ദിവരാല എന്നുപറഞ്ഞാൽ മലയാളികൾ അറിയണമെന്നില്ല. രൂപ് കൻവറെന്നും സതിയെന്നും പറഞ്ഞാൽ അറിയും. അനാചാരങ്ങളെക്കുറിച്ചുള്ള കേരളീയരുടെ ചർച്ചകളിൽ വീണ്ടുംവീണ്ടും രാജസ്ഥാനിലെ ആ പെൺകുട്ടിയുടെ ചിതയിലെ പിടച്ചിൽ ഉയർന്നുവരും. 30 വർഷംമുമ്പ് ആ ഘോരകൃത്യം നടന്ന ഗ്രാമമാണ് ദിവരാല.

ജയ്‌പുരിൽനിന്ന് ബിക്കാനീറിലേക്കുള്ള ദേശീയപാതയിൽനിന്ന് തിരിഞ്ഞ് പിന്നെയും 40 കിലോമീറ്ററോളം സഞ്ചരിക്കണം ദിവരാലയിലെത്താൻ. സീക്കർ ജില്ലയിൽ ശ്രീമധേപുർ മണ്ഡലത്തിൽപ്പെടുന്ന ഗ്രാമമാണിത്. അന്നുമിന്നും ഇതൊരു കുഗ്രാമമല്ല. നല്ല വഴികൾ, ഇടത്തരം വീടുകൾ, വൃത്തിയുള്ള പരിസരം; അനാചാരം ദരിദ്രന്റെ അജ്ഞതയല്ലെന്ന് ഇതെല്ലാം ഓർമിപ്പിക്കുന്നു. 80 വയസ്സുള്ള വൃദ്ധയോട് സതീമാതാക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചു. ‘‘രാം...രാം’’ എന്ന് ഭക്തിപുരസരം അവർ ശബ്ദം താഴ്ത്തി പിറുപിറുത്തു: ‘‘അവിടെ ക്ഷേത്രമില്ല. പോലീസ് വിലക്കിയിരിക്കുകയാണ്. ഒരു തറയുണ്ട്. ത്രിശൂലവും.’’

 വീടുകളിൽ നിന്നുമാറി ഒഴിഞ്ഞസ്ഥലത്ത് ഉയർത്തിക്കെട്ടിയ തറയിൽ ചെമ്പട്ടിൽ പൊതിഞ്ഞ ത്രിശൂലം അകലെ നിന്നേ കാണാമായിരുന്നു. സമീപം നാലുവീതം ഇഷ്ടികകളുടെ മാത്രം ചുവരുയരത്തിൽ ഒരു തടിക്കഷണത്തിന്റെ മേൽക്കൂരയ്ക്കുതാഴെ രൂപ് കൻവറിന്റെയും ഭർത്താവ് മാൽസിങ് ശെഖാവത്തിന്റെയും മങ്ങിത്തുടങ്ങിയ വിവാഹഫോട്ടോ വെച്ചിട്ടുണ്ട്. അണഞ്ഞുപോയ ഒരു ചന്ദനത്തിരിയുണ്ട്. തടിക്കഷണത്തിനു മുകളിലെ പൂക്കൾ പ്ലാസ്റ്റിക്കാണ്. എപ്പോഴും ആർക്കുവേണമെങ്കിലും ഒന്നു തിരി കത്തിച്ചു തൊഴാനുള്ള സൗകര്യമൊക്കെയുണ്ട്. ഇവിടെ ആരാധനയും പൂജയുമൊക്കെ സർക്കാർ വിലക്കിയിട്ടുള്ളതാണ്. ഇപ്പോഴും നാലു പേരിൽ കൂടുതൽ ഇവിടെ കൂട്ടം കൂടാൻ പാടില്ല.
‘‘എന്നാലും പുറത്തുനിന്ന് ആളുകൾ വരാറുണ്ട്. അവർ തിരി കത്തിച്ച് തൊഴും. ഞങ്ങൾ അങ്ങോട്ടുപോകാറില്ല.’’ -സമീപത്തെ വീട്ടിൽ താമസിക്കുന്ന രമേശ്കുമാർ ഭാർഗവ് പറഞ്ഞു.

