ന് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തെലുഗ്‌രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. കിഷോർ പറയുന്നു. ‘‘രാഹുലിനും നായിഡുവിനും കൈകോർക്കാൻ എളുപ്പമായിരിക്കാം. പക്ഷേ, അടിത്തട്ടിൽ ഇരുപാർട്ടികളുടെയും പ്രവർത്തകർക്ക് അതത്ര എളുപ്പമാവില്ല. ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ ഇരുപക്ഷത്തും കൊല്ലപ്പെട്ടിട്ടുണ്ട്. കോൺഗ്രസുമായി നിരന്തരം ഏറ്റുമുട്ടിയാണ് ടി.ഡി.പി. ആന്ധ്രയിൽ വളർന്നത്. ആന്ധ്ര വിഭജിച്ച് തെലങ്കാന സൃഷ്ടിച്ചത് ആന്ധ്രക്കാർക്ക് ഇനിയും പൊറുക്കാനായിട്ടില്ല. സോണിയാഗാന്ധിയാണ് അവരുടെ ദൃഷ്ടിയിൽ വിഭജനകഥയിൽ വില്ലൻ സ്ഥാനത്തുള്ളത്.’’

തെലങ്കാനയിലെ പല ജില്ലകളിലും ആന്ധ്രയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഹൈദരാബാദ്, നിസാമബാദ്, നൽഗൊണ്ട, മെഹബൂബ്‌നഗർ, ഖമ്മം ജില്ലകളിൽ തിരഞ്ഞെടുപ്പുഫലം നിർണയിക്കാൻ ഈ കുടിയേറ്റക്കാർക്കാവും എന്നാണ് കണക്കുകൂട്ടൽ. സഖ്യം സാക്ഷാത്കരിക്കുന്നതിന് കഴിഞ്ഞതവണ ജയിച്ച സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസിന് വിട്ടുകൊടുക്കാനും നായിഡു തയ്യാറായി. 13 സീറ്റുകളിലാണ് തെലുഗുദേശം ഇക്കുറി തെലങ്കാനയിൽ മത്സരിക്കുന്നത്. 

 നായിഡുവിന്റെ അഭിമാനപ്രശ്നം


തെലങ്കാന പിടിക്കാനുള്ള പോരാട്ടം തന്റെ അഭിമാനപ്രശ്നമായാണ് നായിഡു കാണുന്നത്. അതുകൊണ്ടുതന്നെ ഹൈദരാബാദിലും ദക്ഷിണ ജില്ലകളിലും ദിവസങ്ങളോളം നായിഡുവിന്റെ റോഡ്‌ഷോയുണ്ടായിരുന്നു. ഹൈദരാബാദിനെ ഇന്നത്തെ ഹൈദരാബാദാക്കിയത് താനാണെന്ന് നായിഡു ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്നു. നായിഡുവിന്റെ വിമർശനങ്ങൾ ചന്ദ്രശേഖർ റാവുവിനെയും മകൻ കെ.ടി. രാമറാവുവിനെയും അലോസരപ്പെടുത്തുന്നുണ്ട്. നായിഡു ഉറുമ്പിൻകൂട്ടിലാണ് കൈയിടുന്നതെന്നും അതിന്റെ ഫലം അനുഭവിക്കുമെന്നുമാണ് രാമറാവു തിരിച്ചടിച്ചത്. ഹൈദരാബാദിൽ എല്ലായിടത്തുനിന്നുള്ളവരുമുണ്ടെന്നും അവിടെയുള്ളവരെ ആന്ധ്രക്കാരും തെലങ്കാനക്കാരുമായി വിഭജിക്കാനുള്ള നായിഡുവിന്റെ നീക്കം വിലപ്പോവില്ലെന്നും കെ.സി.ആറും പറയുന്നു. 

തെലങ്കാനയിലെ പോർക്കളത്തിൽ ടി.ആർ.എസിന്റെ മുഖ്യ എതിരാളി കോൺഗ്രസാണ്. കോൺഗ്രസ് സഖ്യത്തിൽ ഉയർന്നുനിൽക്കുന്ന മുഖമാകട്ടെ ചന്ദ്രബാബു നായിഡുവിന്റേതും. പോരാട്ടം താനും കെ.സി.ആറും തമ്മിലാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ നായിഡു വിജയിച്ചിട്ടുണ്ട്. 

ഹൈദരാബാദിനടുത്ത് കുക്കട്പള്ളിയിൽ നായിഡു സ്ഥാനാർഥിയാക്കിയിരിക്കുന്നത് എൻ.ടി.ആറിന്റെ മകൻ ഹരികൃഷ്ണയുടെ മകൾ സുഹാസിനിയെയാണ്. ആന്ധ്രവംശജർക്ക് വ്യക്തമായ മുന്നേറ്റമുള്ള മണ്ഡലമാണ് കുക്കട്പള്ളി. കഴിഞ്ഞതവണ ഇവിടെ തെലുഗുദേശത്തിന്റെ സ്ഥാനാർഥിയായി വിജയിച്ച മാധവാരം കൃഷ്ണറാവുവാണ് ടി. ആർ.എസ്. ടിക്കറ്റിൽ ഇത്തവണ സുഹാസിനിയെ നേരിടുന്നത്.
 തെലങ്കാനയിലെ മണ്ണിൽ എൻ.ടി. രാമറാവുവിന്റെ പേരക്കിടാവിനെ സ്ഥാനാർഥിയാക്കിക്കൊണ്ടുള്ള ചന്ദ്രബാബു നായിഡുവിന്റെ കളി രാഷ്ട്രീയനിരീക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്. എൻ.ടി.ആറിന്റെ മകനും ചലച്ചിത്രനടനുമായ ബാലകൃഷ്ണ  സഹോദരന്റെ മകൾക്ക് വോട്ടുപിടിക്കാൻ കുക്കട്പള്ളിയിലെത്തിയിരുന്നു. കുക്കട്പള്ളിയിലെ കെ.പി.ബി.എച്ച്. കവലയിൽ കോൺഗ്രസ് കൊടികൾക്കിടയിൽ നിന്നുകൊണ്ട് ബാലകൃഷ്ണ തെലുങ്കരുടെ ആത്മഗൗരവം ഓർത്തെടുത്തപ്പോൾ എൻ.ടി.ആറും അഞ്ജയ്യയും അവരുടെ ശവകുടീരങ്ങളിൽ ഞെളിപിരികൊണ്ടിരിക്കണം.

Content Highlight: Telangana election 2018 special