ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്നുസംസ്ഥാനങ്ങളില്‍ വിജയിച്ച് സര്‍ക്കാരുണ്ടാക്കാൻ കോൺഗ്രസിനായെങ്കിലും വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ചെറുക്കാൻ പ്രാദേശികപാര്‍ട്ടികളുടെ പങ്ക് നിര്‍ണായകമാവും. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസും ബി.ജെ.പി.യും നേർക്കുനേരെയായിരുന്നു മത്സരം.
ഈ മൂന്നുസംസ്ഥാനങ്ങളിലും ബി.ജെ.പി.യുടെ വോട്ടിങ് ശതമാനം ഇടിഞ്ഞു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 55 ശതമാനം വോട്ടുനേടിയ ബി.ജെ.പി.ക്ക് ഈ തിരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ടേയുള്ളൂ. രാജസ്ഥാനിലെ 50.90 ശതമാനം വോട്ടുകള്‍ 38.80 ശതമാനമായും ഛത്തീസ്ഗഢിലെ 48.70 ശതമാനം വോട്ടുകള്‍ 33 ശതമാനമായും ഇടിഞ്ഞു.
ഈ ഇടിവ് പ്രയോജനപ്പെടുത്താന്‍ കോണ്ഗ്രസിനുകഴിയണമെങ്കില് പൊതുതിരഞ്ഞെടുപ്പില്‍ ചില വിട്ടുവീഴ്ചകൾ വേണ്ടിവരും. മൂന്നുസംസ്ഥാനങ്ങളിലും മത്സരിച്ച ബി.എസ്.പി. മധ്യപ്രദേശില്‍ 4.9 ശതമാനവും രാജസ്ഥാനില്‍ നാലുശതമാനവും ഛത്തീസ്ഗഢില്‍ 3.8 ശതമാനവും വോട്ടുനേടി. മൂന്നിടത്തുമായി 15 സീറ്റുകളും സ്വന്തമാക്കി.
80 ലോക്സഭാ സീറ്റുള്ള യു.പി.യില്‍ 2014-ല്‍ 73ലും വിജയിച്ച എന്‍.ഡി.എ.യെ തളയ്ക്കാന്‍ ഒന്നിച്ചുനില്‍ക്കാനാണ് നിലവില്‍ ബി.എസ്.പി.-എസ്.പി. ധാരണ. ഇതില്‍ കോണ്‍ഗ്രസിനെ കൂട്ടിയിട്ടില്ല. എങ്കിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും കോൺഗ്രസിനെ സഹായിക്കാമെന്ന വാഗ്ദാനമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ 65 ലോക്സഭാസീറ്റുകളില്‍ ബി.ജെ.പി.യുടെ മുന്‍തൂക്കം നിയമസഭാതിരഞ്ഞെടുപ്പിൽ 24 സീറ്റുകളിലൊതുങ്ങിയെങ്കിലും ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രതിപക്ഷവോട്ട് ഭിന്നിച്ചാല്‍ അവര്‍ക്ക് ഗുണമാവും. ഇതൊഴിവാക്കണമെങ്കിൽ, യു.പി.യിലെ സഹായം മൂന്നുസംസ്ഥാനങ്ങളിലും ബി.എസ്.പി.ക്ക് തിരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവും.
ജെ.ഡി.യു. പിരിഞ്ഞുപോയെങ്കിലും ബിഹാറിലെ മഹാസഖ്യം ഇപ്പോഴുമുണ്ട്. സഖ്യത്തിൽ കോണ്‍ഗ്രസ് ഉണ്ടെങ്കിലും ആര്.ജെ.ഡി.ക്കാണ് നായകസ്ഥാനം. പിന്നാക്കവിഭാഗത്തിന്റെ പിന്തുണയുള്ള ആര്.എല്‍.എസ്.പി., എന്‍.ഡി.എ വിട്ടുവന്നതും മഹാസഖ്യത്തെ സഹായിക്കും.
2014-ല്‍ ബംഗാളിലെ 42 ലോക്സഭാസീറ്റുകളില്‍ 34 എണ്ണവും നേടിയ തൃണമൂൽ കോൺഗ്രസിനെ പ്രതിപക്ഷത്തിന് മാറ്റിനിര്‍ത്താനാവില്ല. ഏഴു ലോക്സഭാമണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ എ.എ.പി.യാണ് നിര്‍ണായകശക്തി. കോണ്‍ഗ്രസിനോട് മമത കുറവാണെങ്കിലും തിങ്കളാഴ്ച ചേര്‍ന്ന പ്രതിപക്ഷപാര്‍ട്ടി സംഗമത്തിലെ അവരുടെ പങ്കാളിത്തം ബി.ജെ.പി. വിരുദ്ധചേരി ശക്തമാവുന്നതിന്റെ സൂചനയാണ്. നാല് ലോക്സഭാസീറ്റുള്ള എൻ.സി.പി.യാകട്ടെ മഹാരാഷ്ട്രയില്‍ ശക്തരാണ്.
പ്രത്യേകപാക്കേജിന്റെ പേരില്‍ എന്‍.ഡി.എ. വിട്ട ടി.ഡി.പി. പ്രതിപക്ഷത്ത് ശക്തമായുണ്ട്. നിയമസഭയില്‍ 98 സീറ്റുമായി പ്രതിപക്ഷത്തുള്ള ഡി.എം.കെ.യാണ് തമിഴ്നാട്ടില്‍ ബി.ജെ.പി.വിരുദ്ധചേരിയുടെ ശക്തി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി നിലവിലെ സഖ്യം തുടരുമെന്ന് ജനതാദള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡിഷയിലെ ഭരണകക്ഷിയും ലോക്സഭയില്‍ 20 അംഗങ്ങളുമുള്ള ബിജു ജനതാദള്‍ ഇതുവരെ ഒരുപക്ഷത്തും ചേർന്നിട്ടില്ല. തെലങ്കാനയില്‍ ആധിപത്യമുള്ള ടി.ആര്.എസും 2019-ല്‍ നിര്‍ണായകശക്തിയാവും.
ത്രിപുരയില്‍ തകര്‍ന്നടിഞ്ഞെങ്കിലും രാജസ്ഥാനില്‍ രണ്ടുസീറ്റ് ലഭിച്ച ആത്മവിശ്വാസത്തിലാണ് സി.പി.എം. ഗുജറാത്തിലും ഹരിയാണയിലും ബി.ജെ.പി.യുമായി നേര്‍ക്കുനേര്‍ പോരാട്ടമാണെങ്കിലും പഞ്ചാബില്‍ എന്‍.ഡി.എ.സഖ്യത്തിലെ അകാലിദളാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി.
content highlights: Regional parties will be the play maker in 2019 loksabha election