1987 സെപ്റ്റംബർ നാലിന് രൂപ് കൻവർ ജീവനോടെ ചിതയിലെരിയുമ്പോൾ വിദ്യാർഥിയായ താൻ സ്കൂളിലായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. പട്ടണത്തിൽ പഠിച്ച പെൺകുട്ടിയായിരുന്നു 18-കാരിയായ രൂപ് കൻവർ. ഭർത്താവ് മാൽസിങ് സയൻസ് ബിരുദധാരി. ഭർത്തൃപിതാവ് സ്കൂൾ അധ്യാപകൻ. ഇടത്തരം രജപുത്ര കുടുംബം. പെട്ടെന്ന് രോഗം ബാധിച്ച് മാൽസിങ് മരിക്കുമ്പോൾ വിവാഹം കഴിഞ്ഞ് എട്ടു മാസമേ ആയിരുന്നുള്ളൂ. അയാളുടെ ചിത എരിയുമ്പോൾ അതിലേക്ക് രൂപ് കൻവറും സതിയായി ഹോമിക്കപ്പെട്ടു. ഇങ്ങനെയൊരു കൃത്യം നടക്കാൻ പോകുന്നുവെന്ന് നേരത്തേ അറിഞ്ഞിട്ടും ആർക്കും തടയാൻ കഴിഞ്ഞില്ല. പിന്നീട് പ്രതിയായെങ്കിലും തെളിവില്ലാതെ കുറ്റവിമുക്തനായ ഭർത്തൃപിതാവ് ഇപ്പോഴും ഗ്രാമത്തിലുണ്ട്.

‘‘അവരുടെ കുടുംബത്തിൽ ഇത് തലമുറയായി പതിവുള്ളതാണ്. അത്തരം രണ്ടു മൂർത്തികളെക്കൂടി അതിനപ്പുറം പ്രതിഷ്ഠിച്ചിട്ടുണ്ട്.’’ -രമേശ്കുമാർ ഭാർഗവ് പറഞ്ഞു. രൂപ്കൻവറുടെ കൊലപാതകം പുറംലോകമറിഞ്ഞപ്പോഴേക്കും ഈ സ്ഥലം ആരാധനാകേന്ദ്രമായി മാറിയിരുന്നു. അവർ സതീദേവിയായി ആരാധിക്കപ്പെട്ടു. മരണത്തിന്റെ 13-ാം ദിവസം ചുനരീ മഹോത്സവം ആഘോഷമായി കൊണ്ടാടി. സാമൂഹികപ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് സർക്കാർ കേസെടുക്കുകയും ആഘോഷങ്ങൾ നിരോധിക്കുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയനേതൃത്വം രജപുത്രവികാരം ആളിക്കത്തിക്കാൻ ഇതുപയോഗിച്ചു. പ്രമുഖ നേതാവായ കല്യാൺസിങ് കാൽവി ചോദിച്ചു. ‘‘ഒരു വിശ്വാസിയായ വനിതയെ അല്ലാതെ, ഭർത്താവിനെ ചതിക്കുന്നവളെയാണോ ഞങ്ങൾ ആരാധിക്കേണ്ടത്?’’ (കാൽവി പിന്നീട് കേന്ദ്രത്തിൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ അംഗമായി.) സതീമാതാവിന് പിന്തുണയുമായി പതിനായിരങ്ങൾ ജയ്‌പുർ നഗരത്തിൽ പ്രകടനം നടത്തി. എന്നാൽ, ലോകത്തിന്റെയും കാലത്തിന്റെയും കാഹളം കേൾക്കാൻ അന്നത്തെ കോൺഗ്രസ് മന്ത്രിസഭ നിർബന്ധിതമായി.

 ചുരുവിലെ സ്ഥാനാർഥി

ഇപ്പോഴോ? ആരും സതി അനുഷ്ഠിക്കുന്നില്ല. ഈ ഗ്രാമത്തിൽ അഞ്ച് വനിതകൾ പിന്നീട് സർപഞ്ചുമാരായി. സ്കൂൾവിട്ട് വീടുകളിലേക്കു വരുന്ന ചുറുചുറുക്കുള്ള പെൺകുട്ടികളെ കാണാം. പക്ഷേ, അന്ന് സതിയെ മഹത്ത്വവത്കരിച്ചതിന് അറസ്റ്റിലായ രാജേന്ദ്ര റാത്തോഡ് ഇപ്പോൾ ബി.ജെ.പി. സ്ഥാനാർഥിയാണ്, ചുരു മണ്ഡലത്തിൽ. അദ്ദേഹം പലവട്ടം എം.എൽ.എ.യും മന്ത്രിയും ആകുന്നതിന് ഒന്നും തടസ്സമായില്ല. 2004-ൽ കുറ്റവിമുക്തനുമായി. കല്യാൺസിങ് കാൽവിയുടെ പുത്രൻ ലോകേന്ദ്രസിങ് കാൽവിയാണ് രജപുത് കാർണിസേനയുടെ രക്ഷാധികാരി. കൂട്ടത്തോടെ സതി അനുഷ്ഠിച്ച റാണി പദ്മാവതിയെ അവഹേളിച്ചെന്ന് ആരോപിച്ച് പദ്മാവത് സിനിമയുടെ പ്രദർശനം തടയാൻ നേതൃത്വംനൽകിയത് ഇദ്ദേഹമാണ്.

തീർന്നില്ല, പാലി ജില്ലയിലെ സോജാത് മണ്ഡലത്തിലെ ഇപ്പോഴത്തെ ബി.ജെ.പി. സ്ഥാനാർഥി ശോഭാ ചൗഹാൻ ഒരു യോഗത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘ബാലവിവാഹത്തിനെതിരേ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ഞാൻ ഉറപ്പാക്കും.’’ ഇത്തരം വിവാഹം വ്യാപകമായ ദേവാസി സമുദായത്തെ െെകയിലെടുക്കുകയായിരുന്നു ഉദ്ദേശ്യം. ബാലവിവാഹത്തെ എതിർത്തതിന് മേൽജാതിക്കാരാൽ 1992-ൽ ബലാത്കാരം ചെയ്യപ്പെട്ട സർക്കാരിന്റെ സാമൂഹികപ്രവർത്തക ഭൻവാരി ദേവി ഇപ്പോഴും സമൂഹത്തിൽ ഒറ്റപ്പെട്ട നിലയിൽ ജയ്‌പുർ ജില്ലയിലെ ഭട്ടേരി ഗ്രാമത്തിൽ ജീവിക്കുന്നുണ്ട്. ഗഹ്‌ലോത് മന്ത്രിസഭയിലെ മന്ത്രിയുടെയും എം.എൽ.എ.യുടെയും ഗൂഢാലോചനയുടെ ഭാഗമായി കൊല്ലപ്പെട്ട മറ്റൊരു ഭൻവാരിദേവിയുമുണ്ട്. മന്ത്രിയും എം.എൽ.എ.യും ജയിലിലാണ്. പക്ഷേ, മന്ത്രിയായിരുന്ന മഹിപാൽ മദേർണയുടെ മകൾ ദിവ്യയും എം.എൽ.എ. മൽഖാൻ വിഷ്ണോയിയുടെ മകൻ മഹേന്ദ്രയും ജോധ്പുർ ജില്ലയിൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളാണ്. 

രൂപ് കൻവറിന്റെ സതിയനുഷ്ഠാനത്തെ മഹത്ത്വവത്കരിച്ചത് നിരക്ഷരരായ ഗ്രാമീണരല്ലെന്നും വിദ്യാഭ്യാസവും വികസനവും ഒക്കെയുള്ള നാഗരികരുടെ അഭിമാനബോധമായിരുന്നുവെന്നും സാമൂഹ്യശാസ്ത്ര പഠിതാക്കൾ നിരീക്ഷിച്ചിട്ടുണ്ട്. പൊതുവേ രാഷ്ട്രീയക്കാർ ആ അഭിമാനത്തിനൊപ്പമാണ് നിൽക്കുന്നത്. 

തിരിച്ചിറങ്ങുമ്പോൾ ഉപേന്ദർ എന്ന രജപുത്ര യുവാവിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞു. ‘‘ഭായ്, നിയമംകൊണ്ട് എല്ലാമൊന്നും മാറ്റാൻ പറ്റില്ല. അവിടെ തിരി കത്തിക്കുന്നത് ഇവിടെയുള്ളവരൊക്കെത്തന്നെയാണ്.’’ എന്തായാലും ഇവിടത്തെ മുഖ്യതിരഞ്ഞെടുപ്പ് വിഷയം കുടിവെള്ളമാണ്. ഒന്നരാടൻ ദിവസം 15 മിനിറ്റ് മാത്രമാണ് പൈപ്പിൽ വെള്ളമുള്ളത്. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ശ്രീമധേപുരിൽ മുൻ സ്പീക്കർ കൂടിയായ ദീപേന്ദ്രസിങ്ങിന് സാധ്യതയേറുന്നുണ്ട്.